പീഡനക്കേസില്‍ സ്വാധീനത്തിന് വഴങ്ങി കേസ് അട്ടിമറിക്കാന്‍ ശ്രമമെന്ന് ആക്ഷേപം
മലപ്പുറം ഒതുക്കങ്ങള്‍ സ്വദേശിയായ യുവതിയാണ് ആരോപണവുമായി മുന്നോട്ട് വന്നിട്ടുള്ളത്.
ഒതുക്കങ്ങള്‍ സ്വദേശിയായ യുവതിയാണ് ആരോപണവുമായി മുന്നോട്ട് വന്നിട്ടുള്ളത്. യുവതിയുടെ പീഡന പരാതിയില്‍ മലപ്പുറം വനിതാ പോലിസ് ക്രൈം 65/ 21 നമ്പറായി കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു.
കോട്ടക്കല്‍ കങ്കുവട്ടി സ്വദേശിയായ യുവാവുമായി 2020 ഏപ്രില്‍ 5ന് വിവാഹം നടന്നതിനു ശേഷം കോട്ടക്കലിലുള്ള ഭര്‍തൃവീട്ടില്‍വച്ചും ഒതുക്കങ്ങലിലുള്ള സ്വന്തം വീട്ടില്‍ വച്ചും ഭര്‍ത്താവ് തന്നെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയെന്ന ഭാര്യയുടെ പരാതിയിലാണ് ഐപിസി 377 വകുപ്പു പ്രകാരം പോലിസ് കേസ് രജിസ്റ്റര്‍ ചെയ്തത്.
കൂടാതെ പരാതിക്കാരിക്ക് സ്വന്തം വീട്ടുകാര്‍ നല്‍കിയ 44 പവന്‍ സ്വര്‍ണാഭരണങ്ങള്‍ ഭര്‍ത്താവും വീട്ടുകാരും സ്വന്തം ആവശ്യങ്ങള്‍ക്കായി എടുത്ത് ഉപയോഗിച്ച ശേഷം കൂടുതല്‍ സ്വര്‍ണത്തിനും പണത്തിനും വേണ്ടി ഭര്‍ത്താവും ഭര്‍ത്താവിന്റെ പിതാവും മാതാവും സഹോദരിയും ചേര്‍ന്ന് പരാതിക്കാരിയെ മാനസികമായും ശാരീരികമായും പീഡനം ഏല്‍പ്പിച്ചതിന് ഐപിസി 498 എ, 406, 323 വകുപ്പുകള്‍ പ്രകാരവും ഭര്‍ത്താവിനും വീട്ടുകാര്‍ക്കുമെതിരേ കേസ് നിലവിലുണ്ട്.
എന്നാല്‍, ഭരണകക്ഷിയുടെ പ്രാദേശിക നേതാവായ ഒന്നാം പ്രതിയുടെ രാഷ്ട്രീയ, പണ സ്വാധീനത്തിന് വഴങ്ങി പ്രതികളെ സഹായിക്കുന്ന നിലപാടാണ് പോലിസ് സ്വീകരിക്കുന്നതെന്ന് യുവതി ആരോപിച്ചു.
പ്രതികളെ മനപ്പൂര്‍വ്വം അറസ്റ്റ് ചെയ്യാതെ കേസ് അട്ടിമറിക്കാനുള്ള ശ്രമമാണ് നടന്നുകൊണ്ടിരിക്കുന്നത്. പ്രതികളോടൊപ്പം ചേര്‍ന്ന് ഇരകള്‍ക്ക് നീതി നിഷേധിക്കുന്ന പോലിസിന്റെ നിലപാട് കാരണം താനും കുടുംബവും മാനസികമായി തകര്‍ന്നിരിക്കുകയാണെന്നും യുവതി ചൂണ്ടിക്കാട്ടി.