രസകരമായി രാഹുലുമായി വിദ്യാര്‍ഥിനിയുടെ സംവാദം
സാധാരണ വെള്ള കുര്‍ത്തയില്‍ നിന്നും വ്യത്യസ്തനായി ഗ്രേ ടീ ഷര്‍ട്ടും ജീന്‍സുമിട്ട് 'ചുള്ളന്‍' ലുക്കിലായിരുന്നു രാഹുല്‍ കോളജിലെത്തിയതും.
ചെന്നൈ: ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രചാരണാര്‍ഥം തമിഴ്‌നാട്ടിലെ സ്റ്റെല്ല മേരിസ് കോളജില്‍ വിദ്യാര്‍ഥികളുമായി സംവാദത്തിനെത്തിയതായിരുന്നു രാഹുല്‍ ഗാന്ധി. ചെയ്ഞ്ച് മേക്കേഴ്‌സ് എന്ന സംവാദ പരിപാടിക്കിടെയാണ് സാര്‍..സാര്‍ എന്ന് പറഞ്ഞ് ചോദ്യം തുടങ്ങിയ പെണ്‍കുട്ടിയോട് 'രാഹുല്‍' എന്ന് വിളിച്ചോളുവെന്ന് അദ്ദേഹം പറഞ്ഞത്. ഇതോടെ സദസ്സില്‍ ഹര്‍ഷാരവം മുഴങ്ങി. ചോദ്യം ചോദിക്കാനെത്തിയ അസ്‌റ ഒരു നിമിഷം സ്തംബ്ധയാകുകയും ചെയ്തു. തുടര്‍ന്ന് പെണ്‍കുട്ടിയുടെ ചോദ്യത്തിന് രാഹുല്‍ മറുപടി പറയുകയും ചെയ്തു. കോളജിനായി ധനനിക്ഷേപം കുറവാണെന്നായിരുന്നു വിദ്യാര്‍ത്ഥിനിയുടെ പരാതി. ഇന്ത്യ വിദ്യാഭ്യാസത്തിനായി ചെലവഴിക്കുന്നത് വളരെ കുറവാണെന്ന് ബോധ്യപ്പെട്ടതായി രാഹുല്‍ മറുപടി പറഞ്ഞു. വിദ്യാഭ്യാസത്തിനായുള്ള ധനനിക്ഷേപം ഞങ്ങളുടെ ലക്ഷ്യം 6 ശതമാനമാണെന്നും രാഹുല്‍ പറഞ്ഞു.
#WATCH: Congress President Rahul Gandhi asks a student at Stella Maris College, Chennai, to call him Rahul, when she starts a question with "Hi Sir". #TamilNadu pic.twitter.com/01LF5AxSex
— ANI (@ANI) March 13, 2019
സാധാരണ വെള്ള കുര്‍ത്തയില്‍ നിന്നും വ്യത്യസ്തനായി ഗ്രേ ടീ ഷര്‍ട്ടും ജീന്‍സുമിട്ട് 'ചുള്ളന്‍' ലുക്കിലായിരുന്നു രാഹുല്‍ കോളജിലെത്തിയതും.
അതേസമയം, പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് സ്നേഹം തോന്നിയതുകൊണ്ട് തന്നെയാണോ അദ്ദേഹത്തെ കെട്ടിപ്പിടിച്ചതെന്ന ചോദ്യത്തിന് അതെ എന്നായിരുന്നു രാഹുലിന്റെ മറുപടി. പ്രധാനമന്ത്രിയുടെ പ്രസംഗം കണ്ടുകൊണ്ടിരിക്കുകയായിരുന്നു. അദ്ദേഹത്തോട് ഒരു വിരോധവും തോന്നിയില്ല. പ്രധാനമന്ത്രി വളരെ ക്ഷുഭിതനായിരുന്നു. ഈ മനുഷ്യന് ലോകത്തിന്റെ ഭംഗി കാണാന്‍ സാധിക്കുന്നില്ല. അതിനാല്‍ തന്റെ ഭാഗത്തു നിന്ന് സ്നേഹം നല്‍കാമെന്ന് കരുതിയാണ് കെട്ടിപ്പിടിച്ചത് രാഹുല്‍ പറഞ്ഞു.
സഹോദരി ഭര്‍ത്താവ് റോബര്‍ട്ട് വദ്രക്കെതിരേ അന്വേഷണം നടത്തിക്കോളൂ. എന്നാല്‍ അതോടൊപ്പം പ്രധാനമന്ത്രി നരേന്ദ്രമോദിയെ കുറിച്ചും അന്വേഷിക്കണം. ഇതു പറയുന്ന ആദ്യ ആളായിരിക്കും താനെന്നും മറ്റൊരു ചോദ്യത്തിന് മറുപടിയായി രാഹുല്‍ പറഞ്ഞു.