സത്താര്‍ പന്തല്ലൂരിനെ പിന്തുണച്ച് ഒരു വിഭാഗം സമസ്ത നേതാക്കള്‍; ഗുരുതര ആരോപണവുമായി പാണക്കാട് കുടുംബാഗം

കൈവെട്ട് പ്രസംഗത്തില്‍ കേസെടുത്ത പശ്ചാത്തലത്തില്‍ സത്താര്‍ പന്തല്ലൂര്‍ പ്രതിരോധത്തിലായതിന് പിന്നാലെയാണ് പാണക്കാട് കുടുംബാംഗം ആരോപണവുമായി രംഗത്ത് വന്നത്.

Update: 2024-01-17 09:37 GMT

മലപ്പുറം: വിവാദ പ്രസംഗത്തില്‍ സത്താര്‍ പന്തല്ലൂരിനെ പിന്തുണച്ച് സംയുക്ത പ്രസ്താവനയുമായി ഒരു വിഭാഗം സമസ്ത നേതാക്കള്‍. ആലങ്കാരികമായി ഉപയോഗിച്ച വാക്കിന്റെ അര്‍ത്ഥം ഉള്‍ക്കൊള്ളാതെ ചിലര്‍ ദുഷ്പ്രചാരണം നടത്തിയെന്നും മുസ് ലിം സമുദായത്തില്‍ എക്കാലത്തും ഭിന്നത ഉണ്ടാക്കിയ കേന്ദ്രങ്ങളാണ് ഇതിനു പിന്നിലെന്നും സമസ്ത നേതാക്കളായ ഉമര്‍ ഫൈസി മുക്കം, എ വി അബ്ദുറഹ്മാന്‍ മുസ്‌ല്യാര്‍, വാക്കോട് മൊയ്തീന്‍ കുട്ടി ഫൈസി, ഹമീദ് ഫൈസി അമ്പലക്കടവ് തുടങ്ങിയവര്‍ സംയുക്ത പ്രസ്താവനയില്‍ വ്യക്തമാക്കി. പ്രസംഗം ഇതര മതസ്ഥര്‍ക്കെതിരായ പ്രചാരണമാണെന്ന് തെറ്റിദ്ധരിപ്പിക്കാന്‍ കൂട്ടുനിന്നവര്‍ മാപ്പ് പറയണമെന്നും പ്രസ്താവനയില്‍ ആവശ്യപ്പെട്ടു. അതിനിടെ വിവാദ പ്രസംഗത്തെ തുടര്‍ന്ന് പ്രതിരോധത്തിലായ സത്താര്‍ പന്തല്ലൂരിനെതിരേ ഗുരുതര ആരോപണവുമായി പാണക്കാട് സമീറലി ശിഹാബ് തങ്ങള്‍ രംഗത്തെത്തി. അന്തരിച്ച സമസ്ത മുശാവറ അംഗവും മുതിര്‍ന്ന നേതാവുമായിരുന്ന ടി എം കോട്ടുമല ബാപ്പു മുസ്‌ല്യാര്‍, സമസ്ത സെക്രട്ടറി എംടി അബ്ദുല്ല മുസ്‌ല്യാര്‍ എന്നിവര്‍ക്കെതിരെ അധിക്ഷേപങ്ങളും ഗുരുതര ആരോപണങ്ങളും അടങ്ങിയ കത്ത് തയ്യാറാക്കിയതിന് പിന്നില്‍ സത്താര്‍ പന്തല്ലൂര്‍ ആണെന്നാണ് ആരോപണം. വിഷയത്തില്‍ സമസ്തയ്ക്ക് പരാതി നല്‍കുമെന്നും പാണക്കാട് സമീറലി ശിഹാബ് തങ്ങള്‍ പറഞ്ഞു. നേരത്തേ സമസ്തയില്‍ സത്താര്‍ പന്തല്ലൂരിനെതിരേ പരാതി നല്‍കിയിട്ടും നടപടിയുണ്ടായില്ലെന്നും അദ്ദേഹം പറഞ്ഞു. കൈവെട്ട് പരാമര്‍ശത്തില്‍ ഉള്‍പ്പെടെ മുസ് ലിം ലീഗ് നിശബ്ദത പാലിക്കുമ്പോഴാണ് പാണക്കാട് കുടുംബത്തില്‍ നിന്ന് തന്നെ പരാതി ഉയരുന്നത്.

Tags:    

Similar News