ബസ് ചാര്‍ജ് വര്‍ധനവ്: ജനജീവിതം ദുസ്സഹമാക്കുമെന്ന് കൃഷ്ണന്‍ എരഞ്ഞിക്കല്‍
അപാകതകള്‍ പൂര്‍ണമായി പരിഹരിച്ചു മാത്രമേ നിരക്ക് വര്‍ധനവ് നടപ്പാക്കാവൂ
തിരുവനന്തപുരം: സംസ്ഥാനത്തെ അശാസ്ത്രീയ ബസ് ചാര്‍ജ് വര്‍ധന ജനജീവിതം ദുസ്സഹമാക്കുമെന്ന് എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി കൃഷ്ണന്‍ എരഞ്ഞിക്കല്‍. അപാകതകള്‍ പൂര്‍ണമായി പരിഹരിച്ചു മാത്രമേ നിരക്ക് വര്‍ധന നടപ്പാക്കാവൂ. അവസാനമായി നിരക്ക് വര്‍ധിപ്പിച്ച 2018 ല്‍ മിനിമം നിരക്കില്‍ സഞ്ചരിക്കാവുന്ന ദൂരം അഞ്ച് കിലോമീറ്ററായിരുന്നു. കൊവിഡ് പ്രതിസന്ധിയുടെ കാലത്ത് താല്‍ക്കാലികമായി മിനിമം ദൂരം 2.5 കിലോമീറ്ററാക്കി ചുരുക്കിയിരുന്നു. ഇത് നിലനിര്‍ത്തിയാണ് പുതിയ നിരക്ക് വര്‍ധന.
2018 ല്‍ ഓര്‍ഡിനറി ബസ്സുകളില്‍ 12 രൂപ നല്‍കി യാത്ര ചെയ്തയാള്‍ ഇനി 18 രൂപ നല്‍കണം. ആറ് രൂപയാണ് ഒറ്റയടിക്ക് വര്‍ധിക്കുന്നത്. 2018 ല്‍ 19 രൂപയ്ക്ക് യാത്ര ചെയ്തിരുന്ന ദൂരം യാത്ര ചെയ്യാന്‍ ഇനി നല്‍കേണ്ടത് 28 രൂപ. ഫെയര്‍സ്‌റ്റേജില്‍ അപാകത കടന്നു കൂടിയതോടെ യാത്രയിലുടനീളം ഈ അമിത വര്‍ധനയുണ്ടാകും. കുതിച്ചുയര്‍ന്ന ഇന്ധന വിലവര്‍ധന മൂലം തൊഴിലാളികളിലധികവും ഇരു ചക്രവാഹനങ്ങളെ പോലും ഉപേക്ഷിച്ച് പൊതുഗതാഗത സംവിധാനത്തെയാണ് ആശ്രയിക്കുന്നത്. അശാസ്ത്രീയമായ നിരക്ക് വര്‍ധന തൊഴിലാളികള്‍ക്കും സാധാരണക്കാര്‍ക്കും ഇടിത്തീയായി മാറും.
ഓട്ടോ, ടാക്‌സി നിരക്കും വര്‍ധിപ്പിച്ചിരിക്കുകയാണ്. ഇന്ധന വിലവര്‍ധന വരുമാനമുണ്ടാക്കാനുള്ള മാര്‍ഗമായി സംസ്ഥാന സര്‍ക്കാര്‍ കണക്കാക്കുന്നതാണ് പ്രതിസന്ധി രൂക്ഷമാക്കിയത്. നികുതി കുറച്ചും വാഹന ഉടമകള്‍ക്ക് സബ്‌സിഡിയുള്‍പ്പെടെയുള്ള ഇളവുകള്‍ അനുവദിച്ചും പരിഹാരം കാണേണ്ടതിനു പകരം ജീവിതം വഴിമുട്ടിയ സാധാരണക്കാരുടെ മേല്‍ അമിതഭാരം അടിച്ചേല്‍പ്പിച്ചിരിക്കുകയാണ് ഇടതു സര്‍ക്കാര്‍. ജനജീവിതം ദുസ്സഹമാക്കുന്ന നിരക്ക് വര്‍ധന പുനപ്പരിശോധിക്കണമെന്നും അപാകതകള്‍ പരിഹരിക്കണമെന്നും കൃഷ്ണന്‍ എരഞ്ഞിക്കല്‍ വാര്‍ത്താക്കുറുപ്പില്‍ ആവശ്യപ്പെട്ടു.