അഴിക്കോട് - മുനമ്പം പാലം നിർമ്മാണം വേഗത്തിലാക്കും: മന്ത്രി അഹമ്മദ് ദേവർക്കോവിൽ
തൃശൂർ: തൃശൂർ - എറണാകുളം ജില്ലകളെ ബന്ധിപ്പിക്കുന്ന അഴീക്കോട് മുനമ്പം പാലത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ ദ്രുതഗതിയിൽ പൂർത്തിയാക്കി അന്താരാഷ്ട്ര ശ്രദ്ധ ആകർഷിക്കുന്ന തരത്തിലേക്ക് മാറ്റുമെന്ന് തുറമുഖം - പുരാവസ്തു വകുപ്പ് മന്ത്രി അഹമ്മദ് ദേവർക്കോവിൽ. തുറമുഖം വകുപ്പിന് കീഴിൽ ഉപയോഗമില്ലാതെ കിടക്കുന്ന സ്ഥലങ്ങൾ, കെട്ടിടങ്ങൾ പുനർജീവിപ്പിക്കുന്നതിന്റെ ഭാഗമായി അഴീക്കോട് തീരമേഖല സന്ദർശിക്കുകയായിരുന്നു മന്ത്രി.
നിലവിൽ അഴീക്കോട് -മുനമ്പം പാലത്തിന്റെ നിർമ്മാണവുമായി ബന്ധപ്പെട്ട് ടെണ്ടർ നടപടികൾ പൂർത്തീകരിച്ചു കഴിഞ്ഞു.മറ്റു പ്രവർത്തനങ്ങൾ ഉടൻ ആരംഭിക്കുമെന്ന് മന്ത്രി കൂട്ടിച്ചേർത്തു. അഴീക്കോട് തുറമുഖത്തിൽ ഉപയോഗശൂന്യമായി കിടക്കുന്ന രണ്ട് കെട്ടിടങ്ങളുടെ പുനർനിർമ്മാണത്തിനുവേണ്ടിയുള്ള നടപടിക്രമങ്ങൾ ആരംഭിച്ചു കഴിഞ്ഞെന്നും മന്ത്രി പറഞ്ഞു.
ഇ ടി ടൈസൺ മാസ്റ്റർ എംഎൽഎ, എറിയാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ പി രാജൻ, ജില്ലാ പഞ്ചായത്ത് അംഗം സുഗത ശശിധരൻ, പഞ്ചായത്ത് അംഗം ഫൗസിയ ഷാജഹാൻ, പോർട്ട് കൺസർവേറ്റർ എസ് കിരൺ, മാരിടൈം ക്യാമ്പസ് മാനേജർ എസ് സുരേഷ്, മുനക്കൽ ബീച്ച് മാനേജർ അഖിൽ എസ് ഭദ്രൻ, ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ എന്നിവർ സന്ദർശനത്തിൽ മന്ത്രിയോടൊപ്പം ചേർന്നു.