അടിയന്തരാവസ്ഥ തെറ്റാണെന്ന് എല്ലാവര്‍ക്കുമറിയാം; രാഹുലിന്റെ പരാമര്‍ശത്തില്‍ പ്രതികരിച്ച് നിതീഷ് കുമാര്‍
പട്‌ന: ഇന്ത്യയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത് തെറ്റാണെന്ന് രാജ്യത്തെ എല്ലാവര്‍ക്കും അറിയാമെന്ന് ബീഹാര്‍ മുഖ്യമന്ത്രി നിതീഷ്‌കുമാര്‍.
''രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത് തെറ്റാണെന്ന് എല്ലാവര്‍ക്കും അറിയാം. പ്രഖ്യാപിച്ചത് ആരാണെന്നും അറിയാം. അടിയന്തരാവസ്ഥക്കാലത്ത് നിരവധി പേര്‍ അറസ്റ്റിലായി. ജനങ്ങളുടെ മൗലികാവകാശങ്ങള്‍ നിഷേധിക്കപ്പെട്ടു. ഇത് എല്ലാവര്‍ക്കും അറിയാം. രാഹുല്‍ ഇത്തരം കാര്യങ്ങളെക്കുറിച്ച് സംസാരിക്കുകയാണെങ്കില്‍ അതിനുമുമ്പ് ഇക്കാര്യങ്ങളെക്കുറിച്ചും ആലോചിക്കണം''- നിതീഷ് കുമാര്‍ പരിഹസിച്ചു.
ഒരു അമേരിക്കന്‍ സര്‍വകലാശാല സംഘടിപ്പിച്ച വെബിനാറില്‍ പങ്കെടുക്കുന്നതിനിടയിലാണ് കോണ്‍ഗ്രസ് മുന്‍ പ്രസിഡന്റു കൂടിയായ രാഹുല്‍ അടിയന്തരാവസ്ഥയെ തള്ളിപ്പറഞ്ഞത്. തന്റെ മുത്തശ്ശിയായ മുന്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത് ശരിയായിരുന്നില്ലെന്ന് രാഹുല്‍ വ്യക്തമാക്കിയിരുന്നു. ഇതിനെതിരേയാണ് നിതീഷിന്റെ പരാമര്‍ശം.