ബ്രിട്ടീഷ് ഭരണകാലത്ത് പോലും കാര്‍ഷിക നിയമം പിന്‍വലിച്ചിരുന്നു; കാര്‍ഷിക നിയമങ്ങള്‍ റദ്ദാക്കണമെന്ന് ഗുലാം നബി ആസാദ്

Update: 2021-02-03 10:47 GMT

ന്യൂഡല്‍ഹി: കേന്ദ്രം ഏര്‍പ്പെടുത്തിയ മൂന്ന് കാര്‍ഷിക നിയമങ്ങളും റദ്ദാക്കണമെന്ന് രാജ്യസഭയിലെ പ്രതിപക്ഷ നേതാവ് ഗുലാം നബി ആസാദ്. പ്രതിഷേധത്തെ തുടര്‍ന്ന് ബ്രിട്ടീഷ് ഭരണകാലത്ത് പോലും കാര്‍ഷിക നിയമം പിന്‍വലിച്ചിരുന്നുവെന്ന് ഗുലാം നബി ആസാദ് ചൂണ്ടിക്കാട്ടി. ഡല്‍ഹി അതിര്‍ത്തിയില്‍ കര്‍ഷക പ്രക്ഷോഭം തുടരുന്ന സാഹചര്യത്തില്‍ വിവാദ നിയമങ്ങളെക്കുറിച്ചുള്ള ചര്‍ച്ചയ്ക്കിടെയാണ് പ്രതിപക്ഷം ഇക്കാര്യം തുറന്നടിച്ചത് .

നിയമങ്ങള്‍ക്കെതിരെ മുദ്രാവാക്യം മുഴക്കിയ ആം ആദ്മി പാര്‍ട്ടി എംപിമാരെ ഒരു ദിവസത്തേക്ക് പുറത്താക്കി. കര്‍ഷക പ്രതിഷേധം പാര്‍ലമെന്റില്‍ ചര്‍ച്ച 15 മണിക്കൂറോളം നീണ്ടുനിന്നു. ചെങ്കോട്ട അക്രമം ഒരു തരത്തിലും അംഗീകരിക്കുന്നില്ല. എന്നാല്‍ നിരപരാധികള്‍ക്കെതിരെ കേസെടുക്കുന്നത് പ്രധാനമന്ത്രി ഇടപെട്ട് തിരുത്തണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു. ശശി തരൂര്‍ രാജ്യദ്രോഹിയാണെങ്കില്‍ നമ്മളെല്ലാവരും രാജ്യദ്രോഹികളാണെന്നും ഗുലാംനബി ആസാദ് പറഞ്ഞു. . റിപ്പബ്ലിക് ദിനത്തിലെ കര്‍ഷക റാലിയില്‍ ഡല്‍ഹിയിലെ അക്രമത്തെ അപലപിച്ച ഗുലാം നബി ആസാദ് ജനുവരി 26 മുതല്‍ കാണാതായവരേക്കുറിച്ച് അന്വേഷിക്കാന്‍ കമ്മറ്റി രൂപീകരിക്കണമെന്നും പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടു. അക്രമം സൃഷ്ടിച്ച കുറ്റവാളികള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.




Similar News