ന്യൂഡല്‍ഹി: ഡല്‍ഹി മദ്യനയക്കേസില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ (ഇഡി) കസ്റ്റഡിയിലുള്ള ബിആര്‍എസ് നേതാവും കെ ചന്ദ്രശേഖര്‍ റാവുവിന്റെ മകളുമായ കെ കവിത സമര്‍പിച്ച ഇടക്കാല ജാമ്യാപേക്ഷ ഡല്‍ഹി കോടതി തള്ളി. ഡല്‍ഹി റൗസ് അവന്യൂ കോടതിയാണ് ജാമ്യാപേക്ഷ തള്ളിയത്.
പതിനാറുകാരനായ മകന് പരീക്ഷാക്കാലമാണെന്നും അമ്മയെന്ന നിലയില്‍ തന്റെ സാമീപ്യം മകന്റെ മാനസികപിന്തുണയ്ക്ക് ആവശ്യമാണെന്നും ചൂണ്ടിക്കാട്ടിയാണ് കവിത ഇടക്കാല ജാമ്യത്തിന് അപേക്ഷ നല്‍കിയത്.
എന്നാല്‍, ഇഡി കവിതയുടെ ജാമ്യാപേക്ഷയെ ശക്തമായി എതിര്‍ത്തു. ജാമ്യം അനുവദിച്ചാല്‍ കവിത തന്റെ സ്വാധീനശേഷി ഉപയോഗിച്ച് തെളിവുകള്‍ നശിപ്പിക്കാനിടയുണ്ടെന്ന് ഇഡി കോടതിയില്‍ വാദിച്ചു. കേസുമായി ബന്ധപ്പെട്ട ചില തെളിവുകള്‍ കവിത ഇതിനോടകം നശിപ്പിച്ചതായും മദ്യനയവുമായി ബന്ധപ്പെട്ടുള്ള അഴിമതിയുടെ പ്രധാന സൂത്രധാരകരില്‍ ഒരാളാണ് കവിതയെന്നും ഇഡി ആരോപിച്ചു.
മാര്‍ച്ച് 15നാണ് ഇഡി കവിതയെ അറസ്റ്റ് ചെയ്തത്. കവിതയുടെ ഹൈദരാബാദിലെ വസതിയില്‍ ഇഡി പരിശോധന നടത്തിയിരുന്നു. അതിനുപിന്നാലെയാണ് കവിതയെ കസ്റ്റഡിയിലെടുത്തത്. അടുത്ത ദിവസംതന്നെ കവിതയെ ഏഴ് ദിവസത്തേക്ക് ഇഡി കസ്റ്റഡിയില്‍ വിട്ടു. പിന്നീട് കസ്റ്റഡി മൂന്ന് ദിവസം കൂടി നീട്ടി. കഴിഞ്ഞ ചൊവ്വാഴ്ച കവിതയെ 14 ദിവസത്തെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടിരുന്നു. അറസ്റ്റിന് മുമ്പ് രണ്ടുതവണ ഹാജരാകാന്‍ ആവശ്യപ്പെട്ട് കവിതയ്ക്ക് ഇഡി സമന്‍സ് നല്‍കിയിരുന്നു. എന്നാല്‍, കവിത ഹാജരായില്ല.