ബന്ദിപ്പൂ മണക്കുന്ന മല്ലികയുടെ വാഴത്തോട്ടം

ദിനംപ്രതി മല്ലിക ഇവിടെ നിന്നും 40 കിലോയോളം പൂക്കളാണ് ശേഖരിച്ച് വിപണിയിലെത്തിക്കുന്നത്. പ്രത്യേകമായി യാതൊരു മുതല്‍ മുടക്കുമില്ലാതെ ഒരു കിലോയ്ക്ക് 40 രൂപ വീതം എന്ന നിരക്കിലാണ് പൂവിന്റെ വില്‍പന.

Update: 2019-02-07 10:54 GMT

പത്തനംതിട്ട: കൊടുമണ്ണിലെ ഐക്കാട്ടില്‍ വീശുന്ന കാറ്റിന് ബന്ദിപ്പൂവിന്റെ വാസനയുണ്ട്. അന്വേഷിച്ചെത്തിയാല്‍ അത് അവസാനിക്കുക മല്ലികയെന്ന വീട്ടമ്മയുടെ വാഴത്തോട്ടത്തിലാകും. കൊടുമണ്‍ കൃഷിഭവന്റെ സഹായത്തോടെ വാഴകൃഷിക്കിടയില്‍ ബന്ദിപ്പൂ വിരിയിച്ച് വിജയഗാഥ രചിക്കുകയാണ് ഈ വീട്ടമ്മ. പ്രളയത്തില്‍ കൃഷി പലതും നശിച്ചെങ്കിലും അതിലൊന്നും തളരാതെ വീണ്ടും കൃഷിയുമായി മുന്നോട്ട് പോകുകയായിരുന്നു മല്ലിക. പ്രളയത്തിന് ശേഷം കൃഷി പുനരാരംഭിച്ചപ്പോള്‍ 50 സെന്റിലെ വാഴത്തോട്ടത്തില്‍ കുടുംബശ്രീ ജില്ലാ മിഷനില്‍ ജോലി ചെയ്യുന്ന സുഹൃത്തായ ഗായത്രിയുടെ ഉപദേശത്തില്‍ ബന്ദിപ്പൂ കൃഷിയില്‍ ഒരു കൈ പരീക്ഷിക്കുകയായിരുന്നു മല്ലിക. അത് ഇത്രത്തോളം ലാഭമുണ്ടാക്കി തരുമെന്ന് സ്വപ്നത്തില്‍ പോലും കരുതിയില്ലായെന്ന് മല്ലിക പറയുമ്പോള്‍ വാക്കുകളില്‍ നിറയുന്നത് ഒരു കര്‍ഷകയുടെ അഭിമാനം.

വാഴകൃഷി കൂടാതെ എല്ലാവിധ പച്ചക്കറികളും കിഴങ്ങ് വര്‍ഗങ്ങളും കൃഷി ചെയ്യുന്നതോടൊപ്പം മികച്ച ക്ഷീരകര്‍ഷകയും കൂടിയാണ് മല്ലിക. മൂന്ന് മാസം മുന്‍പ് നട്ട തൈകളാണ് ഇപ്പോള്‍ വിളവെടുപ്പിന് തയ്യാറായിരിക്കുന്നത്. ദിനംപ്രതി മല്ലിക ഇവിടെ നിന്നും 40 കിലോയോളം പൂക്കളാണ് ശേഖരിച്ച് വിപണിയിലെത്തിക്കുന്നത്. പ്രത്യേകമായി യാതൊരു മുതല്‍ മുടക്കുമില്ലാതെ ഒരു കിലോയ്ക്ക് 40 രൂപ വീതം എന്ന നിരക്കിലാണ് പൂവിന്റെ വില്‍പന. ചാണകം മാത്രമാണ് വളമായി ചെടികള്‍ക്ക് പ്രയോഗിക്കുന്നതും. ദിവസവും വെള്ളം നനച്ച് കൊടുക്കാനും മല്ലിക മറക്കില്ല. ആദ്യഘട്ടത്തില്‍ ഒരു വാഴയ്ക്കിടയില്‍ നാല് ബന്ദി എന്ന കണക്കിലായിരുന്നു കൃഷി പരീക്ഷിച്ചത്. പരീക്ഷണം വിജയം കണ്ടതോടെ ബന്ദിപ്പൂ കൃഷി വ്യാപകമാക്കാന്‍ തീരുമാനിക്കുകയായിരുന്നു.

ഇപ്പോള്‍ ഓണവിപണി ലക്ഷ്യമിട്ട് നട്ട വാഴയ്ക്കിടയിലും ബന്ദിപ്പൂ വിരിയിച്ച് ഈ വീട്ടമ്മ വിപ്ലവം തീര്‍ക്കുന്നു. പ്രധാന കൃഷികള്‍ക്ക് കോട്ടം തട്ടാത്ത രീതിയിലാണ് ഇവയുടെ നടീല്‍ രീതി. വാഴയ്ക്ക് പുറമേ, പയര്‍, ചീര എന്നിവയും മല്ലികയുടെ കൃഷിത്തോട്ടത്തില്‍ ഇടം പിടിച്ചിട്ടുണ്ട്. കൃഷി ഓഫീസറായ ആദിലയുടെ സഹായം വളരെ വലുതാണെന്നും മല്ലിക പറയുന്നു. കൊടുമണ്‍ കൃഷിഭവന്റെ നേതൃത്വത്തില്‍ വാഴയിലെ പരിസ്ഥിതി എന്‍ജിനീയറിങ് എന്ന രീതിയില്‍ ആരംഭിച്ചതാണ് ബന്ദിപ്പൂ കൃഷി. പ്രധാന കീടങ്ങളേയും നിമ വിരകളേയും ഒഴിവാക്കുന്നതിനും പരിസ്ഥിതി എന്‍ജിനീയറിങ് രീതി സഹായകരമാണ്. കൊടുമണ്ണിലെ പൂക്കടയിലാണ് ഇവ വില്‍ക്കുന്നത്. കൃഷിയിലൂടെ ഉപജീവനമാര്‍ഗം കണ്ടെത്തുന്ന മല്ലികയ്ക്ക് അടൂര്‍ ബ്ലോക്കിന്റെ മികച്ച സംയോജിത കര്‍ഷകയ്ക്കുള്ള അവാര്‍ഡും ലഭിച്ചിട്ടുണ്ട്. ഗള്‍ഫില്‍ ജോലി ചെയ്യുന്ന മകനും, ടിടിസിക്ക് പഠിക്കുന്ന മകളും അടങ്ങുന്നതാണ് മല്ലികയുടെ കുടുംബം.


Tags:    

Similar News