ശക്തമായ കാറ്റും മഴയും: മാള മേഖലയില്‍ വ്യാപകമായ നാശനഷ്ടം

Update: 2021-03-11 15:16 GMT

മാള: വ്യാഴാഴ്ച ഉച്ചക്ക് ശേഷമുണ്ടായ ശക്തമായ കാറ്റത്തും മഴയത്തും മാള മേഖലയില്‍ വ്യാപകമായ നാശനഷ്ടം. അന്നമനട ഗ്രാമപഞ്ചായത്തിലെ വെണ്ണൂരിലാണ് കൂടുതല്‍ നാശനഷ്ടങ്ങളുണ്ടായത്. കുന്നത്ത് പറമ്പില്‍ കുഞ്ഞാവര ജോണ്‍സന്റെ തോട്ടത്തില്‍ നിരവധി വാഴകള്‍ ഒടിഞ്ഞുവീണു.

കുന്നത്തു പറമ്പില്‍ ഔസേപ്പിന്റെയും മാതൃഭൂമി ഏജന്റായ ചില്ലായി മടത്തില്‍ ചന്ദ്രന്റെയും ജാതികള്‍ മറിഞ്ഞുവീണു.

കര്‍ഷകര്‍ക്ക് മതിയായ നഷ്ട്പരിഹാരം നല്‍കാന്‍ അധികാരികള്‍ ജാഗ്രത കാണിക്കണമെന്ന് സിപിഎം ലോക്കല്‍ കമ്മറ്റി സെക്രട്ടറി അവശ്യപെട്ടു.

കുഴൂര്‍ ഗ്രാമപഞ്ചായത്തിലെ കൊച്ചുകടവില്‍ ശക്തമായുണ്ടായ കാറ്റില്‍ തെങ്ങുകള്‍ ഒടിഞ്ഞും മറിഞ്ഞും വീണ് വ്യാപകമായ നാശനഷ്ടങ്ങളുണ്ടായി. കൊച്ചുകടവ്-കുണ്ടൂര്‍ റോഡില്‍ ഇന്ദിരാജി ഷെല്‍ട്ടറിന് സമീപത്തായി തെങ്ങു വീണ് അഞ്ച് വൈദ്യുതി പോസ്റ്റുകള്‍ തകര്‍ന്നു. 11 കെ വി ലൈന്‍ കടന്നുപോകുന്ന പോസ്റ്റുകളാണ് തകര്‍ന്നത്. മണിക്കൂറുകളോളം വൈദ്യുതി ബന്ധം തകരാറിലായി. വൈകുന്നേരം വരെ വൈദ്യുതി വകുപ്പ് ജീവനക്കാരും മറ്റും ശ്രമിച്ചെങ്കിലും വൈദ്യുതി ബന്ധം പുനഃസ്ഥാപിക്കാനായില്ല.

റോഡിലെ ഗതാഗത തടസ്സം ഒഴിവാക്കാനായെങ്കിലും വൈദ്യുതി പോസ്റ്റുകള്‍ മാറ്റിയാലേ നൂറോളം വീടുകളിലേക്കുള്ള വൈദ്യുതി ബന്ധം പുനഃസ്ഥാപിക്കാനാകൂ. ബാക്കി ഭാഗങ്ങളില്‍ വൈകീട്ട് 6.45 ഓടെ വൈദ്യുതി ബന്ധം പുനസ്ഥാപിക്കാനായി. ഉച്ചക്ക് ശേഷം മൂന്നരയോടെയുണ്ടായ അതിശക്തമായ കാറ്റില്‍ കുറേയേറെ നാശനഷ്ടങ്ങളുണ്ടായിട്ടുണ്ട്.

Similar News