വീഡിയോ പിടിവള്ളിയായി; യുവതിയെ മര്‍ദിച്ച പോലിസുകാര്‍ക്കെതിരേ മാസങ്ങള്‍ക്ക് ശേഷം കടുത്ത നടപടി (വീഡിയോ)
ഫരീദാബാദ്: യുവതിയെ മര്‍ദിച്ച അഞ്ചുപോലിസുകാര്‍ക്കെതിരേ മാസങ്ങള്‍ക്ക് ശേഷം നടപടിയുമായി ഹരിയാന പോലിസ്. കഴിഞ്ഞ ഒക്ടോബറിലാണ് യുവതിയെ ചോദ്യംചെയ്യാനെത്തിയ പോലിസുകാര്‍ മര്‍ദിക്കുന്ന സംഭവം നടന്നത്. സംഭവത്തില്‍ പങ്കെടുത്ത രണ്ടു കോണ്‍സ്റ്റബിള്‍മാര്‍ക്ക് സസ്‌പെന്‍ഷനും മൂന്നു സ്‌പെഷ്യല്‍ ഉദ്യോഗസ്ഥരെ ജോലിയില്‍ നിന്ന് നീക്കുകയും ചെയ്തു. മര്‍ദിച്ച രണ്ടുപേരെ അറസ്റ്റ് ചെയ്യുകയും ചെയ്തിട്ടുണ്ട്. ഹെഡ് കോണ്‍സ്റ്റബിള്‍മാരായ ബാല്‍ദേവ്, രോഹിത്ത് എന്നിവര്‍ക്ക് സസ്‌പെന്‍ഷനും എസ്പിഒമാരായ കൃഷന്‍, ഹര്‍പാല്, ദിനേഷ് എന്നിവരെ ജോലിയില്‍ നിന്നും പുറത്താക്കുകയുമായിരുന്നു.
കഴിഞ്ഞ ഒക്ടോബറില്‍ ഹരിയാനയിലെ ഫരീദാബാദിലാണ് രാത്രി പോലിസ് പിടിയിലായ യുവതിക്കെതിരേ മര്‍ദനം നടന്നത്. ചോദ്യം ചെയ്യവെ ബെല്‍റ്റ് കൊണ്ട് യുവതിയെ അടിക്കുകയായിരുന്നു. മര്‍ദനത്തെ തുടര്‍ന്ന് യുവതി പോലിസിന് ഒരു നമ്പര്‍ കൈമാറുകയും കൂടുതലൊന്നും തനിക്ക് അറിയില്ലെന്നും പറഞ്ഞു. എന്നാല്‍ പോലിസ് ഇത് കൂട്ടാക്കാതെ മര്‍ദനം തുടരുകയായിരുന്നു. പോലിസുകാരില്‍ ഒരാളാണ് വീഡിയോ പകര്‍ത്തിയത്. തുടര്‍ന്ന് ഇത് പ്രചരിപ്പിക്കുകയും ചെയ്തു. പോലിസ് അതിക്രമത്തില്‍ യുവതി പരാതി നല്‍കിയിരുന്നില്ല. എന്നാല്‍ പ്രചരിപ്പിക്കപ്പെട്ട വീഡിയോ കണ്ട് സംസ്ഥാന വനിതാ കമ്മീഷന്റെ ഇടപെടലിലാണ് പോലിസുകാര്‍ക്കെതിരായ നടപടി.