പീഡനത്തിനിരയായ 11കാരിയെ പ്രതി തട്ടിക്കൊണ്ടുപോയതായി പരാതി

Update: 2022-07-11 10:14 GMT

പാലക്കാട്: പീഡനത്തിനിരയായ 11 വയസുകാരിയെ പ്രതിയായ ചെറിയച്ഛനും അടുത്ത ബന്ധുക്കളും ചേര്‍ന്ന് തട്ടിക്കൊണ്ടു പോയതായി പരാതി.സംഭവത്തില്‍ തട്ടിക്കൊണ്ടുപോകല്‍ കുറ്റത്തിന് കേസെടുത്ത് പോലിസ് അന്വേഷണമാരംഭിച്ചു.പ്രതി ഉള്‍പ്പെടേ ആറുപേരെ പോലിസ് കസ്റ്റഡിയിലെടുത്തെങ്കിലും കുട്ടിയെ കണ്ടെത്താനായില്ല.

ഈ മാസം 16ന് കേസിന്റെ വിചാരണ ആരംഭിക്കാനിരിക്കേയാണ് പീഡനത്തിരയായ പെണ്‍കുട്ടിയെ പ്രതിയും അടുത്ത ബന്ധുക്കളും ചേര്‍ന്ന് തട്ടിക്കൊണ്ടുപോയത്.കേസിനെ തുടര്‍ന്ന് മാതാപിതാക്കളോടൊപ്പം താമസിക്കാന്‍ താല്‍പര്യമില്ലെന്ന് കോടതിയെ അറിയിച്ച പെണ്‍കുട്ടി മുത്തശിയുടെ വീട്ടില്‍ താമസിച്ചു വരികയായിരുന്നു. ഇതിനിടെ ഇന്നലെ പ്രതിയായ ചെറിയച്ഛനും,കുട്ടിയുടെ മാതാപിതാക്കളും, അടുത്ത ബന്ധുക്കളും ചേര്‍ന്ന് പെണ്‍കുട്ടിയെ ബലപ്രയോഗത്തിലൂടെ കൊണ്ടുപോയെന്ന് കുട്ടിയുടെ മുത്തശി പോലിസില്‍ പരാതി നല്‍കി.

അതേസമയം കേസില്‍ റിമാന്റിലായിരുന്ന ചെറിയച്ഛന്‍ നിലവില്‍ ജാമ്യത്തിലാണ്.കുട്ടി മാതാപിതാക്കളോടൊപ്പം ഉണ്ടെന്നും,കേസില്‍ സ്വാധീനിക്കാനാണ് കുട്ടിയെ കൊണ്ടു പോയിരിക്കുന്നതെന്നുമാണ് പോലിസ് നിഗമനം.




Tags:    

Similar News