കൊവിഡ് വാക്‌സിന്‍: അടിയന്തിര ഉപയോഗത്തിന് അനുമതി തേടി ഫേസര്‍ അപേക്ഷ സമര്‍പ്പിച്ചു

അനുമതി ലഭിക്കുന്നതിന് മുമ്പ് തന്നെ വാക്‌സിന്‍ ആവശ്യക്കാരിലേക്ക് എത്തിക്കുന്നതിനുള്ള സജ്ജീകരണങ്ങള്‍ ഫേസര്‍ പൂര്‍ത്തിയാക്കും.

Update: 2020-11-21 04:18 GMT

ന്യൂയോര്‍ക്ക്: അവസാനഘട്ട പരീക്ഷണത്തില്‍ 95 ശതമാനത്തിലേറെ ഫലപ്രദമെന്ന് കണ്ടെത്തിയ ഫേസര്‍-ബയോടെക് വാക്‌സിന്‍ അടിയന്തര ഉപയോഗത്തിന് അനുമതി തേടി. യുഎസ് ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷനിലാണ് ഫേസര്‍ അപേക്ഷ നല്‍കിയത്. കഴിഞ്ഞ ദിവസം ഫേസര്‍ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ച വീഡിയോയിലൂടെ കമ്പനി സിഇഒ ആല്‍ബര്‍ട്ട് ബര്‍ല ആണ് ഇക്കാര്യം വ്യക്തമാക്കിയത്.

അടിയന്തര ഉപയോഗത്തിനുള്ള അംഗീകാരത്തിനായി പരീക്ഷണ വിവരങ്ങള്‍ സംബന്ധിച്ച റിപോര്‍ട്ട് ഫേസര്‍ സമര്‍പ്പിച്ചു. ഇതില്‍ 12നും 15നും ഇടയില്‍ പ്രായമുള്ള 100ഓളം കുട്ടികളില്‍ വാക്‌സിന്‍ പരീക്ഷിച്ചപ്പോഴുള്ള കാര്യങ്ങളും ഉള്‍പ്പെടത്തിയിട്ടുണ്ട്. കൂടാതെ വാക്‌സിന്‍ പരീക്ഷണത്തിന് വിധേയരായ 45 ശതമാനം പേര്‍ 56നും 85 വയസിനും ഇടയില്‍ പ്രായമുള്ളവരാണെന്നും ഫേസര്‍ വ്യക്തമാക്കുന്നു.

ഫേസര്‍ വാക്‌സിന്‍ വൈകാതെ വിപണിയിലെത്തുമെന്ന വിവരം പുറത്തുവന്നതോടെ ന്യൂയോര്‍ക്ക് ഓഹരി വിപണിയില്‍ കമ്പനിയുടെയും ബയോടെക്കിന്റെയും മൂല്യം ഉയര്‍ന്നു. 95 ശതമാനം ഫലപ്രദമാണെന്ന് വ്യക്തമായതോടെ ലോകവ്യാപകമായി തന്നെ വാക്‌സിന് അനുമതി ലഭിക്കാന്‍ കാലതാമസമുണ്ടാകില്ലെന്നാണ് വിവരം. അനുമതി ലഭിക്കുന്നതിന് മുമ്പ് തന്നെ വാക്‌സിന്‍ ആവശ്യക്കാരിലേക്ക് എത്തിക്കുന്നതിനുള്ള സജ്ജീകരണങ്ങള്‍ ഫേസര്‍ പൂര്‍ത്തിയാക്കും. തുടക്കത്തില്‍ 2.5 കോടി ആളുകള്‍ക്ക് ഉപയോഗിക്കാനുള്ള ഡോസാണ് സജ്ജമാക്കുന്നത്. ഈ വര്‍ഷം അഞ്ചു കോടി ആളുകളില്‍ ഉപയോഗിക്കാനുള്ള വാക്‌സിന്‍ നിര്‍മ്മിക്കാന്‍ തങ്ങള്‍ക്ക് സാധിക്കുമെന്നും ഫേസര്‍ പറയുന്നു.

Tags:    

Similar News