ദേശീയപാത ആറുവരിയാക്കല്‍: സേവന ശൃംഖല ആസൂത്രണത്തിന് സംയുക്തയോഗം നടത്തി
ശുദ്ധജലം, വൈദ്യുതി, ടെലിഫോണ്‍, ഇന്റര്‍നെറ്റ്, കേബിള്‍ ടിവി, സിസിടിവി, സംസ്ഥാന സര്‍ക്കാരിന്റെ കെ ഫോണ്‍ തുടങ്ങിയ സേവന ശൃംഖലകള്‍ക്കായി ദേശീയപാത വികസിപ്പിക്കുമ്പോള്‍ പ്രത്യേക 'ബാക്ക് ബോണ്‍ ഡക്ട്' പണിതാല്‍ എല്ലാ സേവന ശൃംഖലകളുടെയും ക്രമീകരണങ്ങളും നിര്‍മ്മാണവും എളുപ്പത്തില്‍ സാധിക്കും.
കോഴിക്കോട്: നഗരഹൃദയത്തിലൂടെ ആറുവരിപ്പാത വരുമ്പോള്‍ ആവശ്യമായ യൂട്ടിലിറ്റി നെറ്റ് വര്‍ക്കുകള്‍ (സേവന ശൃംഖല) ഭാവി വികസനം മുന്നില്‍കണ്ട് ഭൂവിവരവിനിമയ സാങ്കേതികവിദ്യ ജിഐഎസ് പ്രയോജനപ്പെടുത്തി ആസൂത്രണം ചെയ്യാന്‍ കോഴിക്കോട് സൈബര്‍ പാര്‍ക്കില്‍ സംയുക്ത യോഗം ചേര്‍ന്നു.
ശുദ്ധജലം, വൈദ്യുതി, ടെലിഫോണ്‍, ഇന്റര്‍നെറ്റ്, കേബിള്‍ ടിവി, സിസിടിവി, സംസ്ഥാന സര്‍ക്കാരിന്റെ കെ ഫോണ്‍ തുടങ്ങിയ സേവന ശൃംഖലകള്‍ക്കായി ദേശീയപാത വികസിപ്പിക്കുമ്പോള്‍ പ്രത്യേക 'ബാക്ക് ബോണ്‍ ഡക്ട്' പണിതാല്‍ എല്ലാ സേവന ശൃംഖലകളുടെയും ക്രമീകരണങ്ങളും നിര്‍മ്മാണവും എളുപ്പത്തില്‍ സാധിക്കും. നിര്‍മാണം പൂര്‍ത്തിയാക്കിയ ശേഷം ഇവ നിര്‍മിക്കുന്നത് ദുഷ്‌കരവും ചെലവേറിയതും ആണ്. അതിനാല്‍ ഇതിനായി നഗരസഭ യുഎല്‍സിസി സൈബര്‍ പാര്‍ക്കിന്റെ സഹായത്തോടെ വിളിച്ചുചേര്‍ത്ത യോഗത്തില്‍ വടകര നഗരസഭ ചെയര്‍പേഴ്‌സണ്‍ കെ പി ബിന്ദു, വൈസ് ചെയര്‍മാന്‍ പി കെ സതീശന്‍, എന്‍എച്ച് എഐ എന്‍ജിനീയര്‍ മുഹമ്മദ് ഷെഫീന്‍, കെഎസ്ഇബി എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ ദിബിന്‍ഘോഷ്, വാട്ടര്‍ അതോറിറ്റി എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ ടി രവീന്ദ്രന്‍, വിദഗ്ധ സാങ്കേതിക പൗരസമിതി കൂട്ടായ്മ കണ്‍വീനര്‍ മണലില്‍ മോഹനന്‍, പിഡബ്ല്യുഡി മുന്‍ ഡെപ്യൂട്ടി ചീഫ് എഞ്ചിനീയര്‍ കെ കെ വിജയന്‍, എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ വേണുഗോപാല്‍, നഗരസഭ അസിസ്റ്റന്റ് എന്‍ജിനീയര്‍ എസ് ജിതിന്‍ നാഥ്, അഡ്വക്കേറ്റ് കെ വി ശശിധരന്‍ തുടങ്ങിയവര്‍ സൈബര്‍ പാര്‍ക്കിലും മറ്റ് സാങ്കേതിക സമിതി അംഗങ്ങള്‍ ഓണ്‍ലൈനായും പങ്കെടുത്തു.
സൈബര്‍പാര്‍ക്ക് വൈസ് പ്രസിഡന്റ് യു ഹേമലത ആമുഖ അവതരണവും ടെക്‌നോളജി ഹെഡ് ജെയ്ക്ക് ജേക്കബ് വടകര മുനിസിപ്പാലിറ്റി ക്കായി വികസിപ്പിച്ച ഇന്റലിജന്റ് പ്രോപ്പര്‍ട്ടി മാനേജ്‌മെന്റ് സിസ്റ്റത്തിന്റെ അവതരണവും നടത്തി.
ശൗര്യചക്ര അവാര്‍ഡ് ജേതാവും വിങ് കമാന്‍ഡറുമായിരുന്ന രവീന്ദ്രന്‍ പുത്തലത്ത്, ദോഹ ജിഐസി മുന്‍ കണ്‍സള്‍ട്ടിങ് എഞ്ചിനീയര്‍ എം എ ചന്ദ്രശേഖരന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.