കോഴിക്കോട് 'ഷീ ലോഡ്ജ്' ഉദ്ഘാടനം ചെയ്തു

Update: 2020-11-05 18:03 GMT

കോഴിക്കോട്: നഗരത്തില്‍ വിവിധ ആവശ്യങ്ങള്‍ക്ക് എത്തുന്ന സ്ത്രീകള്‍ക്ക് സുരക്ഷിതമായ താമസ സൗകര്യമൊരുക്കാന്‍ നിര്‍മിച്ച ഷീ ലോഡ്ജ് തൊഴില്‍ വകുപ്പു മന്ത്രി ടി.പി.രാമകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. കോഴിക്കോട് മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി റെയില്‍വേ സ്‌റ്റേഷനു സമീപമാണ് 4.7 കോടി രൂപ ചെലവിലാണ് കെട്ടിടം നിര്‍മ്മിച്ചത്. 1800 ചതുരശ്ര മീറ്റര്‍ വിസ്തീര്‍ണ്ണമാണ് കെട്ടിടത്തിനുള്ളത്. കോര്‍പറേഷനില്‍ വാര്‍ഡ് 61 ല്‍ നിലവിലുള്ള കെട്ടിടം പൊളിച്ചാണ് ഷീ ലോഡ്ജ് നിര്‍മ്മിച്ചിരിക്കുന്നത്. 50 പേര്‍ക്ക് ഒന്നിച്ചിരുന്ന് ഭക്ഷണം കഴിക്കാവുന്ന ഡൈനിങ് ഹാളും അതിനോട് അനുബന്ധമായി വാഷ് ഏരിയ, അടുക്കള, ശുചിമുറി, 2 ഡോര്‍മെറ്ററി, മൂന്ന് മുറികള്‍ എന്നിവയുമുണ്ട്.

ചടങ്ങില്‍ മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍ അധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി അംഗം ടി.വി ലളിത പ്രഭ, എം.സി അനില്‍കുമാര്‍, കോര്‍പ്പറേഷന്‍ സെക്രട്ടറി ബിനു ഫ്രാന്‍സിസ്, സൂപ്രണ്ടിംഗ് എഞ്ചിനീയര്‍ കെ.ജി.സന്ദീപ് തുടങ്ങിയവര്‍ പങ്കെടുത്തു.

Tags:    

Similar News