ജലജ് സക്‌സേന മികവില്‍ കേരളത്തിന്് ആറ് വിക്കറ്റ് ജയം

Update: 2018-09-23 19:12 GMT

ന്യൂഡല്‍ഹി: വിജയ് ഹസാരെ ട്രോഫി എലൈറ്റ് ഗ്രൂപ്പ് ബിയില്‍ ജലജ് സഹായ് സക്‌സേനയുടെ ഒറ്റയാള്‍ പ്രകടനത്തിന്റെ ചുമലിലേറി ഛത്തീസ്ഗഡിനെതിരേ കേരളത്തിന് ആറു വിക്കറ്റ് ജയം. 10 ഓവറില്‍ 31 റണ്‍സ് മാത്രം വഴങ്ങി ഛത്തീസ്ഗഡിന്റെ നാലു വിക്കറ്റുകള്‍ പിഴുത സക്‌സേനയുടെയും മൂന്ന് വിക്കറ്റ് നേടിയ അക്ഷയ് ചന്ദ്രന്റെയും തകര്‍പ്പന്‍ ബൗളിങിന്റെ കരുത്തില്‍ ഛത്തീസ്ഗഢിനെ 138 റണ്‍സിന് പുറത്താക്കിയ കേരളം 30 പന്തുകള്‍ ശേഷിക്കെ അനായാസ ജയം നേടുകയായിരുന്നു. മറുപടി ബാറ്റിങില്‍ കേരളം 40 ഓവറില്‍ നാലിന് 133 എന്ന റണ്‍സില്‍ എത്തിയപ്പോള്‍ മഴ എത്തിയതിനാല്‍ ജയദേവന്‍ നിയമപ്രകാരം കേരളത്തെ വിജയിയായി പ്രഖ്യാപിക്കുകയായിരുന്നു.അക്ഷയ് ചന്ദ്രന്‍ 13 റണ്‍സ് മാത്രം വിട്ടുകൊടുത്താണ് മൂന്നു വിക്കറ്റ് നേടിയത്. അതില്‍ മൂന്നോവറും മെയ്ഡനായിരുന്നു. ഒഡീഷയെ കേരളം തോല്‍പിച്ച മല്‍സരത്തില്‍ ജലജ് സക്‌സേന 24 റണ്‍ വഴങ്ങി മൂന്നു വിക്കറ്റ് വീഴ്ത്തിയിരുന്നു. സഞ്ജു സാംസണ്‍ (1) ഒരിക്കല്‍ കൂടി നിരാശപ്പെടുത്തിയപ്പോള്‍ കേരളത്തിനു വേണ്ടി ജലജ് എസ് സക്‌സേന പുറത്താവാതെ 58 റണ്ണെടുത്തു. ആറു ഫോറുകള്‍ അടങ്ങിയതായിരുന്നു അദ്ദേഹത്തിന്റെ ഇന്നിങ്‌സ്. ദര്‍യില്‍ ഫെറാറിയോ(33), അരുണ്‍ കാര്‍ത്തിക്(14) സല്‍മാന്‍ നിസാര്‍(12) എന്നിവരും സക്‌സേനക്ക് പിന്തുണ നല്‍കി. നേരത്തെ രണ്ടു സിക്‌സറുകളടിച്ച് കേരളത്തെ ഞെട്ടിച്ച അമന്‍ദീപ് ഖരെയുടെ(36)യും ജിതിന്‍ സക്‌സേനയുടെയും(20) ബാറ്റിങ് മികവിലാണ് ഛത്തീസ്ഗഡ് നൂറു കടന്നത്. ഈ ജയത്തോടെ കേരളത്തിന് മൂന്ന് കളികളില്‍ നിന്ന് നാലു പോയിന്റായി. ഇന്ന് കേരളം മധ്യപ്രദേശിനെ നേരിടും.
Tags:    

Similar News