ആവാസ് പദ്ധതിയില്‍ രജിസ്റ്റര്‍ ചെയ്തത് 5,16,320 പേര്‍; 88 ട്രാന്‍സ്‌ജെന്‍ഡറുകള്‍
തിരുവനന്തപുരം: സംസ്ഥാനത്തെ അന്തര്‍സംസ്ഥാന തൊഴിലാളികളുടെ വിവരശേഖരണവും രജിസ്‌ട്രേഷനും തിരിച്ചറില്‍ കാര്‍ഡും ആരോഗ്യപരിരക്ഷയും ലക്ഷ്യമിട്ട് ആരംഭിച്ച ആവാസ് ഇന്‍ഷുറന്‍സ് പദ്ധതിയില്‍ ഇതുവരെ 5,16,320 പേര്‍ രജിസ്റ്റര്‍ ചെയ്തു. ഇതില്‍ 88 ട്രാന്‍സ്‌ജെന്‍ഡറുകളുമുണ്ട്. 4,89,716 പുരുഷ തൊഴിലാളികളും 26,516 വനിതാ തൊഴിലാളികളും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. അപകട ഇന്‍ഷുറന്‍സായി 58 ലക്ഷം രൂപ നല്‍കി. തൊഴിലിടങ്ങളില്‍ അപകടങ്ങള്‍ സംഭവിച്ച 29 പേര്‍ക്ക് രണ്ടുലക്ഷം രൂപ വീതമാണ് നല്‍കിയത്.
326 അന്തര്‍സംസ്ഥാന തൊഴിലാളികള്‍ക്ക് ചികില്‍സാ സഹായമായി 20,02,338 രൂപ അനുവദിച്ചു. അംഗവൈകല്യം സംഭവിച്ച ഒരാള്‍ക്ക് 50,000 രൂപയും ആവാസ് പദ്ധതി വഴി നല്‍കി. ചികില്‍സാ പദ്ധതിയില്‍ പ്രസവ സംബന്ധമായ ചികില്‍സയും ഉള്‍പ്പെടുത്തിയിട്ടുണ്ട്. 2017 നവംബര്‍ ഒന്നിനാണ് പോര്‍ട്ടല്‍ ആരംഭിച്ചത്. 25 തൊഴില്‍ മേഖലകളിലുള്ളവരെയാണ് തരംതിരിച്ച് പോര്‍ട്ടലില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇതില്‍ വിവിധയിടങ്ങളില്‍ ഹെല്‍പര്‍മാരായി ജോലി നോക്കുന്നവരും കല്‍പ്പണിക്കാരും കാര്‍പെന്റര്‍മാരും പ്ലംബര്‍മാരും ഉള്‍പ്പെടും. രജിസ്റ്റര്‍ ചെയ്യുന്നതിന് ആധാര്‍ കാര്‍ഡ് നിര്‍ബന്ധമില്ല.
ഫോട്ടോ പതിച്ച ഏതെങ്കിലും തിരിച്ചറിയല്‍ കാര്‍ഡ് മതിയാവും. തൊഴിലാളികളുടെ ബയോമെട്രിക് വിവരങ്ങളും രേഖപ്പെടുത്തും. ഇന്‍ഷുറന്‍സിന് അര്‍ഹരായവരുടെ വിവരങ്ങള്‍ ജില്ലാ ലേബര്‍ ഓഫിസറാണ് തൊഴില്‍ വകുപ്പിനെ അറിയിക്കുന്നത്. കേരളത്തിലെത്തിയശേഷം അതാത് ജില്ലകളിലെ ഫെസിലിറ്റേഷന്‍ സെന്ററുകളിലെത്തിയാല്‍ അതിഥി തൊഴിലാളികള്‍ക്ക് ആവാസ് രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കി ചികില്‍സാ കാര്‍ഡുകള്‍ വാങ്ങാം. ഇതര സംസ്ഥാന തൊഴിലാളികളുടെ വിവരശേഖരണത്തിനായി അന്തര്‍സംസ്ഥാന പോര്‍ട്ടലും തൊഴില്‍ വകുപ്പ് ആരംഭിച്ചിട്ടുണ്ട്.