ഗസയിലെ ആരോഗ്യപ്രവര്‍ത്തകര്‍ക്ക് അഭിവാദ്യം; വ്യത്യസ്തമായി എത്തിക്കല്‍ മെഡിക്കല്‍ ഫോറത്തിന്റെ 'ട്രിബ്യൂട്ട് ടു വൈറ്റ് കോട്ട് ഹീറോസ്'
കോഴിക്കോട്: ഗസയില്‍ ഇസ്രായേല്‍ തുടര്‍ന്നുകൊണ്ടിരിക്കുന്ന വംശഹത്യയെയും ആരോഗ്യ സംവിധാനങ്ങള്‍ക്കെതിരായ ആക്രമണങ്ങളെയും അപലപിച്ചുകൊണ്ടും അവിടെയുള്ള ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് അഭിവാദ്യം അര്‍പ്പിച്ചുകൊണ്ടും എത്തിക്കല്‍ മെഡിക്കല്‍ ഫോറത്തിന്റെ ആഭിമുഖ്യത്തില്‍ 'ട്രിബ്യൂട്ട് ടു വൈറ്റ് കോട്ട് ഹീറോസ്' എന്ന പേരില്‍ പരിപാടി സംഘടിപ്പിച്ചു. കോഴിക്കോട് ബീച്ചില്‍ നടന്ന പരിപാടിയില്‍ മെഡിക്കല്‍, അലൈഡ് ഹെല്‍ത്ത് മേഖലയില്‍നിന്നുള്ള 200 ല്‍ അധികം ആരോഗ്യപ്രവര്‍ത്തകര്‍ പങ്കെടുത്തു. ഇഖ്‌റ ഹോസ്പിറ്റല്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഡോ.അന്‍വര്‍ പി സി ഉദ്ഘാടനം നിര്‍വഹിച്ചു.എത്തിക്കല്‍ മെഡിക്കല്‍ ഫോറം സംസ്ഥാന പ്രസിഡന്റ് ഡോ.മുഹമ്മദ് ഇസ്മായില്‍ അധ്യക്ഷത വഹിച്ചു. ഡോ.മുഹമ്മദ് നജീബ്, ഡോ.അബ്ദുല്‍ ലത്തീഫ് ,ഡോ.സജീല എന്നിവര്‍ സംസാരിച്ചു. പ്രശസ്ത ഗായിക ഡോ.സിദ്‌റത്തുല്‍ മുന്‍തഹ ഫലസ്തീന്‍ ഐക്യദാര്‍ഢ്യ ഗാനം ആലപിച്ചു. പരിപാടിയോടനുബന്ധിച്ച് എക്‌സിബിഷന്‍, വീഡിയോ പ്രദര്‍ശനം, ഐക്യദാര്‍ഢ്യ സിഗ്‌നേചര്‍ ക്യാമ്പയിന്‍ എന്നിവയും നടത്തി.