'വ്യത്യസ്ത വിഭാഗങ്ങള്‍ക്ക് വ്യത്യസ്ത നീതി'; ജാമ്യം നല്‍കുന്നതിലെ ഇരട്ടത്താപ്പിന്റെ തെളിവുകളിതാ
2022 മാര്‍ച്ച് 24ന് ഉമര്‍ ഖാലിദിന് ഡല്‍ഹി കോടതി ഡല്‍ഹി കലാപക്കേസില്‍ ജാമ്യം നിഷേധിച്ചു. ഇത് മൂന്നാം തവണയാണ് അദ്ദേഹത്തിന് ജാമ്യം നിഷേധിക്കുന്നത്. 2020 ഫെബ്രുവരിയില്‍ നടന്ന ഡല്‍ഹി കലാപത്തിനു കാരണമാകുന്ന തരത്തില്‍ ഉമര്‍ ഖാലിദ് പ്രകോപനപരമായി പ്രസംഗം നടത്തിയെന്നാണ് പോലിസ് ആരോപിക്കുന്നത്. ഇതേ കേസില്‍ മറ്റു പലര്‍ക്കെതിരേയും കേസെടുത്തിട്ടുണ്ട്.
ജാമ്യമാണ് നിയമം എന്നതാണ് ഇന്ത്യന്‍ നീതിന്യായ വ്യവസ്ഥയുടെ മാത്രമല്ല, ഏത് വ്യവസ്ഥാപിത നിയമവ്യവസ്ഥയുടെയും അടിസ്ഥാന ആശയങ്ങളിലൊന്ന്. പക്ഷേ, ഈ ആശയങ്ങളൊന്നും എല്ലാവരുടെയും കാര്യത്തില്‍ നടപ്പാക്കാറില്ല. അതിനര്‍ത്ഥം ആര്‍ക്കും ഇത്തരം സൗകര്യങ്ങള്‍ ലഭിക്കുന്നില്ല എന്നല്ല, വ്യത്യസ്ത വിഭാഗങ്ങള്‍ക്ക് വ്യത്യസ്ത നീതിയെന്നതാണ് ഇന്ത്യന്‍ നീതിന്യായ വ്യവസ്ഥയുടെ പുതിയ രീതി. ഇതാ ചില ഉദാഹരണങ്ങള്‍.
ജാമ്യം നിഷേധിക്കപ്പെട്ടവര്‍
ഫഹദ് ഷാ(ദി കശ്മീരിവാലയുടെ എഡിറ്റര്‍)
പുല്‍വാമയിലെ ഏറ്റുമുട്ടലിന്നതിരെ ഫേസ്ബുക്കില്‍ എഴുതിയതിനാണ് ശ്രീനഗര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ദി കശ്മീരിവാലയുടെ എഡിറ്ററായ ഫഹദ് ഷായെ അറസ്റ്റ് ചെയ്തത്. ദേശവിരുദ്ധ ചിത്രങ്ങളും അഭിപ്രായങ്ങളും പങ്കുവച്ചുവെന്നാണ് ഇദ്ദേഹത്തിനെതിരേയുള്ള കേസ്. ഫെബ്രുവരി 26ന് കോടതി ജാമ്യം നല്‍കി. പക്ഷേ ഉടന്‍ ഷോപ്പിയാനിലെ മറ്റൊരു കേസില്‍ അറസ്റ്റിലായി. മാര്‍ച്ച് 5ന് വീണ്ടും ജാമ്യം ലഭിച്ചു. ഉടന്‍ മറ്റൊരു കേസില്‍ വീണ്ടും അറസ്റ്റ്. ഒരു മാസത്തിനുള്ളില്‍ 3 അറസ്റ്റ്.
സിദ്ദിഖ് കാപ്പന്‍ (മാധ്യമപ്രവര്‍ത്തകന്‍)
കേരള യൂനിയന്‍ ഓഫ് വര്‍ക്കിംഗ് ജേണലിസ്റ്റ്‌സ് (കെയുഡബ്ല്യുജെ) ഡല്‍ഹി യൂനിറ്റ് സെക്രട്ടറിയും പ്രസ് ക്ലബ് ഓഫ് ഇന്ത്യയില്‍ അംഗവുമായ സീനിയര്‍ റിപോര്‍ട്ടര്‍ സിദ്ദിഖ് കാപ്പന്‍ ഇപ്പോള്‍ 2 വര്‍ഷത്തിലേറെയായി ജയിലില്‍ കഴിയുകയാണ്. യുഎപിഎ പ്രകാരം തനിക്കെതിരേ എടുത്ത കേസുകള്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് അദ്ദേഹം സമര്‍പ്പിച്ച ജാമ്യാപേക്ഷ അലഹബാദ് ഹൈക്കോടതി മാര്‍ച്ച് 28ന് പരിഗണിക്കും. ഹഥ്രാസില്‍ ദലിത് പെണ്‍കുട്ടിയെ ബലാല്‍സംഗം ചെയ്ത് കൊന്ന സംഭവം കവര്‍ ചെയ്യാനാണ് കാപ്പന്‍ യാത്ര തിരിച്ചത്. പക്ഷേ, കാപ്പന്‍ ആ സ്ഥലത്ത് ഒരിക്കലും എത്തിയില്ല. അതീഖ് ഉര്‍റഹ്മാന്‍, മസൂദ് അഹമ്മദ്, ആലം എന്നീ മൂന്ന് പേര്‍ക്കൊപ്പം 2020 ഒക്ടോബര്‍ 5ന് മഥുര പോലിസ് അദ്ദേഹത്തെ അറസ്റ്റ് ചെയ്തു. അന്നു മുതല്‍ വ്യാജ ആരോപണങ്ങളുടെ പേരില്‍ കസ്റ്റഡിയിലാണ്. സമാധാന ലംഘനത്തിന് കാരണമായേക്കാമെന്ന വിലയിരുത്തലിനെ തുടര്‍ന്നാണ് അറസ്റ്റ് ചെയ്തതെങ്കിലും പിന്നീട് യുഎപിഎ ചുമത്തുകയായിരുന്നു. ഇന്നുവരെ ജാമ്യം ലഭിച്ചിട്ടില്ല.
ഗള്‍ഫിഷ ഫാത്തിമ വിദ്യാര്‍ത്ഥി ആക്ടിവിസ്റ്റ് & തസ്ലീം അഹമ്മദ്, ആക്ടിവിസ്റ്റ്
2020 ഫെബ്രുവരിയില്‍ വടക്ക് കിഴക്കന്‍ ഡല്‍ഹിയില്‍ പൊട്ടിപ്പുറപ്പെട്ട വര്‍ഗീയ കലാപത്തില്‍ ഗൂഢാലോചനക്കുറ്റം ചുമത്തിയാണ് യുഎപിഎ പ്രകാരം ഇവര്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്. കുറ്റപത്രവും അനുബന്ധ രേഖകളും പരിശോധിച്ചപ്പോള്‍ പ്രതികള്‍ക്കെതിരായ ആരോപണങ്ങള്‍ പ്രഥമദൃഷ്ട്യാ ശരിയാണെന്നും അതിനാല്‍ ഇളവ് നല്‍കാനാകില്ലെന്നും ചൂണ്ടിക്കാട്ടിയാണ് അഡീഷണല്‍ സെഷന്‍സ് ജഡ്ജി അമിതാഭ് റാവത്ത് ഫാത്തിമയുടെ ജാമ്യാപേക്ഷ തള്ളിയത്. വടക്ക് കിഴക്ക് ഡല്‍ഹിയിലെ കലാപത്തിന് മുമ്പും ആ സമയത്തും മറ്റുള്ളവര്‍ക്കൊപ്പം പ്രതിഷേധത്തില്‍ സജീവമായി പങ്കെടുത്തത് ചൂണ്ടിക്കാട്ടി അഹമ്മദിന്റെ ജാമ്യാപേക്ഷയും ജഡ്ജി തള്ളി.
ഫാദര്‍ സ്റ്റാന്‍ സ്വാമി(ജെസ്യൂട്ട് പുരോഹിതനും ആദിവാസി അവകാശ പ്രവര്‍ത്തകനും)
ജെസ്യൂട്ട് പുരോഹിതനും ആദിവാസി അവകാശ പ്രവര്‍ത്തകനുമായ ഫാദര്‍ സ്റ്റാന്‍ സ്വാമിയെ 2020 ഒക്ടോബര്‍ 8നാണ് അറസ്റ്റ് ചെയ്തത്. ഭീമാ കൊറേഗാവ് മാവോയിസ്റ്റ് ഗൂഢാലോചന കേസുമായി ബന്ധപ്പെട്ട് എന്‍ഐഎ ആണ് അറസ്റ്റ് ചെയ്തത്. 2021 ജൂലൈ 5ന് ജുഡീഷ്യല്‍ കസ്റ്റഡിയിലിരിക്കെ മുംബൈ ആശുപത്രിയില്‍ വച്ച് മരിച്ചു. അദ്ദേഹം തടവറയില്‍ പലതരത്തില്‍ പീഡിപ്പിക്കപ്പെട്ടതായി റിപോര്‍ട്ടുണ്ട്. യുഎന്‍ വര്‍ക്കിങ് ഗ്രൂപ്പും ഇതേ ആരോപണം ഉയര്‍ത്തി. അദ്ദേഹത്തിന്റെ കസ്റ്റഡി മരണം, ഇന്ത്യന്‍ ഗവണ്‍മെന്റിന്റെ ഭാഗത്തുനിന്നുണ്ടായ വീഴ്ചയാണെന്നും അത് മനുഷ്യാവകാശരംഗത്ത് ഇന്ത്യയുടെ മേലുള്ള തീരാ കളങ്കമാണെന്നും യുഎന്‍ വര്‍ക്കിങ് ഗ്രൂപ്പ് അറിയിച്ചു.
ഹാനി ബാബു (ഡല്‍ഹി യൂണിവേഴ്‌സിറ്റി പ്രൊഫസര്‍)
'ആരോപണങ്ങള്‍ പ്രഥമദൃഷ്ട്യാ ശരിയാണെന്ന് വിശ്വസിക്കുന്നതിന് ന്യായമായ കാരണങ്ങളുണ്ടെന്ന് ചൂണ്ടിക്കാട്ടി മുംബൈ പ്രത്യേക കോടതി ജഡ്ജി ദിനേഷ് ഇ കോതാലിക്കര്‍ ഡല്‍ഹി സര്‍വകലാശാലയിലെ അസോസിയേറ്റ് പ്രൊഫസര്‍ ഹാനി ബാബുവിന് ജാമ്യം നിഷേധിച്ചു.
മറാത്ത-ദലിത് വിഭാഗങ്ങള്‍ തമ്മില്‍ ഏറ്റുമുട്ടലുകള്‍ ഉണ്ടാകുന്നതിന് ഒരു ദിവസം മുമ്പ് ഭീമ കൊറേഗാവില്‍ 2017 ഡിസംബര്‍ 31ന് പുനെ നഗരത്തില്‍ നടന്ന എല്‍ഗാര്‍ പരിഷത്ത് സമ്മേളനത്തിന്റെ പേരിലാണ് ഹാനി ബാബുവിനെതിരേ കേസെടുത്തത്.
2020 ജൂലൈ 28ന് യുഎപിഎ പ്രകാരം അദ്ദേഹം അറസ്റ്റിലായി. തീവ്രവാദ സംഘടനയായി കണക്കാക്കപ്പെട്ടിരുന്ന സിപിഐ (മാവോയിസ്റ്റ്) അംഗമാണെന്നും മാവോയിസ്റ്റ് അംഗങ്ങളുമായി കത്തിടപാടുകള്‍ നടത്തിയിരുന്നതായും പോലിസ് ആരോപിക്കുന്നു.
ജാമ്യം ലഭിച്ചവര്‍
അശ്വിനി ഉപാധ്യായ, ബിജെപി നേതാവും സുപ്രിം കോടതി അഭിഭാഷകനും
ആഗസ്റ്റ് എട്ടിന് ജന്തര്‍ മന്തറില്‍ ഏകീകൃത വ്യക്തിനിയമത്തെ പിന്തുണച്ചുള്ള റാലിയുടെ ഭാഗമായിരുന്നു ഉപാധ്യായ. ഈ റാലിയില്‍ മുസ് ലിംകളെ വംശഹത്യ ചെയ്യണമെന്നാവശ്യപ്പെടുന്ന മുദ്രാവാക്യങ്ങള്‍ ഉയര്‍ന്നിരുന്നു. വെട്ടേറ്റ് കൊല്ലപ്പെടുമ്പോള്‍ മുസ് ലിംകളെക്കൊണ്ട് 'റാം റാം' എന്ന് വിളിക്കാന്‍ നിര്‍ബന്ധിക്കണമെന്ന് ജനക്കൂട്ടം വിളിച്ചുപറഞ്ഞു. മുസ് ലിം സമൂഹത്തിനെതിരായ അക്രമത്തിനുള്ള വ്യക്തമായ ആഹ്വാനമായിരുന്നു പരിപാടി. വര്‍ഗീയ മുദ്രാവാക്യം വിളിച്ചതിന് ആഗസ്റ്റ് 10ന് മറ്റ് അഞ്ച് പേര്‍ക്കൊപ്പം അശ്വിനി ഉപാധ്യായയെയും അറസ്റ്റ് ചെയ്തു. എന്നാല്‍ ഒരു ദിവസത്തിന് ശേഷം ഡല്‍ഹി കോടതി അദ്ദേഹത്തിന് 1000 രൂപ കെട്ടിവച്ച് ജാമ്യം അനുവദിച്ചു. പ്രതിക്കെതിരേ ആവശ്യമായ തെളിവുകളില്ലെന്ന് കോടതി കണ്ടെത്തി.
പ്രീത് സിംഗ്, ജന്തര്‍ മന്തര്‍ പരിപാടിയുടെ സംഘാടകന്‍
പ്രീത് സിംഗിന് കീഴ്‌ക്കോടതി ആദ്യം ജാമ്യം നിഷേധിച്ചു. മെട്രോപൊളിറ്റന്‍ മജിസ്‌ട്രേറ്റ് യുകെ ജെയിന്‍ മുദ്രാവാക്യം മുഴക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ കണ്ടിരുന്നു. കുറ്റാരോപിതരായ ദീപക് സിംഗും പ്രീത് സിംഗും ജനാധിപത്യവിരുദ്ധമായ പരാമര്‍ശങ്ങള്‍ നടത്തിയതായും മതേതരത്വ ചിന്തക്ക് എതിരാണെന്നും കോടതി നിരീക്ഷിച്ചു. പക്ഷേ, ഡല്‍ഹി ഹൈക്കോടതി ഇതൊന്നും പരിഗണിച്ചില്ല, ജാമ്യം അനുവദിച്ചു.
ഭൂപേന്ദര്‍ തോമര്‍ (പിങ്കി ചൗധരി), ഹിന്ദു രക്ഷാദള്‍ പ്രസിഡന്റ്
ആഗസ്റ്റില്‍ ജന്തര്‍ മന്തറില്‍ അശ്വിനി ഉപാധ്യായയും പ്രീത് സിംഗും പങ്കെടുത്ത അതേ പ്രതിഷേധത്തിനിടെയാണ് ഇയാളും അറസ്റ്റിലായത്. പ്രീത് സിങ്ങിന് അനുകൂലമായ ഡല്‍ഹി ഹൈക്കോടതി ഉത്തരവിന്റെ ബലത്തില്‍ ഇയാള്‍ക്കും ജാമ്യം ലഭിച്ചു.
കേന്ദ്രമന്ത്രി അജയ് മിശ്രയുടെ മകന്‍ ആശിഷ് മിശ്ര
2021 ഒക്ടോബര്‍ 3ലെ ലഖിംപൂര്‍ ഖേരി സംഭവവുമായി ബന്ധപ്പെട്ട് 2022 ഫെബ്രുവരി 10ന് അലഹബാദ് ഹൈക്കോടതിയുടെ ലഖ്‌നൗ ബെഞ്ച് മിശ്രയ്ക്ക് ജാമ്യം അനുവദിച്ചു. ലഖിംപൂര്‍ ഖേരി ജില്ലയിലെ ടിക്കോണിയ ഗ്രാമത്തില്‍ കര്‍ഷക ബില്ലിനെതിരേ പ്രതിഷേധിച്ച നാല് കര്‍ഷകരെയും ഒരു പ്രാദേശിക പത്രപ്രവര്‍ത്തകനെയും വണ്ടി കയറ്റിക്കൊലപ്പെടുത്തിയെന്നാരോപിച്ചായിരുന്നു അറസ്റ്റ്.
ഉത്തര്‍പ്രദേശില്‍ നിയമസഭാ തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വോട്ടെടുപ്പ് ആരംഭിച്ച അതേ ദിവസമാണ് ജാമ്യം ലഭിച്ചത്.
യതി നരസിംഹാനന്ദ സരസ്വതി, ദസ്‌നാ ദേവി മന്ദിറിന്റെ പ്രധാന പൂജാരി
ജനുവരി 15ന് ഹരിദ്വാറില്‍ നടന്ന ധര്‍മ്മ സന്‍സദുമായി ബന്ധപ്പെട്ട് വര്‍ഗീയ വിദ്വേഷ പ്രസ്താവനകള്‍ നടത്തിയെന്നാരോപിച്ച് നരസിംഹാനന്ദിനെ ഹരിദ്വാര്‍ പോലിസ് അറസ്റ്റ് ചെയ്തിരുന്നു.
കേസ് ഡയറി പ്രകാരം നരസിംഹാനന്ദിന്റെ പ്രസംഗം പ്രദേശത്തെ സാമുദായിക സൗഹാര്‍ദം തകര്‍ക്കാന്‍ സാധ്യതയുണ്ടെന്നും അദ്ദേഹത്തിന്റെ പ്രസ്താവനകള്‍ പ്രകോപനപരമാണെന്നും നിരീക്ഷിച്ച ഹരിദ്വാറിലെ ചീഫ് മജിസ്‌ട്രേറ്റ് കോടതി മുകേഷ് ആര്യയ്ക്ക് ജാമ്യം നിഷേധിച്ചു. എന്നാല്‍ ഫെബ്രുവരി 7ന് സെഷന്‍സ് ജഡ്ജി വിവേക് ഭാരതി ശര്‍മ്മ അദ്ദേഹത്തിനെതിരെ ചുമത്തിയ കുറ്റങ്ങള്‍ക്ക് 3 വര്‍ഷം വരെ തടവ് ശിക്ഷ മാത്രമേ ലഭിക്കൂ എന്ന് നിരീക്ഷിച്ച് ജാമ്യം അനുവദിച്ചു.
വാസ്തവത്തില്‍, നാല് പരാതികളുമായി ബന്ധപ്പെട്ടാണ് അദ്ദേഹത്തിനെതിരേ കേസെടുത്തത്. അവയില്‍ രണ്ടെണ്ണം ധര്‍മ് സന്‍സദ് വിദ്വേഷ പ്രസംഗങ്ങളുമായി ബന്ധപ്പെട്ടതാണ്. ഒന്ന് സ്ത്രീകള്‍ക്കെതിരായ ആക്ഷേപകരമായ പരാമര്‍ശങ്ങളുമായി ബന്ധപ്പെട്ടതും മറ്റൊന്ന് മാധ്യമപ്രവര്‍ത്തകനെ ആക്രമിച്ചതുമായി ബന്ധപ്പെട്ടതും. നാല് കേസുകളിലും ജാമ്യം ലഭിച്ച അദ്ദേഹം ഇപ്പോള്‍ സ്വതന്ത്രനായി വിഹരിക്കുന്നു!
എ.ജി പേരറിവാളന്‍
മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ ഘാതകരെ സഹായിച്ച കേസില്‍ എ.ജി പേരറിവാളന് ജാമ്യം ലഭിച്ചു, അതും 30 വര്‍ഷത്തിനു ശേഷം.
അമിതാഭ് താക്കൂര്‍, മുന്‍ ഐ.പി.എസ്
2021 ആഗസ്റ്റില്‍ ബലാത്സംഗക്കേസ് പ്രതിയായ ബിഎസ്പി എംപി അതുല്‍ റായിയെ കേസില്‍ നിന്ന് രക്ഷപ്പെടാന്‍ സഹായിച്ചകേസില്‍ 6 മാസത്തെ തടവിനു ശേഷം അമിതാഭ് താക്കൂറിന് ജാമ്യം ലഭിച്ചു. അലഹബാദ് ഹൈക്കോടതി ജസ്റ്റിസ് രാജീവ് സിംഗാണ് ജാമ്യം നല്‍കിയത്.
ഇസ്രത്ത് ജഹാന്‍, അഭിഭാഷകയും രാഷ്ട്രീയ പ്രവര്‍ത്തകയും
'അക്രമം, കലാപം, കൊലപാതകശ്രമം എന്നീ കുറ്റം ചുമത്തി 2020 ഫെബ്രുവരിയില്‍ അറസ്റ്റ് ചെയ്യപ്പെട്ട് 25 മാസം ജയിലില്‍ കഴിഞ്ഞതിനു ശേഷം 2022 മാര്‍ച്ചില്‍ ഇസ്രത്ത് ജഹാന് ജാമ്യം ലഭിച്ചു. ഒരു മാസത്തെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ കഴിഞ്ഞ ശേഷം ഇസ്രത്തിനും മറ്റ് നാല് പേര്‍ക്കും 2020 മാര്‍ച്ച് 21ന് അഡീഷണല്‍ സെഷന്‍സ് ജഡ്ജി മഞ്ജുഷ വാധ്വ ജാമ്യം അനുവദിച്ചിരുന്നു. അതേദിവസം യുഎപിഎ ചുമത്തി വീണ്ടും അറസ്റ്റ് ചെയ്തു. 2020 ജൂണില്‍ വിവാഹം കഴിക്കാന്‍ 10 ദിവസത്തെ അവധി നല്‍കി.
ചേതന്‍ കുമാര്‍ (ചേതന്‍ അഹിംസ), ആക്ടിവിസ്റ്റും കന്നഡ ചലച്ചിത്ര നടനും
ഹിജാബ് നിരോധന കേസ് പരിഗണിക്കുന്ന ജഡ്ജിക്കെതിരെ വിവാദ പരാമര്‍ശം നടത്തിയതിനായിരുന്നു അറസ്റ്റ്. ഒരു ബലാത്സംഗക്കേസില്‍ ജസ്റ്റിസ് കൃഷ്ണ ദീക്ഷിത് അസ്വസ്ഥതയുണ്ടാക്കുന്ന പരാമര്‍ശങ്ങള്‍ നടത്തിയതിനെക്കുറിച്ച് എഴുതിയ രണ്ട് വര്‍ഷം പഴക്കമുള്ള ട്വീറ്റ് ഇദ്ദേഹം വീണ്ടും പോസ്റ്റ് ചെയ്തു. അതേ ജഡ്ജി തന്നെയാണോ 'സര്‍ക്കാര്‍ സ്‌കൂളുകളില്‍ ഹിജാബ് സ്വീകാര്യമാണോ അല്ലയോ എന്ന് തീരുമാനിക്കുന്നത്' എന്നായിരുന്നു ചോദ്യം. കേസില്‍ പിന്നീട് അദ്ദേഹത്തിന് ജാമ്യം ലഭിച്ചു.