വര്‍ഗീയ പ്രശ്‌നങ്ങള്‍ വര്‍ധിച്ചു; ഐടി കമ്പനികള്‍ കര്‍ണാടക വിട്ട് തമിഴ്‌നാട്ടിലേക്ക്?

Update: 2022-04-09 19:00 GMT

ന്യൂഡല്‍ഹി: കര്‍ണാടകയില്‍ വര്‍ഗീയ ധ്രുവീകരണം ശക്തമായതോടെ ബെംഗളൂരുവില്‍ നിന്നുള്ള നിരവധി ഐടി സ്ഥാപനങ്ങള്‍ തങ്ങളുടെ ബിസിനസുകള്‍ കര്‍ണാടകയില്‍നിന്ന് തമിഴ്‌നാട്ടിലേക്ക് മാറ്റാന്‍ തീരുമാനിച്ചതായി റിപോര്‍ട്ട്. ദി പ്രിന്റാണ് റിപോര്‍ട്ട് പുറത്തുവിട്ടത്.

നിരവധി കമ്പനികള്‍ സര്‍ക്കാരിനെ സമീപിച്ചതായി ഉദ്യോഗസ്ഥര്‍ പറഞ്ഞു. പക്ഷേ, എന്താണ് കാരണമെന്ന് കമ്പനികള്‍ വ്യക്തമാക്കിയില്ലത്രെ.

തമിഴ്‌നാട് ധനമന്ത്രി പളനിവേല്‍ ത്യാഗരാജനും ഐടി കമ്പനികള്‍ സംസ്ഥാനത്തോട് 'വലിയ താല്‍പ്പര്യം' കാണിക്കുന്നുണ്ടെന്ന് സൂചിപ്പിച്ചു. ഒപ്പം ഈ കമ്പനികള്‍ കര്‍ണാടകയില്‍ നിന്നാണോ അതോ മറ്റെവിടെനിന്നെങ്കിലുമാണോ എന്ന് പ്രതികരിക്കാനും അദ്ദേഹം തയ്യാറായില്ല.

'സംസ്ഥാനത്തോട് കമ്പനികള്‍ക്ക് വലിയ താല്‍പ്പര്യം കാണുന്നുണ്ട്, ഞങ്ങള്‍ക്കും അതില്‍ താല്‍പര്യമുണ്ട്'- ധനമന്ത്രി പറഞ്ഞു.

ഡല്‍ഹിയില്‍ കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമനുമായി തമിഴ്‌നാട് ധനമന്ത്രി കൂടിക്കാഴ്ച നടത്തുന്നുണ്ട്. ആ സമയത്തുതന്നെ ഡിഎംകെയുടെ ഒരു ഓഫിസ് ന്യൂഡല്‍ഹിയില്‍ തുറക്കും. അതിനുവേണ്ടികൂടിയാണ് തമിഴ്‌നാട് ധനമന്ത്രി ഡല്‍ഹിയിലെത്തിയത്. തമിഴ്‌നാട് സര്‍ക്കാര്‍ ഉടന്‍ തന്നെ സിംഗപ്പൂര്‍, യുകെ തുടങ്ങിയ വിദേശ രാജ്യങ്ങളില്‍നിന്നുള്ളവരെ ഉള്‍പ്പെടുത്തി നിക്ഷേപ പരിപാടി ആസൂത്രണം ചെയ്തിട്ടുണ്ട്.

ഹിജാബ് നിരോധനം, ഹലാല്‍ മാംസത്തെക്കുറിച്ചുള്ള വിവാദം, ബഹിഷ്‌കരണം എന്നിങ്ങനെ വര്‍ഗീയ സംഘര്‍ഷം ആളിക്കത്തിക്കുന്ന നിരവധി പ്രചാരണങ്ങളുടെ പ്രഭവകേന്ദ്രമായിരിക്കുന്ന സമയത്താണ് ഐടി സ്ഥാപനങ്ങള്‍ തങ്ങളുടെ ബിസിനസുകള്‍ കര്‍ണാടകയില്‍ നിന്ന് മാറ്റാന്‍ ആഗ്രഹിക്കുന്നുവെന്ന റിപോര്‍ട്ടുകള്‍ വരുന്നത്. കര്‍ണാടക ക്ഷേത്രത്തിലെ മേളകളിലും ഉത്സവങ്ങളിലും മുസ് ലിംകള്‍ക്കും ക്രിസ്ത്യാനികള്‍ക്കും നേരെയുള്ള ആക്രമണങ്ങള്‍, മിശ്രവിശ്വാസികളായ ദമ്പതികളെ ആക്രമിക്കുന്ന ഹിന്ദു വിജിലന്റ് ഗ്രൂപ്പുകള്‍ തുടങ്ങി നിരവധി പ്രശ്‌നങ്ങളാണ് കര്‍ണാടക നേരിടുന്നത്.

ഏകദേശം ഒരാഴ്ച മുമ്പ്, ബയോകോണ്‍ ലിമിറ്റഡിന്റെ എക്‌സിക്യൂട്ടീവ് ചെയര്‍പേഴ്‌സണ്‍ കിരണ്‍ മജുംദാര്‍ഷാ കര്‍ണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മായിയോട് മുസ് ലിംകള്‍ നേരിടുന്ന 'വര്‍ഗീയ ബഹിഷ്‌കരണം' പരിഹരിക്കാന്‍ ആവശ്യപ്പെട്ടിരുന്നു.

ഇന്ത്യയുടെ ഐടി ഹബ്ബായി കരുതപ്പെടുന്ന സംസ്ഥാനമാണ് കര്‍ണാടക. കൂടാതെ ബയോടെക്‌നോളജി, എയറോസ്‌പേസ്, ഫുഡ് പ്രോസസിങ്, ഫിന്‍ടെക്, സിറാമിക്‌സ്, ബാറ്ററി മാനുഫാക്ചറിങ് തുടങ്ങിയവയ്ക്കും പേരുകേട്ടതാണ് കര്‍ണാടക. 

Tags:    

Similar News