എ സഈദിന് പതിനായിരങ്ങളുടെ യാത്രാമൊഴി

വിവിധ ഘട്ടങ്ങളിലായി നടന്ന മയ്യത്ത് നമസ്‌കാരങ്ങള്‍ക്ക് ശേഷം എടവണ്ണ കല്ലുവെട്ടി ചെറിയ ജുമാമസ്ജിദ് ഖബര്‍സ്ഥാനിലാണ് അദ്ദേഹത്തിന് അന്ത്യവിശ്രമമൊരുക്കിയത്.

Update: 2019-04-03 09:38 GMT

മലപ്പുറം (എടവണ്ണ): അന്തരിച്ച എസ്ഡിപിഐ മുന്‍ ദേശീയ പ്രസിഡന്റ് എ സഈദിന്റെ മൃതദേഹം പതിനായിരങ്ങള്‍ കണ്ണീരില്‍ കുതിര്‍ന്ന യാത്രാമൊഴി നല്‍കി. പ്രമുഖ പണ്ഡിതനും എഴുത്തുകാരനും ചിന്തകനും വാഗ്മിയുമായ എ സഈദിന്റെ മരണവിവരമറിഞ്ഞ് സംസ്ഥാനത്തെ മുഴുവന്‍ ജില്ലകളില്‍നിന്ന് പ്രിയനേതാവിനെ ഒരുനോക്ക് കാണാനായി പതിനായിരങ്ങള്‍ എടവണ്ണയിലേക്ക് ഒഴുകുകയായിരുന്നു. തമിഴ്‌നാട്, കര്‍ണാടക തുടങ്ങിയ ഇതരസംസ്ഥാനങ്ങളില്‍നിന്നും നിരവധിപേര്‍ എടവണ്ണയിലെത്തി. മയ്യത്ത് വീട്ടിലെത്തിച്ചതു മുതല്‍ സംഘമായെത്തി മയ്യത്ത് നമസ്‌കാരങ്ങളും പ്രാര്‍ഥനകളും തുടര്‍ന്നു. ഇന്ന് (ബുധന്‍) രാവിലെ ഏഴിന് കുണ്ടുതോട് റോസ് പ്ലാസ ഓഡിറ്റോറിയത്തില്‍ പൊതുദര്‍ശനത്തിന് വച്ച മയ്യിത്ത് കാണുന്നതിന് വന്‍ജനാവലിയാണ് എത്തിക്കൊണ്ടിരുന്നത്.

എസ്ഡിപിഐ, പോപുലര്‍ ഫ്രണ്ട്, ഓള്‍ ഇന്ത്യാ ഇമാംസ് കൗണ്‍സില്‍, ജമാഅത്തെ ഇസ്‌ലാമി, വെല്‍ഫെയര്‍ പാര്‍ട്ടി, മെക്ക, കേരളാ നദ്‌വത്തുല്‍ മുജാഹിദ്ദീന്‍, കോണ്‍ഗ്രസ്, സിപിഎം, എസ്ഡിടിയു, വിമന്‍ ഇന്ത്യാ മൂവ്‌മെന്റ്, ഐഎന്‍എല്‍, എന്‍സിഎച്ച്ആര്‍ഒ തുടങ്ങി വിവിധ രാഷ്ട്രീയ, സാമുദായിക, സാംസ്‌കാരിക, മനുഷ്യാവകാശ സംഘടനാ നേതാക്കള്‍ അന്തിമോപചാരമര്‍പ്പിക്കാനെത്തിയിരുന്നു. ഓഡിറ്റോറിയത്തില്‍ 11 തവണ മയ്യത്ത് നമസ്‌കാരം നടന്നു. തുടര്‍ന്ന് 10 മണിയോടെ എടവണ്ണ വലിയ ജുമാ മസ്ജിദിലെത്തിച്ചു. മൂന്നുതവണ എടവണ്ണ ജുംആ മസ്ജിദിലും വന്‍ജനാവലി പങ്കെടുത്ത മയ്യത്ത് നമസ്‌കാരം നടത്തി. ശേഷം എടവണ്ണ കല്ലുവെട്ടി ചെറിയ ജുമാ മസ്ജിദ് ഖബര്‍സ്ഥാനിലാണ് അദ്ദേഹത്തിന് അന്ത്യവിശ്രമമൊരുക്കിയത്. അദ്ദേഹം ജീവിതത്തില്‍ പുലര്‍ത്തിയ കൃത്യത മരണത്തിലും അനുഗമിച്ചു. മയ്യിത്ത് ഓഡിറ്റോറിയത്തിലെത്തിച്ചതിലും നമസ്‌കാരത്തിലും ഖബറടക്കത്തിലും സമയം കൃത്യമായി പാലിച്ചതും ശ്രദ്ധേയമായി.

ഇന്നലെ (ചൊവ്വ) വൈകീട്ട് അഞ്ചുമണിയോടെ കോഴിക്കോട് സ്വകാര്യാശുപത്രിയിലായിരുന്നു അന്ത്യം. തുടര്‍ന്ന് പോപുലര്‍ ഫ്രണ്ട്, എസ്ഡിപിഐ ദേശീയ, സംസ്ഥാന നേതാക്കളുടെ നേതൃത്വത്തില്‍ ഭൗതികശരീരം രാത്രിയോടെ എടവണ്ണയ്ക്ക് സമീപം കുണ്ടുതോടിലെ വീട്ടിലെത്തിച്ചു. എംപിമാരായ ഇ ടി മുഹമ്മദ് ബഷീര്‍, പി വി അബ്ദുല്‍ വഹാബ്, പി കെ ബഷീര്‍ എംഎല്‍എ, പോപുലര്‍ ഫ്രണ്ട് ചെയര്‍മാന്‍ ഇ അബൂബക്കര്‍, സംസ്ഥാന പ്രസിഡന്റ് നസറുദ്ദീന്‍ എളമരം, ജനറല്‍ സെക്രട്ടറി സി പി മുഹമ്മദ് ബഷീര്‍, കര്‍ണാടക സംസ്ഥാന ജനറല്‍ സെക്രട്ടറി യാസിര്‍ ഹസന്‍, സി അബ്ദുല്‍ ഹമീദ്, ദേശീയ നേതാക്കളായ പ്രഫ. പി കോയ, മുഹമ്മദലി ജിന്ന, ഇ എം അബ്ദുറഹ് മാന്‍, കെ എം ശെരീഫ്, ആവാസ് ശെരീഫ്, അനീസ് അഹ്്മദ്, അബ്ദുല്‍ വാഹിദ് സേഠ്, ദഹ്‌ലാന്‍ ബാഖവി, കരമന അശ്‌റഫ് മൗലവി, എസ്ഡിപിഐ ദേശീയ പ്രസിഡന്റ് എം കെ ഫൈസി, ജനറല്‍ സെക്രട്ടറി അബ്ദുല്‍ മജീദ് കൊടലിപെട്ട്, സംസ്ഥാന പ്രസിഡന്റ് അബ്ദുല്‍ മജീദ് ഫൈസി, ജനറല്‍ സെക്രട്ടറി റോയ് അറയ്ക്കല്‍, വൈസ് പ്രസിഡന്റ് എം കെ മനോജ്കുമാര്‍, മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ ഒ അബ്ദുല്ല, മാധ്യമം-മീഡിയാവണ്‍ ഗ്രൂപ്പ് എഡിറ്റര്‍ ഒ അബ്ദുറഹ്മാന്‍ വിവിധ സംഘടനാ നേതാക്കള്‍ അന്തിമോപചാരമര്‍പ്പിക്കാനെത്തി. ഖബറടക്കത്തിന് ശേഷം എടവണ്ണ ടൗണില്‍ അനുസ്മരണ സമ്മേളനം നടന്നു. പോപുലര്‍ ഫ്രണ്ട് സംസ്ഥാന വൈസ് പ്രസിഡന്റ് കെ എച്ച് നാസര്‍ അധ്യക്ഷത വഹിച്ചു.

Tags:    

Similar News