നിങ്ങൾക്ക് ചിലതൊക്കെ ചെയ്യാൻ കഴിയും പ്രിയപ്പെട്ട രാഹുൽ!

ഒരു തലമുറ നിങ്ങളിൽ വീണ്ടും പ്രതീക്ഷ വച്ച് തുടങ്ങുന്നുണ്ട്. ഒളിച്ചോടാതെ മുന്നിൽ നിന്ന് നയിക്കുക.

Update: 2019-12-06 03:12 GMT

ഹസ്‌കര്‍ ആര്‍ കെ

രാഹുൽ ഗാന്ധിയും സഫയും ആണല്ലോ ഇന്നത്തെ താരങ്ങൾ. ഇന്ന് ഈ വാർത്ത കണ്ടപ്പോൾ, രാഹുലിനോട് നേരത്തേ ഉണ്ടായിരുന്ന ഇഷ്ടം ഇരട്ടിച്ചു. തന്നെ തന്നെ പ്രമോട്ട് ചെയ്യുന്ന ഒരു പദ്ധതിയാണ് രാഹുൽ നടപ്പിലാക്കിയത് എന്നതിലൊന്നും ഒരു സംശയവുമില്ല. അങ്ങനെ സ്വയം പ്രമോട്ട് ചെയ്യുന്നത് ഒരു തെറ്റൊന്നുമല്ല. നമ്മളൊക്കെ ചെയ്തു കൊണ്ടിരിക്കുന്നതിൽ ഏറിയും കുറഞ്ഞുമൊക്കെ ഈ സെൽഫ് പ്രമാേഷന്റെ അംശങ്ങളുണ്ട്.

കരുവാരക്കുണ്ട് പ്രദേശത്തെ ചിലരും സ്ഥിരമായി വാർത്ത കാണുന്ന മറ്റ് പ്രദേശങ്ങളിലെ കുറച്ച് പേരും മാത്രം അറിയുമായിരുന്ന ഒരു ഉദ്ഘാടന പരിപാടി, കേരളത്തിൽ മാത്രമല്ല പുറത്തും ചർച്ചയാവാൻ കാരണമായത് ഈ ഒരാെറ്റ നീക്കമാണ്.

ഏതോ ഒരുത്തൻ രാഹുലിനെ കാണാനില്ല എന്ന പേരിൽ പോലീസ് കേസ് ഫയൽ ചെയ്തിരിക്കുന്ന സാഹചര്യത്തിൽ പ്രത്യേകിച്ചും ഇങ്ങനെയൊരു ജനശ്രദ്ധ രാഹുലിന് അത്യാവശ്യമുള്ള സമയമായിരുന്നു ഇത്.

അങ്ങനെയൊരു ജനശ്രദ്ധയ്ക്ക് വേണ്ടി വിവാദപരമായ ഒരു പ്രസ്താവനയോ വിമർശനമോ നടത്തിയാലും മതിയെന്നിരിക്കെ അതിനൊന്നും തുനിയാതെ, സ്നേഹത്തിന്റെയും കരുണയുടെയും പരിഗണനയുടെയും പ്രോത്സാഹനത്തിന്റെയും കുട്ടികളോടുള്ള കരുതലിന്റെയും ഒക്കെ കൂടിയ ഒരു മാർഗ്ഗം സ്വീകരിച്ചതിലൂടെ സ്വയം ജനമനസ്സുകളിൽ കയറി എന്ന് മാത്രമല്ല, ആരും അതുവരെ അറിഞ്ഞിട്ടില്ലാത്ത ഒരു പെൺകുട്ടിയെ തനിക്കൊപ്പം ജനഹൃദയങ്ങളിലേക്ക് കൈ പിടിച്ച് നടത്തുകയും ചെയ്തു എന്നിടത്താണ് നേതാവെന്ന നിലയിൽ രാഹുൽ വിജയിക്കുന്നത്.

വിദ്വേഷത്തിന്റേതല്ല, സ്നേഹത്തിന്റേതാണ് തനിക്ക് പ്രിയപ്പെട്ട മാർഗ്ഗമെന്ന് പറയാതെ പറയാൻ കഴിയുന്നു എന്നതാണ് രാഹുലിന്റെ പ്രത്യേകത.... സഭയിലെ ആലിംഗനം മുതലായ പല സന്ദർഭങ്ങൾ കൊണ്ട് രാഹുലത് തെളിയിച്ചിട്ടുണ്ട് മുമ്പും. സഫയെയും പൊതു വിദ്യാഭ്യാസത്തെയും മറ്റും മുൻ നിർത്തി ഒരുപാട് കാണുകയും കേൾക്കുകയും ചെയ്തു.

അതിനിടയിൽ ഇതും പ്രസക്തമാണ് എന്ന് തോന്നിയതിനാലാണ് ഇത്രയും പറഞ്ഞത്. നിങ്ങൾക്ക് ചിലതൊക്കെ ചെയ്യാൻ കഴിയും പ്രിയപ്പെട്ട രാഹുൽ.  ഒരു തലമുറ നിങ്ങളിൽ വീണ്ടും പ്രതീക്ഷ വച്ച് തുടങ്ങുന്നുണ്ട്. ഒളിച്ചോടാതെ മുന്നിൽ നിന്ന് നയിക്കുക. അടിമുടി മാറ്റി പണിയേണ്ട ഒരു താപ്പാനക്കൊട്ടിലാണ് നിലവിലെ കോൺഗ്രസ് എന്നറിയാം.... എന്നാലും ശ്രമിച്ചാൽ നിങ്ങൾക്കത് പുതുക്കിപ്പണിയാനാവും. ആശംസകൾ.

Tags:    

Similar News