സൗദിയില്‍ നിന്നെത്തിക്കുന്നതിനിടെ മാറിപ്പോയ യുവാവിന്റെ മൃതദേഹം തിരികെ നാട്ടിലെത്തിച്ചു
രാവിലെ നെടുമ്പാശേരി വിമാനത്താവളത്തില്‍ എത്തിച്ച മൃതദേഹം വൈകീട്ട് മൂന്നിന് സ്വദേശമായ കുമ്മണ്ണൂരില്‍ എത്തിച്ചു. തുടര്‍ന്ന് കുമ്മണ്ണൂര്‍ മുസ്ലീം ജമാഅത്തില്‍ പൊതുദര്‍ശനത്തിന് വച്ചശേഷം നാലുമണിയോടെ ഖബറടക്കി.
പത്തനംതിട്ട: സൗദി അറേബ്യയില്‍ നിന്നും കൊണ്ടുവരുന്നതിനിടെ പെട്ടിമാറി ശ്രീലങ്കയിലെത്തിയ പത്തനംതിട്ട സ്വദേശിയുടെ മൃതദേഹം തിരികെ നാട്ടിലെത്തിച്ചു. കോന്നി കുമ്മണ്ണൂര്‍ ഈട്ടിമൂട്ടില്‍ റഫീഖി (27)ന്റെ മൃതദേഹമാണ് നാട്ടിലെത്തിച്ചത്. കൊളംബോയില്‍ നിന്നും ഇന്നുരാവിലെ പത്തോടെ നെടുമ്പാശേരി വിമാനത്താവളത്തില്‍ എത്തിച്ച മൃതദേഹം വൈകീട്ട് മൂന്നിന് സ്വദേശമായ കോന്നി കുമ്മണ്ണൂരില്‍ എത്തിച്ചു. തുടര്‍ന്ന് കുമ്മണ്ണൂര്‍ മുസ്ലീം പള്ളിയില്‍ പൊതുദര്‍ശനത്തിന് വച്ചശേഷം നാലുമണിയോടെ ഖബറടക്കി.
കഴിഞ്ഞ ഫെബ്രുവരി 28നാണ് റഫീഖ് അബഹയിലെ താമസസ്ഥലത്ത് ഉറക്കത്തിനിടെ ഹൃദയാഘാതം മൂലം മരിച്ചത്. അബഹയിലെ മന്‍ഹലില്‍ ഹൗസ് ഡ്രൈവറായി ജോലി ചെയ്തുവരികയായിരുന്നു. അബഹ ഓള്‍ഡ് ജനറല്‍ ഹോസ്പിറ്റലില്‍ സൂക്ഷിച്ചിരുന്ന മൃതദേഹം നിയമ നടപടികള്‍ക്കും മരണാനുബന്ധ കര്‍മ്മങ്ങള്‍ക്കും ശേഷം സൗദി എയര്‍ലൈന്‍സില്‍ ബുധനാഴ്ച വൈകീട്ടാണ് നെടുമ്പാശേരി വിമാനത്താവളത്തില്‍ എത്തിച്ചത്. രാത്രിയോടെ നാട്ടിലെത്തിച്ച് വ്യാഴാഴ്ച രാവിലെ കുമ്മണ്ണൂര്‍ മുസ്ലീം പള്ളിയില്‍ പൊതുദര്‍ശനത്തിന് വച്ചപ്പോഴാണ് മൃതദേഹം മാറിയത് ശ്രദ്ധയില്‍പ്പെട്ടത്. ശ്രീലങ്കന്‍ സ്വദേശിയായ സ്ത്രീയുടെ മൃതദേഹമാണ് റഫീക്കിന്റെ മൃതദേഹത്തിനു പകരം നാട്ടിലെത്തിച്ചത്. റഫീഖിന്റെ മൃതദേഹം ശ്രീലങ്കയിലെ കൊളംബോയിലുമെത്തി. തുടര്‍ന്ന് പോലിസെത്തി സ്ത്രീയുടെ മൃതദേഹം കോട്ടയം മെഡിക്കല്‍ കോളജിലേക്ക് മാറ്റി. നോര്‍ക്ക് റൂട്ട്‌സ് ഇടപെട്ടതിനെ തുടര്‍ന്നാണ് ഇന്ന് റഫീഖിന്റെ മൃതദേഹം നാട്ടിലെത്തിച്ചത്.
അബ്ഹ വിമാനത്താവളത്തിലെ കാര്‍ഗോ വിഭാഗത്തില്‍ വച്ചാണ് മൃതദേഹം മാറിയത്. പെട്ടിയിലൊട്ടിച്ച സ്റ്റിക്കറും സീലും മാറിപ്പോവുകയായിരുന്നു. റഫീഖിന്റെ മൃതദേഹം 35ാം നമ്പര്‍ പെട്ടിയിലായിരുന്നു. എന്നാല്‍, 32ാം നമ്പര്‍ പെട്ടിയാണ് നെടുമ്പാശേരി എയര്‍പോര്‍ട്ട് വഴി നാട്ടിലെത്തിച്ചത്. കോട്ടയം മെഡിക്കല്‍ കോളജിലുള്ള സ്ത്രീയുടെ മൃതദേഹം നടപടികള്‍ പൂര്‍ത്തിയാക്കി കൊളംബോയിലേക്ക് കൈമാറിയിട്ടുണ്ട്. റഫീഖിന്റെ മാതാവ്: ഫാത്തിമ. ഭാര്യ: സുറുമിമോള്‍. റയ്ഹാന്‍(4)ഏകമകനാണ്.