യുപിയില്‍ ആറു വയസുകാരിയെ ബലാത്സംഗം ചെയ്ത 11കാരനെ പോലിസ് കസ്റ്റഡിയിലെടുത്തു
ലഖ്‌നോ: യുപി ആഗ്രയിലെ ഒരു ഗ്രാമത്തില്‍ ആറു വയസുകാരിയെ ബലാത്സംഗം ചെയ്ത കേസില്‍ 11കാരനെ പോലിസ് കസ്റ്റഡിയിലെടുത്തു. ചികിത്സയിലുള്ള പെണ്‍കുട്ടിയുടെ നില ഗുരുതരമാണെന്ന് പോലിസ് പറഞ്ഞു. ശനിയാഴ്ച വൈകീട്ടാണ് സംഭവം.
പോലിസ് കസ്റ്റഡിയിലെടുത്ത 11കാരന്‍ നാലാംക്ലാസില്‍ പഠിക്കുകയാണ്. പെണ്‍കുട്ടിയും 11കാരനും വ്യത്യസ്ത ജാതിക്കാരായതിനാല്‍ സ്ഥലത്ത് സംഘര്‍ഷാവസ്ഥ ഒഴിവാക്കാന്‍ വലിയ തോതില്‍ പോലിസിനെ നിയോഗിച്ചിരിക്കുകയാണ്.
ചികിത്സയില്‍ തുടരുന്നതിനാല്‍ പോലിസിന് പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്താനായിട്ടില്ല. കുട്ടിയുടെ പിതാവിന്റെ പരാതിയിലാണ് പോലിസ് കേസെടുത്ത് എഫ്‌ഐആര്‍ ഇട്ടത്. പെണ്‍കുട്ടി ശനിയാഴ്ച വൈകീട്ട് 5.30ഓടെ ട്യൂഷന്‍ ക്ലാസിലേക്ക് പോകുന്നവഴി 11കാരന്‍ കൂടെ പോവുകയും ആളൊഴിഞ്ഞ സ്ഥലത്തെത്തിച്ച് ബലാത്സംഗം ചെയ്യുകയുമായിരുന്നെന്ന് പരാതിയില്‍ പറയുന്നു.
7.30ഓടെയാണ് പെണ്‍കുട്ടി രക്തമൊലിക്കുന്ന നിലയില്‍ വീട്ടില്‍ തിരിച്ചെത്തിയത്. തുടര്‍ന്ന് വീട്ടുകാരെ കാര്യങ്ങള്‍ അറിയിച്ചു. ക്രൂരത കാട്ടിയ ആണ്‍കുട്ടിയെ കുട്ടിക്ക് അറിയാമായിരുന്നു. പെണ്‍കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതിന് പിന്നാലെ ബന്ധുക്കള്‍ പോലിസുമായി ആണ്‍കുട്ടിയുടെ വീട്ടിലെത്തുകയായിരുന്നു.
പെണ്‍കുട്ടിയുടെ നില സാരമായി തുടരുകയാണെന്ന് ഡിസിപി സുകന്യ ശര്‍മ പറഞ്ഞു. ആശുപത്രിയിലെ പരിശോധനയില്‍ ബലാത്സംഗം നടന്നത് വ്യക്തമായിട്ടുണ്ട്. പ്രതിയായ 11കാരനെ ജുവനൈല്‍ കോടതിയില്‍ ഹാജരാക്കും. ഇതിന് ശേഷം ജുവനൈല്‍ ഹോമിലേക്ക് മാറ്റുമെന്നും ഡിസിപി പറഞ്ഞു.