ചന്നിയോ സിദ്ദുവോ? കോണ്‍ഗ്രസ്സിന്റെ പഞ്ചാബ് മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി ആര്?

Update: 2022-01-27 14:45 GMT

പഞ്ചാബ് കോണ്‍ഗ്രസ് പ്രതിസന്ധിയിലാണ്. ഇപ്പോഴത്തെ മുഖ്യമന്ത്രി ചരന്‍ജിത് സിങ് ചന്നിയോ അതോ മുന്‍ ക്രിക്കറ്റര്‍ നവ്‌ജ്യോത് സിങ് സിദ്ദുവിനോ ആര്‍ക്കായിരിക്കും ഇത്തവണ പഞ്ചാബിനെ നയിക്കാന്‍ സാധിക്കുക? പഞ്ചാബിലെ ജനങ്ങള്‍ ഉറ്റുനോക്കുന്ന ഒരു പ്രധാന ചോദ്യം ഇതാണ്. ഈ ചോദ്യം പഞ്ചാബിലെ പൊതുജനങ്ങളെ മാത്രമല്ല, ഭരണകക്ഷിയെ ആസകലം ഇളക്കിമറിക്കുകയാണ്.

പഞ്ചാബിലെ ജനങ്ങള്‍ക്ക് ഒരു മുഖ്യമന്ത്രിയുടെ മുഖം വേണം. അത് ആരാണെന്ന് ജനങ്ങള്‍, അല്ലെങ്കില്‍ കോണ്‍ഗ്രസ്സുകാര്‍ തിരഞ്ഞെടുക്കട്ടെ- ഇന്ന് പഞ്ചാബിലെത്തിയ രാഹുലിനോട് ചന്നി പറഞ്ഞു.

2022 പഞ്ചാബ് തിരഞ്ഞെടുപ്പിനുളള മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെ തിരഞ്ഞെടുക്കുമെന്ന് ഇന്ന് രാഹുലും ഉറപ്പ് നല്‍കിയിട്ടുണ്ട്. രാഹുവിലിന്റെ ഇന്നത്തെ പഞ്ചാബ് സന്ദര്‍ശന സമയത്ത് മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയാവാന്‍ സാധ്യത കല്‍പ്പിക്കുന്ന ചന്നിയും സിദ്ദുവും ഒരു സ്വരത്തില്‍ ഒരാളെ തിരഞ്ഞെടുക്കേണ്ടതിന്റെ ആവശ്യകത വ്യക്തമാക്കിയിരുന്നു. തിരഞ്ഞെടുപ്പിന് ശേഷം മുഖ്യമന്ത്രിപദത്തെക്കുറിച്ചുള്ള തീരുമാനമെന്നായിരുന്നു നേരത്തെ കോണ്‍ഗ്രസ് പറഞ്ഞിരുന്നത്. ആ തീരുമാനത്തില്‍നിന്ന് കേന്ദ്ര നേതൃത്വം പ്രത്യേകിച്ച് രാഹുല്‍ പിന്നോട്ടുപോയിക്കഴിഞ്ഞു. കാരണം. അല്ലാതെ പഞ്ചാബിനെ സമാധാനാത്തോടെ നയിക്കുക പ്രയാസമായിരിക്കും.

ആരെ തിരഞ്ഞടുത്താലും താന്‍ അദ്ദേഹത്തിനു പിന്നിലുണ്ടാവുമെന്ന് ചന്നി ഇന്ന് ഉറപ്പ് നല്‍കിയിട്ടുണ്ട്. തീരുമാനം കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ എടുക്കട്ടെയെന്നാണ് അദ്ദേഹം പറുന്നത്. രാഹുലും അത് ശരിവയ്ക്കുന്നുണ്ട്.

കോണ്‍ഗ്രസ്സിനെ ആരാണ് നയിക്കുകയെന്നതാണ് മാധ്യമങ്ങളും ഉയര്‍ത്തുന്ന പ്രശ്‌നം. അവരെ സംബന്ധിച്ചിടത്തോളം അങ്ങനെ നയിക്കുന്നയാള്‍ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയാണെന്നും രാഹുല്‍ പറയുന്നു. അതാണ് മാധ്യമങ്ങളുടെ ശീലം. അങ്ങനെയൊരു ശീലം കോണ്‍ഗ്രസ്സിനില്ലത്രെ. പക്ഷേ, അതൊക്കെ പഴയ കഥ. ഇപ്പോള്‍ കഥ മാറി. ശീലങ്ങളും മാറേണ്ടിവന്നു. ആദ്യമേ മുഖ്യമന്ത്രിസ്ഥാനാര്‍ത്ഥിയെ തീരുമാനിക്കാതെ നിവൃത്തിയില്ലെന്നായിരിക്കുന്നു.

'നോക്കൂ, രണ്ടുപേര്‍ക്ക് നയിക്കാന്‍ കഴിയില്ല. ഒരാള്‍ മാത്രമേ നയിക്കൂ. ആരു മുഖ്യമന്ത്രിയായാലും സഹായിക്കാന്‍ മറ്റൊരാള്‍ പ്രതിജ്ഞാബദ്ധനാകുമെന്ന് ഇരുവരും വാഗ്ദാനം ചെയ്തു. ഞാന്‍ അവരെ ശ്രദ്ധിക്കുകയായിരുന്നു. എനിക്ക് സന്തോഷമായി. അപ്പോള്‍ ഞാന്‍ വിചാരിച്ചു, അവര്‍ പാര്‍ട്ടിയോട് മാത്രമല്ല, പരസ്പരം പ്രതിജ്ഞാബദ്ധരാണ്''-രാഹുല്‍ പറഞ്ഞു.

രാഹുല്‍ തന്റെ പഞ്ചാബ് സന്ദര്‍ശം തുടങ്ങിയ അന്നുമുതല്‍ ഈ പ്രശ്‌നം അന്തരീക്ഷത്തിലുണ്ട്. പരസ്പരം പ്രശ്‌നങ്ങളൊന്നുമില്ലെന്ന് പറയുന്നുണ്ടെങ്കിലും പഞ്ചാബിലെ ഏറ്റവും ഗുരുതരമായ പ്രശ്‌നം കോണ്‍ഗ്രസ്സിനെ ആര് നയിക്കുമെന്നതാണ്. പഞ്ചാബിലെ കൊച്ചുകുട്ടിക്കുപോലും ഇതേകുറിച്ച ചില ധാരണകളുണ്ട്.

കഴിഞ്ഞ ദിവസം നടന്ന ഒരു സര്‍വേയില്‍ ചന്നിക്ക് അനുകൂലമായി 68.7 ശതമാനം പേരും സിദ്ദുവിന് 11.5 ശതമാനം പേരും സുനില്‍കുമാര്‍ ജാക്കറിന് അനുകൂലമായി 9.3 ശതമാനം പേരും വോട്ട് ചെയ്തിരുന്നു. അതിനിര്‍ത്ഥം ചന്നിക്ക് അനുകൂലമായി തരംഗസാധ്യതയുണ്ടെന്നാണ്. ഇതിനോട് സിദ്ദുവിന്റെ പ്രതികരണം വ്യക്തമല്ല. നേരത്തെ അമരീന്ദര്‍ സിങ്ങുണ്ടായിരുന്ന സമയത്തും മുഖ്യമന്ത്രി പദം പ്രശ്‌നം തന്നെയായിരുന്നു. അത്തരമൊരു തകര്‍ക്കത്തിനു ശേഷമാണ് അമരീന്ദര്‍ പാര്‍ട്ടിവിട്ടതും പിന്നീട് ബിജെപിയുടെ സഖ്യകക്ഷിയായതും.

Tags:    

Similar News