നിയമസഭാ അംഗത്വം റദ്ദാക്കപ്പെട്ട ഗുജറാത്തിലെ ബിജെപി മന്ത്രി തിരഞ്ഞെടുപ്പ് അട്ടിമറിച്ചത് ഉദ്യോഗസ്ഥരെ വശപ്പെടുത്തി; വിശദാംശങ്ങള്‍ ഇതാ

ഇത്തവണത്തെ നിയമസഭയില്‍ ബിജെപിയിലെ പല എംഎല്‍എമാരും ചെറിയ മാര്‍ജിനിലാണ് തിരഞ്ഞെടുക്കപ്പെട്ടത്. അതില്‍ പലതും കേസിലുമാണ്. ആ കേസുകളില്‍ ബിജെപിക്കെതിരേ വിധിവന്നാല്‍ ഇന്ത്യയിലെ വലിയൊരു തിരഞ്ഞെടുപ്പ് അട്ടിമറിയായിരിക്കും പുറത്തുവരുന്നത്.

Update: 2020-05-12 18:48 GMT

ന്യൂഡല്‍ഹി: ബിജെപിയുടെ നിയമ, വിദ്യാഭ്യാസ മന്ത്രി ഭൂപേന്ദ്രസിന്‍ ചുദസാമയുടെ തിരഞ്ഞെടുപ്പ് ഫലം ഇന്ന് ഹൈക്കോടതി റദ്ദാക്കി. ദോര്‍ക മണ്ഡലത്തില്‍ നിന്ന് 2017 ലെ തിരഞ്ഞെടുപ്പിലാണ് ചുദസാമ നിയമസഭയിലെത്തിയത്. ആ തിരഞ്ഞെടുപ്പ് ഫലമാണ് ഗുജറാത്ത് ഹൈക്കോടതിയിലെ ജസ്റ്റിസ് പരേഷ് ഉപാധ്യായ അധ്യക്ഷനായ ബെഞ്ച് ഇന്ന് റദ്ദാക്കിയത്. തിരഞ്ഞെടുപ്പില്‍ വ്യാപകമായ വെട്ടിപ്പും നടപടിക്രമങ്ങളുടെ ലംഘനവും നടന്നതായി കോടതി ഉത്തരവില്‍ പറയുന്നു.

കോണ്‍ഗ്രസ് നേതാവും ചുദസാമ ജയിച്ച ദോര്‍ക മണ്ഡലത്തിലെ രണ്ടാം സ്ഥാനക്കാരനുമായ അശ്വിന്‍ റാത്തോട് ആണ് ചുദസാമയ്‌ക്കെതിരേ ഹൈക്കോടതിയെ സമീപിച്ചത്. വെറും 327 വോട്ടിനാണ് അശ്വിന്‍ റാത്തോട് രണ്ടാം സ്ഥാനത്തെത്തിയത്. തിരഞ്ഞെടുപ്പില്‍ ഗുരുതരമായ ക്രമക്കേട് നടന്നതായി റാത്തോട് ആരോപിച്ചു. പല പോസ്റ്റല്‍ വോട്ടുകളും എണ്ണിയില്ലെന്നും നിരവധി തിരഞ്ഞെടുപ്പ് നടപടിക്രമങ്ങള്‍ ബിജെപിയ്ക്കു വേണ്ടി തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന്‍ അട്ടിമറിച്ചുവെന്നും അശ്വിന്‍ വാദിച്ചു.  


 വിശദമായ അന്വേഷണത്തില്‍ ഒടുവില്‍ കോടതി അത് ശരിവച്ചു. 73 സിറ്റിങ്ങിനു ശേഷമാണ് കോടതിയുടെ ഉത്തരവ്. നിലവില്‍ വിജയ് റുപാനി മന്ത്രിസഭയിലെ നിരവധി സുപ്രധാന വകുപ്പുകള്‍ കൈകാര്യം ചെയ്യുന്ന മന്ത്രിയാണ് ഭൂപേന്ദ്രസിന്‍ ചുദസാമ.

വോട്ട് എണ്ണുന്ന സ്ഥലത്തുവച്ച് ഉദ്യോഗസ്ഥരുടെ ഒത്താശയോടെ തിരിമറി നടന്നുവെന്നാണ് കോടതി കണ്ടെത്തിയത്. ദോല്‍കയിലെ ഡപ്യൂട്ടി കലക്ടര്‍ ധാവല്‍ ജാനിയാണ് ഇതിനുള്ള സൗകര്യങ്ങള്‍ ഒരുക്കിക്കൊടുത്തത്. ജാനി 429 പോസ്റ്റല്‍ വോട്ടുകളില്‍ തിരിമറി നടത്തി. മാത്രമല്ല, റാത്തോടിന് ലഭിച്ച 29 വോട്ടുകള്‍ ആ ഉദ്യോഗസ്ഥന്‍ എണ്ണാതെ വിട്ടു. എണ്ണിത്തീര്‍ന്നപ്പോള്‍ ജയിച്ച ആള്‍ക്ക് 1,59,946 വോട്ടും തോറ്റയാള്‍ക്് 1,59,917 വോട്ടുമാണ് ഉണ്ടായിരുന്നത്. 29 വോട്ട് എണ്ണാതെ വിട്ടാണ് ഈ വ്യത്യാസം സൃഷ്ടിച്ചതെന്നാണ് കോടതിയുടെ ഒരു കണ്ടെത്തല്‍.

മാത്രമല്ല, വോട്ട് എണ്ണുന്നിടത്ത് ഡപ്യൂട്ടി കലക്ടര്‍ ബിജെപിക്കുവേണ്ടി നിരവധി കള്ളക്കളികളും നടത്തി. അവിടെ നിന്ന് കോടതിയില്‍ സമര്‍പ്പിച്ച സിസിടിവി ദൃശ്യങ്ങളില്‍ ഡെ. കലക്ടര്‍ തന്റെ ഫോണില്‍ പുറത്തുള്ളവരുമായി സംസാരിക്കുന്നത് വ്യക്തമാണ്. മന്ത്രിയുടെ സെക്രട്ടറി ധര്‍മിന്‍ മേത്ത വോട്ടെണ്ണുന്ന സ്ഥലത്ത് നിയമവിരുദ്ധമായി വന്നതായും കോടതിക്ക് ബോധ്യപ്പെട്ടു. മാത്രമല്ല, ഡെ. കലക്ടറും മറ്റ് ഉദ്യോഗസ്ഥരും ചേര്‍ന്ന് പ്രശ്‌നം തീരും മുമ്പ് താന്‍ തിരഞ്ഞെടുപ്പ് ഫലം പറത്തുവിടാന്‍ പോകുന്നുവെന്ന് പറഞ്ഞതും കോടതി ചൂണ്ടിക്കാട്ടി.

ഇതിനിടയില്‍ ജസ്റ്റിസ് ഉപാധ്യായയ്‌ക്കെതിരേ ഭൂപേന്ദ്രസിന്‍ ചുദസാമ വലിയ ആരോപണമുന്നയിച്ചു. ജഡ്ജി പക്ഷപാതപരമായി പെരുമാറുന്നുവെന്നാണ് ചുദസാമ ആരോപിച്ചത്. അതുംപറഞ്ഞ് അദ്ദേഹം സുപ്രിം കോടതിയെ സമീപിക്കുകയും ചെയ്തു. അടുത്ത ഹിയറിങ്ങില്‍ ജഡ്ജി പൊട്ടിത്തെറിച്ചു. തുടര്‍ന്ന് ചുദസാമ മാപ്പ് പറഞ്ഞു. എന്തായാലും അവസാനത്തെ യുദ്ധത്തില്‍ ബിജെപിക്ക് പരാജയം ഏറ്റുവാങ്ങേണ്ടിവന്നു. സുപ്രിം കോടതിയില്‍ അപ്പീലിനു പോകാന്‍ ചുദസാമയ്ക്ക് അവകാശമുണ്ട്.

ഇത്തവണത്തെ നിയമസഭയില്‍ ബിജെപിയിലെ പല എംഎല്‍എമാരും ചെറിയ മാര്‍ജിനിലാണ് തിരഞ്ഞെടുക്കപ്പെട്ടത്. അതില്‍ പലതും കേസിലുമാണ്. ആ കേസുകളില്‍ ബിജെപിക്കെതിരേ വിധിവന്നാല്‍ ഇന്ത്യയിലെ വലിയൊരു തിരഞ്ഞെടുപ്പ് അട്ടിമറിയായിരിക്കും പുറത്തുവരുന്നത്. 

Tags:    

Similar News