ഹിന്ദുവായ സുനാലി പിള്ളയുടെ മുക്കുത്തിയും മുസ് ലിം പെണ്‍കുട്ടികളുടെ തട്ടവും തമ്മിലെന്ത്?

Update: 2022-02-16 14:40 GMT

ഹിജാബ് നിരോധനം ഇപ്പോള്‍ രാജ്യത്തെ പിടിച്ചുകുലുക്കുകയാണ്. ഇത് വെറുമൊരു ശിരോവസ്ത്ര നിരോധനം മാത്രമല്ലെന്നും മുസ് ലിംകളുടെ പൗരാവകാശങ്ങള്‍ എടുത്തുമാറ്റുന്നതിന്റെ ഭാഗം മാത്രമാണെന്ന കാര്യം പകല്‍പോലെ വ്യക്തമാണ്. ഹിജാബിനെതിരേയുള്ള നീക്കം മുസ്‌ലിം പെണ്‍കുട്ടികളുടെ പരിഷ്‌കാരത്തിന്റെയും സ്വാതന്ത്ര്യത്തിന്റെ ഭാഗമാണെന്ന് കാണുന്ന അപൂര്‍വമായ ചിലരുണ്ടെങ്കിലും ഇത് കൂടുതല്‍ കൂടുതല്‍ മുസ് ലിം പേടിയുടെ ഭാഗമാണെന്ന് വ്യക്തമായിക്കഴിഞ്ഞു.

കര്‍ണാടകയില്‍ നിന്നാണ് ഹിജാബ് നിരോധനത്തിന്റെ അലയൊലി കേട്ടുതുടങ്ങിയത്. ഹിജാബ് ധരിച്ചെത്തിയ പെണ്‍കുട്ടികളെ പുറത്താക്കാന്‍ ആവശ്യപ്പെട്ട് ഹിന്ദുത്വരായ ചിലര്‍ കാവിഷാളുമായി എത്തിയതോടെ പ്രതിസന്ധി രൂക്ഷമായി. ഇത് മുതലെടുത്ത് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഹിജാബ് പോലുള്ള മതചിഹ്നങ്ങളുമായി വിദ്യാലയങ്ങളിലെത്തരുതെന്ന് നിര്‍ദേശിച്ചു. പെണ്‍കുട്ടികളില്‍ ചിലര്‍ ഹൈക്കോടതിയെ സമീപിച്ചു. അന്തിമ വിധി വരുന്നതുവരെ മതചിഹ്നങ്ങളുമായി വരരുതെന്നായിരുന്നു കര്‍ണാടക ഹൈക്കോടതിയുടെയും നിര്‍ദേശം.

ഹിജാബ് വിഷയത്തില്‍ പെണ്‍കുട്ടികളുടെ വാദം ഹൈക്കോടതിയില്‍ തുടരുകയാണ്. ഇന്നും വാദം നടന്നു. പെണ്‍കുട്ടികളുടെ അഭിഭാഷകനായ ദേവദത്ത് കമ്മത്ത് സുപ്രധാനമായ ഒരു വിധി കോടതിക്ക് മുന്നില്‍വച്ചു. ദക്ഷിണാഫ്രിക്കയിലെ സുനാലി പിള്ളയെന്ന ഹിന്ദു തമിഴ് പെണ്‍കുട്ടിയുടെ അനുഭവമാണ് അദ്ദേഹം കോടതിയ്ക്കു മുന്നില്‍ വച്ചത്. 

സുനാലി പിള്ള

ഡര്‍ബന്‍ ഗേള്‍സ് സ്‌കൂളിലെ വിദ്യാര്‍ത്ഥിയായിരുന്നു സുനാലി പിള്ള. അവള്‍ തമിഴ് രീതിയനുസരിച്ച് മുക്കുത്തി ധരിച്ചിരുന്നു. സ്‌കൂള്‍ അധികൃതര്‍ അതിന് വിലക്കേര്‍പ്പെടുത്തി. അത് തങ്ങളുടെ സംസ്‌കാരത്തിന്റെ ഭാഗമാണെന്ന് പറഞ്ഞ് സുനാലിയുടെ മാതാവ് പ്രതിരോധിക്കാന്‍ ശ്രമിച്ചു. . അവരുടെ രീതിയനുസരിച്ച് പെണ്‍കുട്ടിയ്ക്ക് ആര്‍ത്തവ പ്രായമാകുമ്പോഴാണ് മുക്കുത്തി ധരിക്കുന്നത്. വിവാഹം കഴിക്കാന്‍ പ്രായമായെന്നതിന്റെ സൂചനയാണ് അത്. മുക്കുത്തി ഫാഷന്റെ ഭാഗമല്ല, കുടുംബത്തിന്റെ ജാതിയുടെയും സംസ്‌കാരത്തിന്റെയും ഭാഗമാണ്-മാതാവ് വിശദീകരിച്ചു. പക്ഷേ, സ്‌കൂള്‍ അധികൃതര്‍ വഴങ്ങിയില്ല.

സുനാലി പ്രാദേശിക കോടതിയെ സമീപിച്ചു. കോടതിയും അവര്‍ക്കെതിരേ വിധിച്ചു. സുനാലി പീറ്റര്‍മാരിറ്റ്‌സ്ബര്‍ഗ് ഹൈക്കോടതിയെ സമീപിച്ചു. കോടതി അവള്‍ക്ക് അനുകൂലമായി വിധിച്ചു.

ദക്ഷിണാഫ്രിക്കയുടെ ഭൂതകാലത്തിലും വര്‍ത്തമാനകാലത്തും ഹിന്ദുക്കളുടെയും ഇന്ത്യക്കാരുടെയും ദുര്‍ബലവും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടതുമായ പദവി കോടതി എടുത്തു പറഞ്ഞു. സുനാലിക്ക് അവളുടെ മതം അനുസരിച്ച് ജീവിക്കാനുള്ള അവസരം നല്‍കിയില്ലെങ്കില്‍ അത് വിവേചനമാവുമെന്ന് കോടതി നിരീക്ഷിച്ചു. മുക്കുത്തി സ്‌കൂളിന്റെ സുഗമമായ നടത്തിപ്പിന് വിഘാതം സൃഷ്ടിക്കുമെന്നതിന് തെളിവില്ല. അതുകൊണ്ട് അച്ചടക്കത്തിന്റെ പേരില്‍ മുക്കുത്തി നിരോധിക്കാനാവില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി.

സ്‌കൂള്‍ അധികൃതര്‍ അവിടെയും നിര്‍ത്തിയില്ല. അവര്‍ ഭരണഘടനാ കോടതിയെ സമീപിച്ചു.

സുനാലി പിള്ളക്ക് മുക്കുത്തി ധരിക്കാന്‍ അനുമതി നല്‍കുന്ന തരത്തില്‍ നിയമത്തില്‍ മാറ്റം വരുത്താത്ത സ്‌കൂള്‍ ഗവേണിങ് ബോഡിയുടെ നടപടി വിവേചനപരമാണെന്ന് ഭരണഘടനാ കോടതിയും വിധിച്ചു. വിദ്യാലയങ്ങളിലെ വിദ്യാര്‍ത്ഥികള്‍, അധ്യാപകര്‍, രക്ഷിതാക്കള്‍ എന്നിവരുടെ ഭാഗം കേട്ട് സ്‌കൂള്‍ നിയമങ്ങളില്‍ ഭേദഗതി വരുത്താനും കോടതി നിര്‍ദേശിച്ചു.

ഹിജാബ് നിരോധിച്ചവര്‍ ഈ കോടതി വിധികൂടി പരിശോധിക്കണമെന്നായിരുന്നു മുസ് ലിം പെണ്‍കുട്ടിയുടെ അഭിഭാഷകര്‍ പറയുന്നത്.

Tags:    

Similar News