ന്യൂയോര്‍ക്ക് ടൈംസും വാഷിങ്ടണ്‍ പോസ്റ്റും വ്യാജപത്രങ്ങള്‍: ട്രംപ് രണ്ടു പത്രങ്ങളുടെയും വായന നിര്‍ത്തുന്നു
ഈ പത്രങ്ങള്‍ വ്യാജവിവരങ്ങളാണ് ജനങ്ങളിലെത്തിക്കുന്നതെന്നും അതിന്റെ ഭാഗമാണ് നടപടിയെന്നും വൈറ്റ് ഹൗസ് വക്താവ് സ്റ്റെഫൈന്‍ ഗ്രിഷാം
ന്യൂയോര്‍ക്ക്:അമേരിക്കയിലെ പ്രമുഖ പത്രങ്ങളായ ന്യൂയോര്‍ക്ക് ടൈംസിനും വാഷിങ്ടണ്‍ പോസ്റ്റിനുമെതിരേ ഡൊണാള്‍ഡ് ട്രംപ് രംഗത്ത്. രണ്ടും വ്യാജപത്രങ്ങളാണെന്നും പ്രസിഡന്റ് ഇനി മുതല്‍ അവ വായിക്കുകയില്ലെന്നും വൈറ്റ് ഹൗസ് വക്താവ് സ്റ്റെഫൈന്‍ ഗ്രിഷാം എഫ്പി ന്യൂസിനോട് പറഞ്ഞു. ഈ പത്രങ്ങള്‍ വ്യാജവിവരങ്ങളാണ് ജനങ്ങളിലെത്തിക്കുന്നതെന്നും അതിന്റെ ഭാഗമാണ് നടപടിയെന്നും ഗ്രിഷാം വ്യക്തമാക്കി.
സര്‍ക്കാരുമായി ബന്ധപ്പെട്ട എല്ലാ ഫെഡറല്‍ ഏജന്‍സികളോടും ഈ പത്രങ്ങളുടെ സബ്‌സ്‌ക്രിപ്ഷന്‍ നിര്‍ത്തണമെന്ന് വൈറ്റ്ഹൗസ് നിര്‍ദേശിച്ചു. അതുവഴി ജനങ്ങളുടെ നികുതിപ്പണം ലാഭിക്കാനും കഴിയുമെന്ന് ഗ്രിഷാം വാള്‍സ്ട്രീറ്റ് ജേര്‍ണലിനു നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കി. ഈ പത്രങ്ങളില്‍ നല്ല നിരവധി പത്രപ്രവര്‍ത്തകരുണ്ടെന്നും പ്രസിഡന്റ് ഈ പത്രം വായിച്ചില്ലെങ്കിലും അവര്‍ നല്ല പത്രപ്രവര്‍ത്തനം തുടരുമെന്നും വൈറ്റ് ഹൗസ് കറസ്‌പോണ്ടന്റ്്‌സ് അസോസിയേഷന്‍ പ്രസിഡന്റ് ജൊനാതന്‍ കാള്‍ പറഞ്ഞു.
ടൈസും വാഷിങ്ടണ്‍ പോസ്റ്റും അമേരിക്കയിലെ ഏറ്റവും വലിയ പത്രങ്ങളല്ലെങ്കിലും വൈറ്റ്ഹൗസിന്റെ നയരൂപീകരണത്തില്‍ പങ്കുവഹിക്കുന്ന മാധ്യമങ്ങളായാണ് കണക്കാക്കുന്നത്. ഫോക്‌സ് ന്യൂസാണ് പ്രസിഡന്റിന്റെ ഇഷ്ടമാധ്യമമെന്നാണ് പുറത്തുവന്ന വിവരം.