വാളേന്തിയുള്ള ദുര്‍ഗാവാഹിനി റൂട്ട് മാര്‍ച്ചിനെതിരേ പരാതിക്കാരുണ്ടായിട്ടും സ്വമേധയാ കേസ്; ആര്യങ്കോട് പോലിസ് നടപടി വിവാദമാവുന്നു
റൂട്ട് മാര്‍ച്ചിന് നേതൃത്വം നല്‍കിയ വിഎച്ച്പി-ആര്‍എസ്എസ് നേതാക്കള്‍ക്കെതിരേ കേസെടുക്കാതെ പോലിസ് ഒളിച്ചുകളി
തിരുവനന്തപുരം: വാളുകളുമായി വിഎച്ച്പിയുടെ വനിതാവിഭാഗമായ ദുര്‍ഗാവാഹിനി നടത്തിയ റൂട്ട് മാര്‍ച്ച് കേസ് അട്ടിമറിക്കാന്‍ സാധ്യത. വാളേന്തിയുള്ള റൂട്ട് മാര്‍ച്ചിനെതിരേ പോപുലര്‍ ഫ്രണ്ട് ഉള്‍പ്പെടെ നിരവധി സംഘടനകള്‍ പരാതി നല്‍കിയിട്ടും സ്വമേധയാ കേസെടുത്ത പോലിസ് നടപടിയാണ് വിവാദമായിരിക്കുന്നത്. കേസിനെ ഭാവിയില്‍ ദുര്‍ബലപ്പെടുത്താനുള്ള നീക്കത്തിന്റെ ഭാഗമാണ് പോലിസ് മനപ്പൂര്‍വം സ്വമേധയ കേസെടുത്തതെന്നാണ് വിമര്‍ശനം. പരാതിക്കാരുണ്ടെങ്കില്‍ സ്വാഭാവികമായും കേസിന്റെ തുടര്‍നടപടികളെക്കുറിച്ച് അന്വേഷിക്കുകയും പിന്‍തുടരുകയും ചെയ്യും. അത്തരം അന്വേഷണങ്ങള്‍ ഒഴിവാക്കി ഭാവിയില്‍ കേസ് എഴുതി തള്ളാനുള്ള നീക്കത്തിന്റെ ഭാഗമാണ് സ്വമേധയാ പോലിസ് കേസെടുത്തത്.
പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ കണ്ടള ഏരിയ സെക്രട്ടറി നവാസാണ് റൂട്ട് മാര്‍ച്ചിനെതിരേ ആദ്യം ഡിവൈഎസ്പിയ്ക്കും പിന്നീട് ആര്യങ്കോട് പോലിസിലും പരാതി നല്‍കിയത്. പിന്നീട് വെല്‍ഫെയര്‍ പാര്‍ട്ടി, എസ്ഡിപിഐ, വ്യക്തികള്‍ എന്നിവര്‍ മാര്‍ച്ചിനെതിരേ പരാതി നല്‍കി. പരാതിയുണ്ടായിട്ടും സ്വമേധയാ കേസെടുത്തതിനെക്കുറിച്ച്, ഒന്നിലധികം പരാതി ഉള്ളതുകൊണ്ടാണ് സ്വമേധയാകേസെടുത്തതെന്നാണ് ആര്യങ്കോട് എസ്എച്ച്ഒ പി ശ്രീകുമാരന്‍ നായര്‍ പറയുന്നത്.
ദുര്‍ഗാവാഹിനിയുടെ ഒരാഴ്ച നീണ്ട് നിന്ന കാംപില്‍ വിഎച്ച്പി-ആര്‍എസ്എസ് നേതാക്കള്‍ വര്‍ഗ്ഗീയ വിഷം ചീറ്റുന്ന പ്രഭാഷണം നടത്തിയിരുന്നു. കാംപില്‍ മുസ്‌ലിം ആരാധനാലയങ്ങളായ ഗ്യാന്‍വാപി മസ്ജിദിലും മഥുരയിലെ ഈദ് ഗാഹ് മസ്ജിദിലും ബാബരി മസ്ജിദ് സംഭവം ആവര്‍ത്തിക്കുമെന്ന് വിഎച്ച്പി സംസ്ഥാന സെക്രട്ടറി വി ആര്‍ രാജശേഖരന്‍ പറഞ്ഞതായി 2022 മെയ് 23ലെ ജന്മഭൂമി പത്രം റിപോര്‍ട്ട് ചെയ്യുന്നു. ഇതില്‍ നിന്നെല്ലാം ഇതര മതവിശ്വാസികള്‍ക്കും അവരുടെ ആരാധനാലങ്ങള്‍ക്കുമെതിരായ ആക്രമണത്തിനുള്ള പരിശീലനമാണ് നല്‍കിയതെന്നു വ്യക്തമാവുകയാണ്. മതസ്പര്‍ധ വളര്‍ത്തുന്ന പ്രസംഗം നടത്തിയിട്ടും പോലിസ് 153എ ചാര്‍ജ് ചെയ്തിട്ടില്ല. ഇത് സംബന്ധിച്ച് പരാതിക്കാര്‍ ആര്യങ്കോട് എസ്എച്ച്ഓയോട് ചോദിച്ചപ്പോള്‍ അതിനുള്ള തെളിവില്ലെന്നാണ് പറഞ്ഞത്.
ആയുധപരിശീലന ക്യാംപില്‍ 200 ലധികം വനിതകളാണ് പങ്കെടുത്തത്.
പോപുലര്‍ ഫ്രണ്ടിന്റെ പരാതിയില്‍ ആയുധ നിയമപ്രകാര 425(1-B)(b)മാണ് ആര്യങ്കോട് പോലിസാണ് കേസെടുത്തത്. 143-നിയമവിരുദ്ധ കൂടിച്ചേരല്‍, 144-മാരകായുധങ്ങളുമായി സംഘംചേരല്‍, 147-വര്‍ഗീയ ലഹള, 153-വര്‍ഗീയ കലാപത്തിന് പ്രേരിപ്പിക്കല്‍, 149 എന്നീ വകുപ്പികളാണ് ചുമത്തിയിരിക്കുന്നത്. നെയ്യാറ്റിന്‍കര കീഴാറൂര്‍ സരസ്വതി വിദ്യാലയത്തിലാണ് വിശ്വഹിന്ദു പരിഷത്തിന്റെ വനിതാ വിഭാഗമായ ദുര്‍ഗാവാഹിനിയുടെ ദിവസങ്ങള്‍ നീണ്ട ശൗര്യ പ്രശിക്ഷണ്‍ വര്‍ഗ് നടന്നത്. കാംപിന്റെ സമാപന ദിവസമായ 22ന് വാളേന്തി പഥസഞ്ചലനവും നടന്നു. ഈ പഥസഞ്ചലനത്തില്‍ മുന്നിലും പിന്നിലുമായി എട്ടോളം യുവതികള്‍ വാളുകള്‍ ഉര്‍ത്തിപ്പിടിച്ചു വര്‍ഗീയ മുദ്രാവാക്യം മുഴക്കി പ്രകടനം നടത്തി. ഇതില്‍ പങ്കെടുത്ത മറ്റ് സ്ത്രീകളും മതസ്പര്‍ധയുണ്ടാക്കുന്ന മുദ്രാവാക്യങ്ങള്‍ വിളിച്ചിരുന്നു. ഇവര്‍ക്ക് പുറമെ പഥസഞ്ചലനത്തിന്റെ മുഖ്യസംഘാടകരായി ആര്‍എസ്എസ്, വിഎച്ച്പി നേതാക്കളും പ്രവര്‍ത്തകരുമുണ്ടായിരുന്നു.
ഇവരുടെ ആയുധപരിശീലനവും ആയുധങ്ങളേന്തിയുള്ള പഥസഞ്ചലനവും മറ്റ് സമുദായങ്ങള്‍ക്കിടയില്‍ ഭീതിയുണ്ടാക്കിയിട്ടുണ്ട്. പരസ്യമായി മാരകായുധങ്ങള്‍ പ്രദര്‍ശിപ്പിച്ചു പരിശീലനം ലഭിച്ച യുവതികള്‍ തെരുവിലൂടെ വര്‍ഗീയ മുദ്രാവാക്യങ്ങള്‍ വിളിച്ചു പ്രകടനം നടത്തിയത് സംസ്ഥാന ചരിത്രത്തില്‍ തന്നെ അപൂര്‍വ സംഭവമാണ്. യുവതികളോടൊപ്പം പെണ്‍കുട്ടികളെയും പഥസഞ്ചലനത്തില്‍ പങ്കെടുപ്പിച്ചു.
കൂടാതെ പെണ്‍കുട്ടികളെ പങ്കെടുപ്പിച്ചത് ബാലാവകാശ ലംഘനവുമാണ്. ദിവസങ്ങള്‍ നീണ്ടുനിന്ന ആയുധ പരിശീലന ക്യാംപിനെക്കുറിച്ചും ദുരൂഹത ഏറുകയാണ്. ആര്‍എസ്എസ്സിന്റെയും വിശ്വഹിന്ദു പരിഷത്തിന്റെയും പരിശീലനം ലഭിച്ച നേതാക്കളും പ്രവര്‍ത്തകരുമാണ് ഈ ക്യാംപിന് നേതൃത്വം നല്‍കിയിട്ടുള്ളത്.
ആയുധ പരിശീലന കാംപിന് നേതൃത്വം നല്‍കിയത് ആര്‍എസ്എസ്-വിഎച്ച്പി നേതാക്കളാണ്. അവരുടെ പേരുവിവരങ്ങള്‍ മാധ്യമങ്ങളിലടക്കം വ്യക്തമായിരിക്കെ അവര്‍ക്കെതിരേ നടപടി സ്വീകരിക്കാന്‍ പോലിസ് മടിക്കുകയാണ്. വിഎച്ച്പി സംസ്ഥാന സെക്രട്ടറി വി ആര്‍ രാജശേഖരനാണ് ക്യാംപില്‍ മുഖ്യപ്രഭാഷണം നടത്തിയത്. ഡോ. നാരായണ റാവു, ആര്‍ ഗോപകുമാര്‍, കെ ജയകുമാര്‍, ഡോ. ഭദ്രന്‍ എന്നിവരും പരിപാടിയില്‍ സംസാരിച്ചു.
വിഎച്ച്പി സംസ്ഥാന സെക്രട്ടറി വി ആര്‍ രാജശേഖരന്‍, ജോയിന്റ് സെക്രട്ടറി എം കെ ദിവാകര്‍, ദുര്‍ഗാവാഹിനി സംസ്ഥാന സംയോജിക റോഷ്‌നി എന്നിവരാണ് പരിപാടിക്ക് കാര്‍മികത്വം വഹിച്ചത്. ആയുധപരിശീലന ക്യാംപിനെക്കുറിച്ച് സമഗ്രമായ അന്വേഷണം നടത്തി സംഘാടകര്‍ക്കെതിരേ നടപടി സ്വീകരിക്കണമെന്ന് സാമൂഹ്യമാധ്യമങ്ങളിലടക്കം ആവിശ്യമുയരുന്നുണ്ട്.
ആയുധ പരിശീലനവും വിദ്വേഷവും പരത്തുന്ന കാംപും റൂട്ട് മാര്‍ച്ചും സംഘടിപ്പിച്ച ആര്‍എസ്എസ്-വിഎച്ച്പി നേതാക്കള്‍ക്കെതിരേ കേസെടുക്കണമെന്നാവശ്യപ്പെട്ട് എസ്ഡിപിഐ തിരുവനന്തപുരം ജില്ലാ ജനറല്‍ സെക്രട്ടറി ഷബീര്‍ ആസാദ് റൂറല്‍ എസ്പിയ്ക്ക് പരാതി നല്‍കിയിട്ടുണ്ട്.
ആഴ്ചകള്‍ക്ക് മുന്‍പ് സംഘപരിവാര്‍ സംഘടിപ്പിച്ച, വംശീയ വിഷം ചീറ്റിയ അനന്തപുരി ഹിന്ദുസമ്മേളനത്തിന് നേതൃത്വം നല്‍കിയവര്‍ക്കും പ്രസംഗിച്ചവര്‍ക്കും എതിരേ പോലിസ് കേസെടുക്കാന്‍ പോലും തയ്യാറായിട്ടില്ല. മുസ്‌ലിം ഭരണാധികാരികളുടെ ബലാല്‍സംഗഭീഷണിയില്‍ നിന്ന് രക്ഷനേടാനാണ് യുദ്ധത്തില്‍ കൊല്ലപ്പെട്ടവരുടെ ഭാര്യമാര്‍ സതി അനുഷ്ഠിച്ചതെന്ന് കാസ സംസ്ഥാനപ്രസിഡന്റ് കെവിന്‍ പീറ്റര്‍ പ്രസംഗിച്ചിരുന്നു. ഇതിന് പുറമെ മുസ്‌ലിം പെണ്‍കുട്ടികള്‍ ഐഎഎസ്-ഐപിഎസ് മേഖലകളിലേക്ക് കയറിപ്പറ്റി ഉദ്യോഗസ്ഥ അസന്തുലിതാവസ്ഥ സൃഷ്ടിക്കാന്‍ ഗുഢാലോചന നടത്തുന്നുവെന്ന് കലാകൗമുദി കോര്‍ഡിനേറ്റിങ് എഡിറ്റര്‍ വടയാര്‍ സുനിലും പ്രസംഗിച്ചിരുന്നു. പക്ഷേ, വംശീയ പ്രഭാഷണം നടത്തിയവര്‍ക്കെതിരെയോ ഹിന്ദുസമ്മേളനസംഘാടകര്‍ക്കെതിരെയോ നടപടി സ്വീകരിക്കാന്‍ പോലിസ് തയ്യാറായിട്ടില്ല.