യുപിയില്‍ നരബലി; സ്‌കൂളിന്റെ അഭിവൃദ്ധിക്കുവേണ്ടി രണ്ടാം ക്ലാസുകാരനെ കഴുത്ത് ഞെരിച്ച് കൊന്നു
സെപ്തംബര്‍ 22ന് ഹോസ്റ്റല്‍ മുറിയില്‍ വച്ച് മൂന്ന് പേര്‍ ചേര്‍ന്ന് കുട്ടിയെ കഴുത്ത് ഞെരിച്ച് കൊല്ലുകയായിരുന്നു
ലഖ്‌നൗ: യുപിയില്‍ സ്‌കൂളിന്റെ അഭിവൃദ്ധിക്കും യശസ്സിനുമായി രണ്ടാം ക്ലാസുകാരനെ ബലി കൊടുത്തു. സെപ്തംബര്‍ 22ന് ഹോസ്റ്റല്‍ മുറിയില്‍ വച്ച് മൂന്ന് പേര്‍ ചേര്‍ന്ന് കുട്ടിയെ കഴുത്ത് ഞെരിച്ച് കൊല്ലുകയായിരുന്നു. ഡല്‍ഹിയിലെ ഒരു സ്വകാര്യ സ്ഥാപനത്തില്‍ സോഫ്റ്റ്വെയര്‍ എഞ്ചിനീയറായ കൃഷന്‍ കുശ്വാഹയുടെ മകനാണ് കൊല്ലപ്പെട്ട വിദ്യാര്‍ഥി. സ്‌കൂള്‍ ഡയറക്ടര്‍ ദിനേശ് ബാഗേല്‍, ബാഗേലിന്റെ പിതാവ് യശോധന്‍ സിങ്, അധ്യാപകരായ ലക്ഷ്മണ്‍ സിങ്, വീര്‍പാല്‍ സിങ്, രാംപ്രകാശ് സോളങ്കി എന്നിവര്‍ക്ക് കൊലപാതകത്തില്‍ പങ്കുള്ളതായി ഹാഥ്‌റസ് എസ്പി നിപുണ്‍ അഗര്‍വാള്‍ പറഞ്ഞു.
താന്ത്രിക ആചാരങ്ങളില്‍ വിശ്വസിക്കുന്ന സ്‌കൂള്‍ ഉടമ ജശോധന്‍ സിങ് തന്റെ മകനായ (സ്‌കൂള്‍ ഡയറക്ടര്‍) ദിനേശ് ബാഗേലിനോട് സ്‌കൂളിന്റെയും കുടുംബത്തിന്റെയും അഭിവൃദ്ധിക്കായി ഒരു കുട്ടിയെ ബലിയര്‍പ്പിക്കാന്‍ ആവശ്യപ്പെടുകയായിരുന്നു.
സെപ്തംബര്‍ 23 ന്, ജശോധന്‍ സിങും മകനും മറ്റ് മൂന്ന് സ്റ്റാഫ് അംഗങ്ങളും ചേര്‍ന്ന് കുട്ടിയെ സ്‌കൂളിലെ ഹോസ്റ്റലില്‍ നിന്ന് തട്ടിക്കൊണ്ടുപോയി. ശേഷം കുട്ടിയെ യാഗത്തിനായി ആളൊഴിഞ്ഞ സ്ഥലത്തേക്ക് കൊണ്ടുപോവുകയായിരുന്നു. അവിടേക്ക് കൊണ്ടുപോകുന്നതിനിടെ കുട്ടി ഉണര്‍ന്നപ്പോള്‍ പരിഭ്രാന്തരായ പ്രതികള്‍ കുട്ടിയെ കഴുത്ത് ഞെരിച്ച് കൊല്ലുകയായിരുന്നു. അന്വേഷണത്തില്‍ കുഴല്‍ക്കിണറിന് സമീപം മന്ത്രവാദവുമായി ബന്ധപ്പെട്ട വസ്തുക്കള്‍ കണ്ടെത്തിയിരുന്നു. അന്ധവിശ്വാസമാണ് കൊലപാതകത്തിന് പിന്നിലെന്നാണ് പൊലീസ് നിഗമനം.