ഡല്‍ഹിയിലെ ഗാസിയാബാദില്‍ യുവതിയെ തട്ടിക്കൊണ്ടുപോയി കൂട്ടബലാല്‍സംഗത്തിനിരയാക്കി
ഗാസിയാബാദ്: ഡല്‍ഹിയിലെ ഗാസിയാബാദില്‍ 40കാരിയായ സ്ത്രീയെ അഞ്ച് പേര്‍ ചേര്‍ന്ന് തട്ടിക്കൊണ്ടുപോയി കൂട്ടബാലാല്‍സംഗം ചെയ്തു. രണ്ട് ദിവസം ഇവരെ തടഞ്ഞുവച്ചതായി പോലിസ് പറയുന്നു. പ്രതികളെ ഇവര്‍ തിരിച്ചറിഞ്ഞിട്ടുണ്ട്. അതില്‍ നാല് പേരെ അറസ്റ്റ് ചെയ്തു.
ഇവരുടെ ആരോഗ്യനില അതീവഗുരുതരമാണെന്നും ഒരു ഇരുമ്പ് വടി ഇപ്പോഴും ഇവരുടെ ശരീരത്തിനുള്ളിലുണ്ടെന്നും ഡല്‍ഹി വനിതാ കമ്മീഷന്‍ മേധാവി സ്വാതി മലിവാള്‍ ട്വീറ്റ് ചെയ്തു.
സാറ്റലൈറ്റ് ടൗണിനെ ഡല്‍ഹിയുമായി ബന്ധിപ്പിക്കുന്ന ആശ്രമം റോഡിന് സമീപം ഒരു സ്ത്രീകിടക്കുന്നതായി ഗാസിയാബാദ് പോലിസിന് ചൊവ്വാഴ്ചയാണ് വിവരം ലഭിക്കുന്നത്. പോലിസ് എത്തിയശേഷമാണ് ഇവരെ ജിടിബി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
ഗാസിയാബാദില്‍ പിറന്നാള്‍ പാര്‍ട്ടി കഴിഞ്ഞ് ഡല്‍ഹിയിലേക്ക് മടങ്ങുകയായിരുന്ന യുവതിയെ സഹോദരന്‍ ബസ് സ്റ്റാന്‍ഡില്‍ ഇറക്കിവിടുകയായിരുന്നുവെന്നാണ് പോലിസ് പറയുന്നത്. ബസ് കാത്ത് നില്‍ക്കുമ്പോള്‍ ഒരു കാര്‍ യുവതിയുടെ അടുത്തേക്ക് വരികയും അഞ്ച് പുരുഷന്മാര്‍ അവളെ അതിലേക്ക് വലിച്ചിഴയ്ക്കുകയുമായിരുന്നു. പിന്നീട് അജ്ഞാത സ്ഥലത്തെത്തിച്ച് ബലാത്സംഗം ചെയ്തു.
'ഇരയ്ക്കും പ്രതികള്‍ക്കുമിടയില്‍ സ്വത്ത് തര്‍ക്കമുണ്ടെന്നും വിഷയം സബ് ജുഡീഷ്യല്‍ ആണെന്നും പറയപ്പെടുന്നു. ഞങ്ങള്‍ ആവശ്യമായ എല്ലാ നടപടികളും സ്വീകരിച്ചു'- ഗാസിയാബാദ് പോലിസ് സൂപ്രണ്ട് നിപുന്‍ അഗര്‍വാള്‍ മാധ്യമങ്ങളോട് പറഞ്ഞു.
പ്രതികളുടെ വിശദാംശങ്ങള്‍ ആവശ്യപ്പെട്ട് ഡല്‍ഹി വനിതാ കമ്മീഷന്‍ ഗാസിയാബാദ് സീനിയര്‍ പോലിസ് സൂപ്രണ്ടിന് നോട്ടിസ് അയച്ചു. 'രക്തത്തില്‍ കുളിച്ച നിലയിലാണ് സ്ത്രീയെ കണ്ടെത്തിയത്, അവരുടെ ഉള്ളില്‍ ഒരു ഇരുമ്പ് ദണ്ഡ് ഉണ്ടായിരുന്നു. സ്ത്രീ ഗുരുതരാവസ്ഥയിലാണ്,' സ്വാതി മലിവാള്‍ അയച്ച നോട്ടിസില്‍ പറയുന്നു.