തിരഞ്ഞെടുപ്പ് കമ്മീഷണര്‍ സുനില്‍ അറോറ ജനുവരി 20ന് പശ്ചിമ ബംഗാള്‍ സന്ദര്‍ശിക്കും
ന്യൂഡല്‍ഹി: പശ്ചിമ ബംഗാളില്‍ തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിനു മുന്നോടിയായി തിരഞ്ഞെടുപ്പ് കമ്മീഷണര്‍ സുനില്‍ അറോറ പശ്ചിമ ബംഗാള്‍ സന്ദര്‍ശിക്കും. ജനുവരി 20 മുതല്‍ 22 വരെയുളള ദിവസങ്ങളില്‍ അദ്ദേഹം സംസ്ഥാനത്ത് തിരഞ്ഞെടുപ്പ് പ്രക്രിയയുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ യോഗം വിളിക്കുകയും ഇതുവരെയുള്ള തിരഞ്ഞെടുപ്പ് ക്രമീകരണങ്ങളെക്കുറിച്ച് വിലയിരുത്തുകയും ചെയ്യും.
സംസ്ഥാനത്ത് സ്വതന്ത്രവും സുതാര്യമായി തിരഞ്ഞെടുപ്പ് നടത്തണമെന്ന ആവശ്യവുമായി പ്രതിപക്ഷനേതാവും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ അബ്ദുല്‍ മന്നന്‍ തന്നെ സന്ദര്‍ശിച്ചിരുന്നതായി ഗവര്‍ണര്‍ ജഗ്ദീപ് ധന്‍ഖര്‍ പറഞ്ഞു.
തിരഞ്ഞെടുപ്പ് കമ്മീഷന്‍ മാറ്റിനിര്‍ത്തിയ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ മമതാ സര്‍ക്കാര്‍ സുപ്രധാന സ്ഥാനങ്ങളില്‍ നിയോഗിച്ചിരിക്കുന്നതായും അത് തിരഞ്ഞെടുപ്പ് പ്രക്രിയ സുതാര്യമായി നടത്തുന്നതിന് തടസ്സമാണെന്നും കോണ്‍ഗ്രസ് നേതാക്കള്‍ പരാതിപ്പെട്ടതായും ഗവര്‍ണര്‍ പറഞ്ഞു. ഇക്കാര്യം തിരഞ്ഞെടുപ്പ് കമ്മീഷനെ അറിയിക്കണമെന്നാണ് പ്രതിപക്ഷത്തിന്റെ ആവശ്യം.
മമതാ സര്‍ക്കാരിന്റെ കാലാവധി മെയ് 30ന് അവസാനിക്കുകയാണ്. 294 സീറ്റുകളിലേക്കാണ് പശ്ചിമ ബംഗാളില്‍ തിരഞ്ഞെടുപ്പ് നടക്കുന്നത്.