രാമക്ഷേത്ര നിര്‍മ്മാണ ഫണ്ടിലേക്ക് സംഭാവന: കോണ്‍ഗ്രസും, സിപിഎമ്മും മുസ്ലിം ന്യൂനപക്ഷത്തെ വഞ്ചിക്കുന്നു; എസ്ഡിപിഐ

Update: 2021-02-03 15:46 GMT
ആലപ്പുഴ: ബാബരി മസ്ജിദ് തകര്‍ത്ത സ്ഥലത്ത് രാമക്ഷേത്രം നിര്‍മ്മിക്കുന്നതിന് വേണ്ടി സംഘ്പരിവാര്‍ നടത്തുന്ന ഫണ്ട് സമാഹരണത്തിലേക്ക് പരസ്യമായി സംഭാവന ചെയ്തതിലൂടെ കോണ്‍ഗ്രസും, സിപിഎമ്മും മുസ്ലിം ന്യൂനപക്ഷത്തെ വഞ്ചിക്കുകയാണ് ചെയ്തതെന്ന് എസ്ഡിപിഐ ജില്ലാ പ്രസിഡന്റ് എംഎംതാഹിര്‍ പറഞ്ഞു.ആലപ്പുഴ ഡിസിസി വൈസ് പ്രസിഡന്റ് രാമക്ഷേത്ര നിര്‍മ്മാണ ഫണ്ട് ഉദ്ഘാടനം ചെയ്തതും, കുമാരപുരത്ത് സിപിഎം ബ്രാഞ്ച് സെക്രട്ടറി ആര്‍.എസ്.എസിന് സംഭാവന നല്‍കിയതും ഇരു പാര്‍ട്ടികളുടെയും മൃദു ഹിന്ദുത്വ നിലപാടുകളുടെ തുടര്‍ച്ചയാണ്. 1992 ല്‍ സംഘപരിവാര്‍ ബാബറി മസ്ജിദ് തകര്‍ക്കുമ്പോള്‍ അണിയറയില്‍ നിന്നും മുഴുവന്‍ ഒത്താശകളും ചെയ്തു നല്‍കിയ നരസിംഹ റാവുവില്‍ നിന്നും ഇന്നത്തെ കോണ്‍ഗ്രസ് നേതൃത്വം തരിമ്പും മാറിയിട്ടില്ല എന്നാണ് ഇപ്പോഴും കോണ്‍ഗ്രസ് നിലപാടുകള്‍ സൂചിപ്പിക്കുന്നത്. നരസിംഹ റാവു അടക്കമുള്ള കോണ്‍ഗ്രസ് നേതാക്കള്‍ സ്വീകരിച്ച മൃദു ഹിന്ദുത്വ നിലപാടുകളും സമീപനങ്ങളും ആണ് ഇന്ത്യയില്‍ സഘപരിവാറിനു വളരാന്‍ അവസരമൊരുക്കിയത്.


തര്‍ക്ക മന്ദിരം പൊളിച്ചു മാറ്റി പ്രശ്‌നം പരിഹരിക്കണം എന്ന് പറഞ്ഞ ഇഎംഎസിന്റെ അഭിപ്രായവും,സമീപകാലത്തായി സിപിഎം സംസ്ഥാന സെക്രട്ടറിയുടെ മുസ്ലിം വിരുദ്ധ പ്രസ്താവനകളുമെല്ലാം സിപിഐഎമ്മിന്റെ വംശീയതയെ വെളിവാക്കുന്നതാണ്. ഭൂരിപക്ഷ വോട്ടുകള്‍ ലക്ഷ്യം വെച്ച് കൊണ്ടുള്ള ഇടത്-വലത് മുന്നണികളുടെ വിവേകശൂന്യമായ ന്യൂനപക്ഷ വിരുദ്ധ നിലപാടുകളും ക്ഷേത്ര നിര്‍മ്മാണത്തെ പിന്തുണക്കലും രാജ്യത്തിന്റെ മതനിരപേക്ഷ മൂല്യങ്ങള്‍ക്ക് നേരെയുള്ള വെല്ലുവിളിയാണെന്നും അദ്ദേഹം പറഞ്ഞു.




Similar News