ഇ എം അബ്ദുര്‍റഹ്മാന്‍
ഇന്ത്യയിലെന്നപോലെ കേരളത്തിലെയും ഏറ്റവും വലിയ മതന്യൂനപക്ഷ സമുദായമാണ് മുസ്‌ലിംകള്‍. ദേശീയ ശരാശരിയെക്കാള്‍ വളരെ മുന്നിലാണ് കേരളത്തിലെ മുസ്‌ലിം ജനസംഖ്യ; 26.6 ശതമാനം. 2011ലെ സെന്‍സസ് പ്രകാരം 3.34 കോടിയാണ് കേരളത്തിലെ മുസ്‌ലിം ജനസംഖ്യ. 10 വര്‍ഷത്തിനിടയില്‍ 16 ലക്ഷത്തിന്റെ വര്‍ധന. സംസ്ഥാനത്ത് മുസ്‌ലിംകളുടെ ജനസംഖ്യാ വര്‍ധനയുടെ അനുപാതം മറ്റു സമുദായങ്ങളെക്കാള്‍ കൂടുതലാണെങ്കിലും ആ വ്യത്യാസം ഓരോ സെന്‍സസ് കഴിയുമ്പോഴും കുറഞ്ഞുവരുന്നതായും കണക്കുകള്‍ കാണിക്കുന്നു. മുസ്‌ലിം ജനസംഖ്യാ നിരക്കിലെ ഈ നേരിയ വര്‍ധനയുടെ ഉത്തരവാദിത്തം അവരുടെ മതത്തിനുമേല്‍ ആരോപിക്കുന്നത് പതിവാണെങ്കിലും ഇതുവരെ തെളിയിക്കപ്പെടാത്ത ഒരു ആരോപണമാണത്. മതമല്ല, സാമൂഹികവും സാമ്പത്തികവും വിദ്യാഭ്യാസപരവുമായ പിന്നാക്കാവസ്ഥയിലാണ് ജനസംഖ്യാ വര്‍ധനയുടെ വേരുകള്‍ എന്നാണ് എല്ലാ പഠനങ്ങളും കണ്ടെത്തിയിട്ടുള്ളത്. ഇന്ത്യയിലെയും കേരളത്തിലെയും ഏറ്റവും വലിയ മതന്യൂനപക്ഷ സമുദായമായ മുസ്‌ലിംകളെ ഏറ്റവും വലിയ പിന്നാക്ക സമുദായമെന്ന ദുരവസ്ഥയില്‍നിന്നു മോചിപ്പിക്കുകയാണ് മുസ്‌ലിം ജനസംഖ്യയെക്കുറിച്ച് വിലപിക്കുന്നവര്‍ ഏറ്റെടുത്തു നിര്‍വഹിക്കേണ്ട ഉത്തരവാദിത്തം.
സ്വാശ്രയ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ മുസ്‌ലിം പങ്കാളിത്തം
പിന്നിട്ട 25 വര്‍ഷത്തിനിടയില്‍ കേരളത്തിലെ മുസ്‌ലിംകള്‍ക്കിടയില്‍ വിദ്യാഭ്യാസപരമായി വമ്പിച്ച ഉണര്‍വ് ഉണ്ടായിട്ടുണ്ടെന്നത് അനിഷേധ്യമാണ്. നമ്മുടെ സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്ന മത-സാമൂഹിക സംഘടനകളും ഏജന്‍സികളും ഏറ്റവും കൂടുതല്‍ അധ്വാനവും വിഭവങ്ങളും ചെലവഴിക്കുന്നത് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ സ്ഥാപിച്ചു നടത്തുന്നതിലാണ്. മഹല്ല് ജമാഅത്തുകളുടെയും പ്രാദേശിക കൂട്ടായ്മകളുടെയും ആഭിമുഖ്യത്തില്‍ കിന്റര്‍ഗാര്‍ട്ടന്‍ (കെജി) മുതല്‍ ഹയര്‍ സെക്കന്‍ഡറി വരെയുള്ള സ്‌കൂളുകള്‍ ധാരാളമാണ്. വിദ്യാഭ്യാസ മേഖലയില്‍ നിന്നുള്ള സര്‍ക്കാരിന്റെ പിന്മാറ്റ നയത്തിന്റെ ഫലമായി കേരളത്തില്‍ കഴിഞ്ഞ ഒരു പതിറ്റാണ്ടിനിടയിലുണ്ടായ സ്വാശ്രയ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പെരുപ്പത്തില്‍ മുസ്‌ലിം സമുദായത്തിന്റെ പങ്ക് ക്രിസ്ത്യന്‍-നായര്‍-ഈഴവ സമുദായങ്ങളെക്കാള്‍ കൂടുതലാണെന്ന് അനുമാനിക്കാവുന്നതാണ്. മറ്റു സംഘടിത സമുദായങ്ങള്‍ സര്‍ക്കാര്‍ ഫണ്ട് തങ്ങൡലേക്കു സമര്‍ഥമായി തിരിച്ചുവിടുന്നതില്‍ ഇപ്പോഴും ശ്രദ്ധകേന്ദ്രീകരിക്കുമ്പോള്‍, കേരളത്തിലെ മുസ്‌ലിംകള്‍ പ്രൈമറി സ്‌കൂള്‍ മുതല്‍ മെഡിക്കല്‍ കോളജ് വരെ സ്വന്തം ചെലവില്‍ നടന്നുകിട്ടിയാല്‍ മതിയെന്നു തീരുമാനിക്കുന്നതിന്റെ അടിസ്ഥാനം അന്വേഷിക്കപ്പെടേണ്ടതാണ്.
വിദ്യാഭ്യാസ മേഖലയില്‍ കേരള മുസ്‌ലിംകളുടെ ആപേക്ഷികമായ മുന്നാക്കാവസ്ഥയും പിന്നാക്കാവസ്ഥയും അനുമാനങ്ങളുടെ അടിസ്ഥാനത്തില്‍ മാത്രം നിശ്ചയിക്കാന്‍ കഴിയുന്നതല്ല. വിദ്യാഭ്യാസത്തില്‍ തങ്ങള്‍ പിന്നാക്കാവസ്ഥ മറികടന്നു മുന്നാക്കാവസ്ഥയിലെത്തിയെന്നത് ഈയിടെയായി വിവിധ വേദികളില്‍നിന്ന് ഉയര്‍ന്നുകേള്‍ക്കുന്ന ഒരു അവകാശവാദമാണ്. മലപ്പുറം ജില്ലയില്‍നിന്ന് എസ്എസ്എല്‍സി പാസാവുന്ന മുസ്‌ലിം കുട്ടികളുടെ എണ്ണം, മുസ്‌ലിം വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ വര്‍ധന, കേന്ദ്ര സര്‍വകലാശാലകളിലും പ്രീമിയര്‍ ഇന്‍സ്റ്റിറ്റിയൂട്ടുകളിലും കാണുന്ന ഹിജാബ് ധരിച്ച മലയാളി പെണ്‍കുട്ടികളുടെ സാന്നിധ്യം തുടങ്ങിയ കാര്യങ്ങള്‍ ആവര്‍ത്തിച്ചുകൊണ്ടിരിക്കുന്നത് സമുദായത്തെ കൂടുതല്‍ ഉത്തേജിപ്പിക്കുന്നതിനു സഹായിച്ചേക്കാം. എന്നാല്‍, തദ്സ്ഥിതിയില്‍ ആശ്വസിക്കുകയോ അഹങ്കരിക്കുകയോ ചെയ്യാന്‍ കേവലം ഉപരിപ്ലവമായ നിരീക്ഷണങ്ങള്‍ പോരാ. കൃത്യമായ പഠനങ്ങള്‍ ആവശ്യമാണ്. ദൗര്‍ഭാഗ്യവശാല്‍ കേരള മുസ്‌ലിംകളുടെ വിദ്യാഭ്യാസ സ്ഥിതി അപഗ്രഥിക്കുന്ന സമഗ്രമായ പഠനങ്ങളോ ആധാരമാക്കാന്‍ കഴിയുന്ന വസ്തുതാവിവരങ്ങളോ സമീപകാലത്ത് വലിയതോതില്‍ ലഭ്യമല്ല. സച്ചാര്‍ കമ്മിറ്റി (2006), മിശ്ര കമ്മീഷന്‍ (2007), കുണ്ടു കമ്മിറ്റി (2014) എന്നീ മുസ്‌ലിം-ന്യൂനപക്ഷ കേന്ദ്രീകൃത റിപോര്‍ട്ടുകള്‍ക്കു ശേഷം കേന്ദ്രസര്‍ക്കാരില്‍നിന്നു നാഷനല്‍ സാംപിള്‍ സര്‍വേ ഫലങ്ങള്‍ പോലും ലഭ്യമല്ലാത്ത അവസ്ഥയാണ് ബിജെപി ഭരണത്തിനു കീഴില്‍ നേരിട്ടുകൊണ്ടിരിക്കുന്നത്. കേരളത്തിലേക്കു വരുമ്പോള്‍, വിവിധ ജാതികളുടെയും സമുദായങ്ങളുടെയും വിദ്യാഭ്യാസ നില താരതമ്യം ചെയ്യുന്ന ഔദ്യോഗിക റിപോര്‍ട്ടുകള്‍ സമീപകാലത്തൊന്നും പ്രസിദ്ധീകരിക്കപ്പെട്ടതായി കാണുന്നില്ല. 2006ലെ ശാസ്ത്രസാഹിത്യ പരിഷത്ത് പഠനമാണ് ഇപ്പോഴും ഉദ്ധരിക്കപ്പെടുന്നത്. രാജ്യം ജനാധിപത്യത്തില്‍നിന്നു ഭൂരിപക്ഷാധിപത്യത്തിലേക്കു (ഫ്രം ഡെമോക്രസി ടു മെജോറിറ്റേറിയനിസം) നീങ്ങിക്കൊണ്ടിരിക്കുമ്പോള്‍, സമുദായങ്ങള്‍ക്കിടയിലുള്ള അസന്തുലിതത്വം മറച്ചുവയ്ക്കുന്നതാണ് സമര്‍ഥമായ ഭരണകൂട തന്ത്രം. എല്ലാ ജനവിഭാഗങ്ങള്‍ക്കും തുല്യ വളര്‍ച്ചയെന്നത്, ഭൂരിപക്ഷ ഫാഷിസത്തിലേക്കു നീങ്ങിക്കൊണ്ടിരിക്കുന്ന നമ്മുടെ രാജ്യത്ത് ഒരവകാശമായി ഉന്നയിക്കുന്നതുപോലും നാളെ ദേശവിരുദ്ധതയായി വ്യാഖ്യാനിക്കപ്പെട്ടേക്കാം.
കേരള മുസ്‌ലിംകള്‍ പിന്നിലോ മുന്നിലോ?
കേരളത്തിലെ മുസ്‌ലിം സമുദായം ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളിലെ തങ്ങളുടെ സഹോദരങ്ങളെക്കാള്‍ വിദ്യാഭ്യാസപരമായി മുന്‍പന്തിയിലാണെന്നത് പൊതുവില്‍ ശരിയാണ്. ഈ തിരിച്ചറിവ് കേരളത്തിലെ വിവിധ സംഘടനകളെ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലേക്കു വിദ്യാഭ്യാസ ദൗത്യവുമായി കടന്നുചെല്ലാന്‍ ഇടയാക്കിയത് തികച്ചും ശ്ലാഘനീയവുമാണ്. സാക്ഷരതയിലും പ്രൈമറി വിദ്യാഭ്യാസത്തിലും കേരളത്തിലെ മുസ്‌ലിംകള്‍ മറ്റിടങ്ങളിലെ മുസ്‌ലിംകളെക്കാള്‍ മുന്നിലാണെന്നു തന്നെയാണ് ലഭ്യമായ എല്ലാ പഠനങ്ങളും വെളിപ്പെടുത്തുന്നത്. എന്നാല്‍, ഉന്നത വിദ്യാഭ്യാസ മേഖലയില്‍-ബിരുദ തലത്തില്‍- മറ്റു സംസ്ഥാനങ്ങളിലെ മുസ്‌ലിംകള്‍ നമ്മെക്കാള്‍ മുന്നിലാണെന്നു ചില പഠനങ്ങള്‍ സൂചിപ്പിക്കുന്നു (മുഹമ്മദ് ഹനീഫ, ജേണല്‍ ഓഫ് മുസ്‌ലിം മൈനോറിറ്റി അഫയേഴ്‌സ്, 2019).
ഒരു നിശ്ചിത കാലയളവില്‍ പഠിക്കുന്ന കുട്ടികളുടെയും പഠിപ്പിക്കുന്ന സ്ഥാപനങ്ങളുടെയും എണ്ണത്തിലുണ്ടാവുന്ന വര്‍ധനയുടെ അടിസ്ഥാനത്തില്‍ മാത്രം വിദ്യാഭ്യാസരംഗത്തെ വളര്‍ച്ച തീരുമാനിക്കാനാവില്ല. അതേ കാലയളവില്‍ പൊതു ശരാശരിയിലും മറ്റു സമുദായങ്ങളുടെ അവസ്ഥയിലും ഉണ്ടായ മാറ്റത്തിന്റെ തോത് താരതമ്യം ചെയ്തുകൊണ്ടു മാത്രമേ, കേരള മുസ്‌ലിംകള്‍ മുന്നിലാണോ പിന്നിലാണോ എന്നു നിശ്ചയിക്കാനാവൂ. തിരുവനന്തപുരം സെന്റര്‍ ഫോര്‍ ഡെവലപ്‌മെന്റ് സ്റ്റഡീസിലെ കെ സി സക്കറിയ്യയുടെ പഠനം (2016) സൂചിപ്പിക്കുന്നത് കേരളത്തിലെ മുസ്‌ലിംകള്‍ ഹിന്ദു, ക്രിസ്ത്യന്‍ വിഭാഗങ്ങളെക്കാള്‍ പിന്നാക്കം തന്നെയാണെന്നാണ്. മെച്ചപ്പെട്ട വരുമാനവും മെച്ചപ്പെട്ട പാര്‍പ്പിടവും മുസ്‌ലിംകള്‍ക്കു സ്വായത്തമാണ്. ഗള്‍ഫ് സ്വാധീനം തന്നെയായിരിക്കാം കാരണം. പ്രവാസികള്‍ 41 ശതമാനവും മുസ്‌ലിംകളാണ്. എന്നാല്‍, വിദ്യാഭ്യാസത്തില്‍ മുസ്‌ലിംകള്‍ ക്രിസ്ത്യന്‍-ഹിന്ദു വിഭാഗങ്ങളെക്കാള്‍ കേരളത്തില്‍ പിന്നില്‍ തന്നെയാണ്. സ്‌കൂള്‍ വിദ്യാഭ്യാസത്തിന്റെ നില ഇങ്ങനെയാണ്. ക്രിസ്ത്യന്‍-54.5, ഹിന്ദു-50.8, മുസ്‌ലിം 38.7, സംസ്ഥാന ശരാശരി-48.4. സര്‍ക്കാര്‍ സര്‍വീസിലേക്കുള്ള ചവിട്ടുപടിയാണല്ലോ വിദ്യാഭ്യാസ യോഗ്യത. മുസ്‌ലിംകളില്‍നിന്നു 3.7 ശതമാനം മാത്രമാണ് സര്‍ക്കാര്‍ സര്‍വീസിലുള്ളത്. ഹിന്ദുക്കളിലും ക്രിസ്ത്യാനികൡ നിന്നുമുള്ളവര്‍ യഥാക്രമം 10.6, 9.5 ശതമാനമാണ്.
ഇത്തരം കണക്കുകള്‍ക്കുമപ്പുറം ചര്‍ച്ചചെയ്യപ്പെടേണ്ടതാണ് കേരള മുസ്‌ലിംകളുടെ വിദ്യാഭ്യാസ മുന്‍ഗണനയുടെ പ്രശ്‌നങ്ങള്‍. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, വിദ്യാര്‍ഥികള്‍, കോഴ്‌സുകള്‍, നടത്തിപ്പും നിലവാരവും, സാധ്യതകളും അധികപ്പറ്റുകളും തുടങ്ങി വിവിധ കോണുകളിലൂടെ, സാക്ഷരത മുതല്‍ ഗവേഷണം വരെയുള്ള തലങ്ങള്‍ കൃത്യമായ വസ്തുതാശേഖരണവും വിശകലനവും താല്‍പ്പര്യപ്പെടുന്നതാണ്. തദടിസ്ഥാനത്തില്‍ കേരള മുസ്‌ലിംകളുടെ വിദ്യാഭ്യാസ മുന്‍ഗണനകള്‍ പുതുക്കിനിശ്ചയിക്കാന്‍ കഴിയണം. സമുദായത്തിന്റെ മനുഷ്യവിഭവശേഷിയും സാമ്പത്തിക വിഭവശേഷിയും ആസൂത്രണരഹിതമായി വിനിയോഗിക്കുന്നതിനു പകരം മുസ്‌ലിം വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങളുടെ ദിശ നിര്‍ണയിച്ചുകൊടുക്കാന്‍ പ്രാപ്തമായ ഒരു വിദഗ്ധ സമിതിയും മേല്‍നോട്ട സംവിധാനവും സംസ്ഥാന തലത്തിലുണ്ടാവണം. മുസ്‌ലിം വിദ്യാഭ്യാസ മേഖലയില്‍ സജീവമായ ഏജന്‍സികളും സ്ഥാപനങ്ങളും നിലവിലെ തങ്ങളുടെ നിര്‍ണിത അജണ്ടകള്‍ക്കു പുറത്തു പൊതുവായ ആസൂത്രണത്തിന്റെയും ഏകോപനത്തിന്റെയും ഈ ചുമതല നിര്‍വഹിക്കാന്‍ മുന്നോട്ടുവരണം. മുസ്‌ലിം സമുദായം കേരളത്തില്‍ ന്യൂനപക്ഷമായി തന്നെ തുടരട്ടെ. എന്നാല്‍, പിന്നാക്കത്തില്‍നിന്നു കരകയറ്റി മുന്നാക്കമാക്കേണ്ടത് സമുദായ നേതൃത്വത്തിന്റെ ഉത്തരവാദിത്തമാണ്. അതു സര്‍ക്കാരില്‍ നിന്നു നേടിയെടുക്കേണ്ട അവകാശം മാത്രമായി ചുരുക്കിക്കാണരുത്. (തേജസ് ദൈ്വവാരിക പ്രസിദ്ധീകരിച്ചത്)