കോണ്‍ഗ്രസ് പിന്തുണയില്ലെങ്കിലും ഡല്‍ഹിയില്‍ മുഴുവന്‍ സീറ്റുകളും നേടുമെന്ന് കെജ്‌രിവാള്‍
ന്യൂഡല്‍ഹി: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഡല്‍ഹിയിലെ മുഴുവന്‍ സീറ്റുകളും ആം ആദ്മി പാര്‍ട്ടി തന്നെ നേടുമെന്ന് ഡല്‍ഹി മുഖ്യമന്ത്രിയും എഎപി നേതാവുമായ അരവിന്ദ് കെജ്‌രിവാള്‍. കോണ്‍ഗ്രസുമായി സഖ്യമുണ്ടാക്കാനായി എഎപി ഏറെ നാളുകളായി നടത്തിയ ശ്രമം പരാജയപ്പെട്ടതിനു പിന്നാലെയാണ് കെജ്‌രിവാളിന്റെ പരാമര്‍ശം. തുടക്കത്തില്‍ സഖ്യത്തെ പിന്തുണച്ച കോണ്‍ഗ്രസ്, പാര്‍ട്ടിയുടെ പ്രാദേശിക നേതാക്കളുടെ എതിര്‍പ്പിനെ തുടര്‍ന്ന് തീരുമാനത്തില്‍ നിന്നും പിന്മാറുകയായിരുന്നു.
കോണ്‍ഗ്രസ് സഖ്യത്തിനില്ലെന്നാണ് മാധ്യമങ്ങളിലൂടെ അറിയാനായത്. സംസ്ഥാന കോണ്‍ഗ്രസ് അധ്യക്ഷയും ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്. തങ്ങളുടെ സര്‍വേ പ്രകാരം എഎപി ഡല്‍ഹിയിലെ ഏഴു സീറ്റുകളും നേടും. ഇതിനു തങ്ങള്‍ക്ക് കോണ്‍ഗ്രസ് സഹായം ആവശ്യമില്ലെന്നും കെജ്‌രിവാള്‍ മാധ്യമങ്ങളോട് പറഞ്ഞു.
ബിജെപി ഭരണത്തിലുള്ളയിടങ്ങളില്‍ കേന്ദ്ര സര്‍ക്കാര്‍ പാരിതോഷികങ്ങളും സഹായങ്ങളും വാരിക്കോരി നല്‍കുകയാണ്. വരുമാനനികുതിയായി 1,50,000 കോടി നല്‍കുമ്പോഴും ഡല്‍ഹി കടുത്ത അവഗണനയാണ് നേരിടുന്നതെന്നും കെജ്‌രിവാള്‍ ചൂണ്ടിക്കാട്ടി. കഴിഞ്ഞ ദിവസമാണ് ഒറ്റയ്ക്കു മല്‍സരിക്കാമെന്ന നിലപാടിന്് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി അംഗീകാരം നല്‍കിയത്.