സ്‌കേറ്റിങ് താരം അനസ് ഹജാസിന്റെ മൃതദേഹം നാട്ടിലെത്തിച്ചു; കബറടക്കം വൈകീട്ട്
സ്‌കേറ്റിങ് ബോര്‍ഡില്‍ കശ്മീരിലേക്കുള്ള യാത്രയ്ക്കിടെ ഹരിയാനയില്‍ വച്ച് ട്രക്കിടിച്ചാണ് അനസ് മരിച്ചത്
തിരുവനന്തപുരം: ഹരിയാനയില്‍ വച്ച് വാഹനാപകടത്തില്‍ മരിച്ച സ്‌കേറ്റിങ് താരം അനസ് ഹജാസിന്റെ ഭൗതികദേഹം ജന്മനാട്ടിലെത്തിച്ചു. ഉച്ചയ്ക്ക് രണ്ട് മണിയോടെ തിരുവനന്തപുരം വിമാനത്താവളത്തില്‍ എത്തിച്ച മൃതദേഹം തുടര്‍ന്ന് അനസിന്റെ ജന്മദേശമായ വെഞ്ഞാറമൂടിലേക്ക് കൊണ്ടുവന്നു. തുടര്‍ന്ന് പുല്ലമ്പാറ പഞ്ചായത്ത് മൈതാനത്ത് പൊതുദര്‍ശനത്തിന് വച്ചു. നൂറുകണക്കിന് ആളുകളാണ് അനസിന് ആദരാജ്ഞലി അര്‍പ്പിക്കാന്‍ ഇവിടേക്ക് എത്തിയത്. പൊതുദര്‍ശനത്തിന് ശേഷം മൃതദേഹം വീട്ടിലേക്ക് കൊണ്ടു പോകും. തുടര്‍ന്ന് ചുള്ളാളം ജുമാമസ്ജിദില്‍ ഖബറടക്കും.
സ്‌കേറ്റിങ് ബോര്‍ഡില്‍ കന്യാകുമാരിയില്‍ നിന്നും കശ്മീരിലേക്കുള്ള യാത്രയ്ക്കിടെ കഴിഞ്ഞ ചൊവ്വാഴ്ചയാണ് അനസ് ഹജാസ് മരണപ്പെട്ടത്. ഹരിയാനയിലെ കല്‍ക്കയില്‍ വച്ചാണ് അനസ് ഹാജസിനെ ട്രക്കിടിച്ച് തെറിപ്പിക്കുന്നത് മരണപ്പെടുന്നതും. കഴിഞ്ഞ മെയ് 23നാണ് സ്‌കേറ്റിങ് ബോര്‍ഡില്‍ അനസ് കശ്മീരിലേക്ക് യാത്ര തുടങ്ങിയത്. യാത്ര അവസാനിക്കാന്‍ പതിനഞ്ച് ദിവസം ബാക്കി നില്‍ക്കെയായിരുന്നു ദാരുണാന്ത്യം. സഞ്ചാര പ്രിയനായ അനസ് ഇതിനുമുമ്പും രാജ്യത്തുടനീളം യാത്രകള്‍ നടത്തിയിട്ടുണ്ട്. സമൂഹ്യ മാധ്യമങ്ങളില്‍ പങ്കുവെക്കുന്ന അനസിന്റെ യാത്രാ വിശേഷങ്ങള്‍ക്ക് ഏറെ ആരാധകരുണ്ടായിരുന്നു.