താനൂര്‍: 16 ലക്ഷം രൂപയുടെ കുഴല്‍പണവുമായി തിരൂരങ്ങാടി സ്വദേശി താനൂരില്‍ പിടിയിലായി. കൊട്ടുവലക്കാട് കുറുതോടി ഹൗസില്‍ കാസി (67) മിനെയാണ് താനൂരില്‍ ജില്ലാ പോലിസ് മേധാവി സുജിത് ദാസിന്റെ നിര്‍ദേശപ്രകാരം താനൂര്‍ ഡിവൈഎസ്പി മൂസ വള്ളിക്കാടന്റെ നേതൃത്വത്തില്‍ പിടികൂടിയത്. ഫോണ്‍ നമ്പറുകള്‍ ഇടക്ക് മാറ്റിയും ഫോണ്‍ ഓഫ് ആക്കിയും വിദഗ്ധമായി നിരവധി തവണ പണം കോയമ്പത്തൂരില്‍നിന്നെത്തിച്ച് പല സ്ഥലങ്ങളിലും വിതരണം ചെയ്തുവന്നിരുന്നയാളാണ് കാസിമെന്ന് പോലിസ് പറഞ്ഞു.
കോയമ്പത്തൂര്‍- കണ്ണൂര്‍ എക്‌സ്പ്രസ്സില്‍ ഇയാള്‍ കോയമ്പത്തൂര്‍നിന്നും 16 ലക്ഷം രൂപ 500, 2000 രൂപ കെട്ടുകളായി ബെല്‍റ്റ് പോലെ അരയില്‍ കെട്ടിയും ദേഹത്ത് ഒളിപ്പിച്ചുമാണ് കടത്തിയത്. പ്രതി മുമ്പും ഇതേ പോലെ കുഴല്‍പണവുമായി പോലിസ് പിടിയിലായിട്ടുണ്ട്. താനൂര്‍ സിഐ കെ ജെ ജിനേഷ്, എസ്‌ഐമാരായ ശ്രീജിത്ത്, ഹരിദാസ് എന്നിവരും സിപിഒമാരായ സലേഷ്, വിപിന്‍, ജിനേഷ്, സുബൈര്‍, സാജന്‍ എന്നിവരും ഡാന്‍സഫ് സ്‌ക്വാഡും പരിശോധനാസംഘത്തിലുണ്ടായിരുന്നു.