പാര്‍ലമെന്റിന്റെ ഗാന്ധി പ്രതിമക്കുമുന്നില്‍ കോണ്‍ഗ്രസ് നേതാക്കളുടെ പ്രതിഷേധം; മുന്‍നിരയില്‍ രാഹുല്‍ ഗാന്ധിയും

Update: 2021-07-22 07:42 GMT

ന്യൂഡല്‍ഹി: കാര്‍ഷിക നിയമത്തിനെതിരേ നടക്കുന്ന കര്‍ഷകരുട സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് രാഹുല്‍ ഗാന്ധിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളും പാര്‍ലമെന്റ് ഗാന്ധിപ്രതിമക്കു മുന്നില്‍ പ്രതിഷേധം സംഘടിപ്പിച്ചു.

കോണ്‍ഗ്രസ്സിന്റെ പഞ്ചാബ് യൂനിറ്റില്‍ നിന്നുള്ള എംപിമാരില്‍ മിക്കവരും പ്രതിഷേധത്തില്‍ അണിനിരന്നു. രാജ്യത്തെ രക്ഷിക്കുക, കര്‍ഷകരെ രക്ഷിക്കുകയെന്ന മുദ്രാവാക്യമെഴുതിയ പ്ലക്കാര്‍ഡുകളും പ്രതിഷേധക്കാര്‍ ഉയര്‍ത്തി.

പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനത്തില്‍ കാര്‍ഷിക നിയമത്തെക്കുറിച്ച് ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് പ്രതിനിധികള്‍ കത്ത് നല്‍കിയിരുന്നു. സഭാനടപടികള്‍ നിര്‍ത്തിവച്ച് പ്രശ്‌നം ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് ദീപേന്ദര്‍സിങ്ങ് ഹൂഡയും പ്രതാപ് സിങ് ബജ് വയുമാണ് കത്തുനല്‍കിയത്.

കഴിഞ്ഞ വര്‍ഷം നവംബര്‍ മുതല്‍ കര്‍ഷകര്‍ ഡല്‍ഹി അതിര്‍ത്തിയില്‍ സമരത്തിലാണ്. വര്‍ഷകാല സമ്മേളനം ആരംഭിക്കുന്ന ഇന്ന് മുതല്‍ ആഗസ്റ്റ് ഏഴ് വരെ ജന്ദര്‍മന്ദിറിലും കര്‍ഷകസംഘനടകള്‍ പ്രതിഷേധം നടത്തുന്നുണ്ട്.

ജന്ദര്‍മന്തറില്‍ കൊവിഡ് നിര്‍ദേശങ്ങള്‍ പാലിച്ച് 200 പേര്‍ക്ക് പ്രതിഷേധം നടത്താനാണ് അനുമതി.

Tags:    

Similar News