എഡിഎം കെ നവീന്‍ബാബുവിന്റെ മരണം; പിപി ദിവ്യയ്ക്ക് ജാമ്യം
.തലശ്ശേരി പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് ജാമ്യം അനുവദിച്ചത്
തലശ്ശേരി: എഡിഎം കെ നവീന്‍ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട് റിമാന്‍ഡില്‍ കഴിയുന്ന ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡന്റ് പിപി ദിവ്യയ്ക്ക് ജാമ്യം.തലശ്ശേരി പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് ജാമ്യം അനുവദിച്ചത്. അഞ്ചാം തീയതി വിശദമായ വാദം കേട്ട കോടതി ഇന്നത്തേക്ക് വിധി പറയാന്‍ മാറ്റിവെയ്ക്കുകയായിരുന്നു.അന്വേഷണവുമായി സഹകരിക്കുന്നുണ്ടെന്നും ജാമ്യം വേണമെന്നുമായിരുന്നു ദിവ്യയുടെ ആവശ്യം. എന്നാല്‍ ജാമ്യം നല്‍കരുതെന്ന് പ്രോസിക്യൂഷനും നവീന്‍ ബാബുവിന്റെ കുടുംബവും വാദിച്ചിരുന്നു. യാത്രയയപ്പ് ദൃശ്യം ദിവ്യ കൈമാറിയിട്ടില്ല എന്നീ വാദങ്ങള്‍ ദിവ്യ കോടതിയില്‍ അവതരിപ്പിച്ചു. സ്ത്രീയാണെന്നും ഭരണാധികാരിയായിരുന്നുവെന്നും പത്താംക്ലാസില്‍ പഠിക്കുന്ന പെണ്‍കുട്ടിയുടെ അമ്മയാണെന്നും ജാമ്യഹരജിയുടെ വാദത്തിനിടെ പ്രതിഭാഗം വാദിച്ചു.
കേസില്‍ കഴിഞ്ഞ 11 ദിവസമായി പള്ളിക്കുന്ന് വനിതാ ജയിലിലാണ് ദിവ്യ. 14 ദിവസത്തേക്കാണ് ദിവ്യയെ കോടതി റിമാന്‍ഡ് ചെയ്തത്. എഡിഎമ്മിനെതിരായ ദിവ്യയുടെ പരാമര്‍ശങ്ങള്‍ ശരിവെക്കുന്നതാണ് കലക്ടര്‍ പൊലിസില്‍ നല്‍കിയ മൊഴിയെന്നായിരുന്നു പ്രതിഭാഗത്തിന്റെ വാദം. പുതിയ അന്വേഷണ സംഘം കുടുംബത്തിന്റെ മൊഴിയെടുത്തില്ലെന്നും കോടതിയെ അറിയിച്ചിരുന്നു. പൊലിസ് അന്വേഷണം തൃപ്തികരമല്ലെങ്കില്‍ സിബിഐ അന്വേഷണം ആവശ്യപ്പെടുമെന്നും പൊലിസിനെ വിമര്‍ശിച്ചിട്ടില്ലെന്നും കുടുംബത്തിന്റെ അഭിഭാഷകന്‍ കോടതിയെ അറിയിച്ചിരുന്നു
അതേസമയം ആത്മഹത്യാപ്രേരണ കുറ്റം ചുമത്തപ്പെട്ട ദിവ്യക്കെതിരെ സിപിഎം അച്ചടക്ക നടപടി സ്വീകരിച്ചു. ജില്ലാ കമ്മിറ്റിയില്‍ നിന്ന് ബ്രാഞ്ചിലേക്ക് തരംതാഴ്ത്താനുള്ള ശുപാര്‍ശ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗീകരിച്ചു. മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയ അതേ ജഡ്ജി തന്നെയാണ് ജാമ്യാപേക്ഷയിലും വിധി പറഞ്ഞത്.