തിരുവനന്തപുരം: സംസ്ഥാനത്തെ തിരഞ്ഞെടുക്കപ്പെട്ട 50 ഓളം പാലങ്ങള്‍ സൗന്ദര്യവല്‍ക്കരിക്കുന്ന പദ്ധതി 2023ല്‍ നടപ്പാക്കും. സംസ്ഥാനത്ത് ചരിത്ര പ്രാധാന്യമുള്ള ഒട്ടേറെ പാലങ്ങളുണ്ട്. അവയില്‍ തിരഞ്ഞെടുക്കപ്പെട്ട പാലങ്ങളുടെ അറ്റകുറ്റപ്പണികള്‍ പൂര്‍ത്തിയാക്കി ദൃഢത ഉറപ്പു വരുത്തുകയും പെയിന്റിങ്ങും ലൈറ്റിങ്ങും നല്‍കി ആകര്‍ഷകമാക്കുകയും ചെയ്യും. 40 വര്‍ഷത്തോളം പഴക്കമുള്ളതും ഏറെ ചരിത്ര പ്രാധാന്യമുള്ളതുമായ കല്ലായ് പാലവും പദ്ധതിയുടെ ഭാഗമായി സൗന്ദര്യവല്‍ക്കരിക്കും. തദ്ദേശസ്വയംഭരണ, പൊതു മേഖല, സഹകരണ സ്വകാര്യസ്ഥാപനങ്ങളുമായി ചേര്‍ന്നുകൊണ്ടാണ് പദ്ധതി നടപ്പാക്കുക.
സി എച്ച് ഫ്‌ളൈ ഓവര്‍, എകെജി ഫ്‌ളൈ ഓവര്‍, പന്നിയങ്കര ഫ്‌ളൈ ഓവര്‍, തലശ്ശേരി മൊയ്ദു പാലം തുടങ്ങി വടക്കു മുതല്‍ തെക്കുവരെയുള്ള പാലങ്ങള്‍ പദ്ധതിയുടെ ഭാഗമാക്കുമെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ് പറഞ്ഞു. തുറമുഖം മ്യൂസിയം പുരാവസ്തു വകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍കോവിലിനൊപ്പം കല്ലായ് പാലം സന്ദര്‍ശിക്കുകയായിരുന്നു മന്ത്രി. കല്ലായ് പാലത്തിലെ തകര്‍ന്ന കൈവരികള്‍ അടിയന്തരമായി നന്നാക്കാന്‍ ബന്ധപ്പെട്ടവര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും നടപടിക്രമങ്ങള്‍ ഉടന്‍തന്നെ തുടങ്ങുമെന്നും മന്ത്രി പറഞ്ഞു. ദേശീയപാതാ എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ കെ വിനയരാജ്, അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ അബ്ദുല്‍ ഗഫൂര്‍, അസിസ്റ്റന്റ് എന്‍ജിനീയര്‍ ആര്‍ റീന, ഓവര്‍സിയര്‍മാര്‍ തുടങ്ങിയവരുണ്ടായിരുന്നു.