എല്ലാ ഭരണഘടനാ സ്ഥാപനങ്ങളും പിടിച്ചെടുത്തു; ബിജെപിക്കെതിരേ രാഹുല്‍ ഗാന്ധി

Update: 2021-04-03 13:54 GMT

ന്യൂഡല്‍ഹി: രാജ്യത്തെ എല്ലാ ഭരണസംവിധാനങ്ങളും ഭരണഘടനാസ്ഥാപനങ്ങളും ബിജെപി മുച്ചൂടും നശിപ്പിച്ചുവെന്ന കടുത്ത ആരോപണവുമായി മുന്‍ കോണ്‍ഗ്രസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധി. അവര്‍ എല്ലാ തരത്തിലുള്ള ഭരണവ്യവസ്ഥയും ഇല്ലാതാക്കി. രാജ്യത്തെ നീതിപൂര്‍വമായ എല്ലാ രാഷ്ട്രീയപോരാട്ടങ്ങളെയും ബിജെപി തടസ്സപ്പെടുത്തുന്നുവെന്നും രാഹുല്‍ ആരോപിച്ചു.

രാജ്യത്തിന്റെ ഭരണസംവിധാനത്തെ പൂര്‍ണമായും ബിജെപി പിടിച്ചെടുത്തു. മല്‍സരം നീതിപൂര്‍വമായിരിക്കണമെങ്കില്‍ വ്യവസ്ഥാപിതമായ ഭരണസംവിധാനമുണ്ടാവണം. അതിനെ സംരക്ഷിക്കുന്ന നീതിന്യായ വ്യവസ്ഥ, താരതമ്യേന സ്വതന്ത്രമായ മാധ്യമങ്ങള്‍, സാമ്പത്തിക സമത്വം- ഇത്രയും സംവിധാനത്തിന്റെ ഭാഗമായാണ് രാഷ്ട്രീയപാര്‍ട്ടികള്‍ പ്രവര്‍ത്തിക്കുന്നത്. നമ്മെ സംരക്ഷിക്കുമെന്ന് കരുതുന്ന സംവിധാനങ്ങള്‍ നമ്മെ സംരക്ഷിക്കാത്ത സാഹചര്യമാണ് ഇപ്പോഴുള്ളത്. ഇതിനുള്ളിലാണ് രാഷ്ട്രീയ പാര്‍ട്ടികള്‍ രാഷ്ട്രീയപോരാട്ടങ്ങള്‍ സംവാദങ്ങളും സംഘടിപ്പിക്കുന്നതെന്ന് രാഹുല്‍ അഭിപ്രായപ്പെട്ടു. ഹാര്‍വാഡിലെ ജോണ്‍ എഫ് കെന്നഡി സ്‌കൂള്‍ ഓഫ് ഗവണന്‍സിലെ പ്രഫസര്‍ നികോളാസ് ബേണ്‍സുമായുള്ള ഒരു ഓണ്‍ലൈന്‍ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു രാഹുല്‍ ഗാന്ധി.

''ബിജെപി സ്ഥാനാര്‍ത്ഥി തന്റെ കാറില്‍ വോട്ടിങ് യന്ത്രവുമായി പോകുന്നു. പക്ഷേ, ദേശീയ മാധ്യമങ്ങളില്‍ ഇതേകുറിച്ച് ഒന്നുമില്ല''- തന്റെ വാദമുഖങ്ങള്‍ക്കുള്ള തെളിവായി രാഹുല്‍, അസമിലെ വോട്ടിങ് യന്ത്രം ബിജെപി നേതാവിന്റെ സ്ഥാനാര്‍ത്ഥിയുടെ കാറില്‍ നിന്ന് കണ്ടെത്തിയ സംഭവം എടുത്തുകാട്ടി.

1991ല്‍ പിതാവ് രാജീവ് ഗാന്ധിയുടെ മരണം തന്റെ വീക്ഷണങ്ങള്‍ മാറ്റിമറിച്ചുവെന്ന് അദ്ദേഹം പറഞ്ഞു. സാമൂഹിക സേവനത്തിന്റെ പശ്ചാത്തലത്തിലാണ് താന്‍ വളര്‍ന്നതെന്നും അന്യായങ്ങളെ പൊറുക്കരുതെന്ന മാനസികാവസ്ഥയിലാണ് വളര്‍ത്തപ്പെട്ടതെന്നും അദ്ദേഹം പറഞ്ഞു.

കൊവിഡിന്റെ സാഹചര്യത്തില്‍ നടക്കുന്ന രാഹുലിന്റെ ചര്‍ച്ചയാണ് ഇത്.

Tags:    

Similar News