കൊറോണ: വയനാട്ടില്‍ 424 പേര്‍ കൂടി നിരീക്ഷണകാലം പൂര്‍ത്തിയാക്കി; ആശുപത്രിയില്‍ ഇനി ആറുപേര്‍ മാത്രം
ഇതോടെ ജില്ലയില്‍ നിരീക്ഷണത്തില്‍ കഴിയുന്നവരുടെ എണ്ണം 9097 ആയി. ഇതില്‍ കൊറോണ സ്ഥിരീകരിച്ച ഒരാള്‍ ഉള്‍പ്പെടെ ആറു പേരാണ് ആശുപത്രിയില്‍ നിരീക്ഷണത്തില്‍ കഴിയുന്നത്.
കല്‍പറ്റ: കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ജില്ലയില്‍ 424 പേര്‍ നിരീക്ഷണകാലം പൂര്‍ത്തിയാക്കി. ഇതോടെ ജില്ലയില്‍ നിരീക്ഷണത്തില്‍ കഴിയുന്നവരുടെ എണ്ണം 9097 ആയി. ഇതില്‍ കൊറോണ സ്ഥിരീകരിച്ച ഒരാള്‍ ഉള്‍പ്പെടെ ആറു പേരാണ് ആശുപത്രിയില്‍ നിരീക്ഷണത്തില്‍ കഴിയുന്നത്. ജില്ലയില്‍ നിന്നും ഇതുവരെ പരിശോധനയ്ക്ക് അയച്ച സാംപിളുകളുടെ ഫലം മുഴുവന്‍ ലഭിച്ചിട്ടുണ്ട്. ജില്ലയിലെ 14 ചെക്ക് പോസ്റ്റുകളില്‍ 1314 വാഹനങ്ങളിലായി2053 ആളുകളെ പരിശോധിച്ചതില്‍ ആര്‍ക്കും തന്നെ രോഗലക്ഷണങ്ങള്‍ കണ്ടെത്തിയിട്ടില്ല. 57 വിദേശികളാണ് നിലവില്‍ നിരീക്ഷണത്തിലുള്ളത്. ലോക്ക് ഡൗണ്‍ നീട്ടിയ സാഹചര്യത്തില്‍ പൊതു ഇടങ്ങളില്‍ ജനങ്ങള്‍ ഇറങ്ങുന്നത് ശ്രദ്ധയില്‍പ്പെടുകയാണെങ്കില്‍ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ജില്ലാ കലക്ടര്‍ അദീല അബ്ദുല്ല അറിയിച്ചു. 26 പഞ്ചായത്തുകളിലായി 28 കമ്മ്യൂണിറ്റി കിച്ചന്‍ വഴി ഭക്ഷണം നല്‍കുന്നുണ്ട്. ഇതിനോടകം 1015 പേര്‍ക്ക് സൗജന്യമായും 805 പേര്‍ക്കും സഹായ വിലയിലും ഭക്ഷണം നല്‍കി.
അതിര്‍ത്തിയിലെ നിയന്ത്രണം പൊതുസമൂഹത്തിന്റെആരോഗ്യ സുസ്ഥിരത പരിഗണിച്ചാണ് കോറോണ രോഗ പ്രതിരോധ നടപടികളുടെ ഭാഗമായി അതിര്‍ത്തി ചെക്പോസ്റ്റുകളില്‍ കര്‍ശന നിയന്ത്രണം തുടരുന്നതെന്ന് കലക്ടര്‍ പറഞ്ഞു. മൃതദേഹവുമായി വരുന്നവര്‍ക്കും മരിച്ച വ്യക്തികളുടെ അടുത്ത ബന്ധുക്കള്‍ക്കും മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് കൊറോണ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റുമായി എത്തുന്നവര്‍ക്കുമാണ് നിയന്ത്രണത്തില്‍ ഇളവുള്ളത്. കൊറോണ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റുമായി എത്തുന്നവര്‍ യാത്ര തുടരുന്നതിന് മുമ്പ് തന്നെ ജില്ലാ കണ്‍ട്രോള്‍ റൂമില്‍ ബന്ധപ്പെടണം. 14 ദിവസം ക്വാറന്റൈന്‍ കഴിഞ്ഞാണ് ഇവര്‍ സ്വദേശത്തേക്ക് മടങ്ങുന്നതെങ്കിലും അതിജാഗ്രതാ വിഭാഗത്തില്‍പ്പെടുന്ന ഇവര്‍ 14 ദിവസത്തെ നിരീക്ഷണ കാലാവധി കൂടി പൂര്‍ത്തിയാക്കേണ്ടതുണ്ട്. ഇവര്‍ എത്തുന്ന വിവരം നേരത്തെ തന്നെ അറിയിക്കുകയാണെങ്കില്‍ ഭക്ഷണം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ഒരുക്കുവാന്‍ ജില്ലാ ഭരണകൂടത്തിന് സാധിക്കും.
അതിര്‍ത്തി ചെക്പോസ്റ്റ് കടന്നാല്‍ വിവിധ ആവശ്യങ്ങള്‍ക്ക് വേണ്ടി എവിടെയെങ്കിലും വാഹനം നിര്‍ത്തുന്നത് ഒഴിവാക്കാന്‍ ഇതിലൂടെ സാധിക്കും. മരണ ശയ്യയില്‍ കിടക്കുന്നവരെ സന്ദര്‍ശിക്കാന്‍ എത്തുന്നവര്‍ അതാത് ജില്ലാ കളക്ടര്‍മാരില്‍ നിന്ന് അനുമതി പത്രം വാങ്ങണം.