വിദേശ തബ്‌ലീഗ് പ്രതിനിധികളാണ് കൊറോണ വ്യാപനത്തിനു പിന്നിലെന്നത് കെട്ടുകഥ; വിശദീകരണവുമായി ജംഇയ്യത്തുല്‍ ഉലമാ ഏ ഹിന്ദ് പ്രസിഡന്റ്
ന്യൂഡല്‍ഹി: വിദേശ തബ്‌ലീഗ് ജമാഅത്ത് അംഗങ്ങളാണ് രാജ്യത്ത് കൊറോണ വൈറസ് വ്യാപനത്തിനു കാരണമായതെന്ന ആരോപണങ്ങളെ തള്ളി ജംഇയ്യത്തുല്‍ ഉലമാ ഏ ഹിന്ദ് പ്രസിഡന്റ് മൗലാന സയ്യിദ് അര്‍ഷാദ് മഅ്ദനി. കൊറോണ രോഗം ബാധിച്ച തബ്‌ലീഗ് അംഗങ്ങളുടെ സ്ഥിതിവിവരക്കണക്കുകള്‍ പുറത്തുവിട്ടാണ് സര്‍ക്കാര്‍-മാധ്യമ ആരോപണങ്ങളെ മൗലാന മഅ്ദനി തള്ളിയത്.
ഫെബ്രുവരിയിലാണ് 1640 വിദേശ തബ്‌ലീഗ് നേതാക്കള്‍ ഇന്ത്യയിലെത്തുന്നത്. മാര്‍ച്ച് മാസത്തില്‍ അവരില്‍ ഒരാള്‍ കൊവിഡ് 19 മൂലം മരിച്ചു. അവരില്‍ ചിലര്‍ക്ക് ആദ്യം പോസിറ്റീവായിരുന്നെങ്കിലും ഏറെ താമസിക്കാതെ നെഗറ്റീവ് ആയി. മുസ്‌ലിം സമുദായത്തിനെതിരായി ഒരു വിഭാഗം മാധ്യമങ്ങളും ചില ബിജെപി സംസ്ഥാന സര്‍ക്കാരുകളിലെ മന്ത്രിമാരും നടത്തിയ നീക്കത്തിനെതിരേ കേന്ദ്രസര്‍ക്കാര്‍ മൗനം പാലിച്ചുവെന്നാണ് മൗലാന മഅ്ദനിയുടെ മുഖ്യആരോപണം. ലോക്ക് ഡൗണ്‍ പ്രഖ്യാപിക്കപ്പെട്ട ശേഷം രൂക്ഷമായ കുടിയേറ്റ തൊഴിലാളികളുടെ പ്രതിസന്ധിയില്‍ നിന്നും ജനശ്രദ്ധ തിരിച്ചുവിടാനുള്ള ആസൂത്രിതമായ ഗൂഢാലോചനയുടെ ഭാഗമായിരുന്നു അതെന്ന് അദ്ദേഹം ആരോപിച്ചു.
വിദേശത്തു നിന്നു വന്ന തബ്‌ലീഗ് അംഗങ്ങളുടെ വിവരങ്ങള്‍ ഉപയോഗിച്ച് മുസ്‌ലിംകളെ പിശാച്‌വല്‍ക്കരിക്കുന്നതില്‍ ഇലക്ട്രോണിക് മാധ്യമങ്ങളാണ് മുന്നില്‍ നിന്നത്. ഇത്തരം കുപ്രചരണങ്ങള്‍ക്ക് സര്‍ക്കാരിന്റെ പിന്തുണയുണ്ടായെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
അദ്ദേഹം പറയുന്നതനുസരിച്ച് 47 വിവിധ രാജ്യങ്ങളില്‍ നിന്നുള്ള 1640 വിദേശ പൗരന്മാരാണ് തബ്‌ലീഗ് ജമാഅത്ത് മര്‍കസ്സിലെത്തിയത്. ഇതില്‍ 64 കേസുകള്‍ മാത്രമാണ് വൈദ്യപരിശോധനയില്‍ പോസിറ്റീവ് എന്ന് കണ്ടെത്തിയത്, അതില്‍ രണ്ട് പേര്‍ മരിച്ചു. ബാക്കി 62 പേരും ഏറെ താമസിയാതെ നെഗറ്റീവ് ആയി.
വിദേശത്തുനിന്നെത്തിയവരുടെ രാജ്യ തിരിച്ച കണക്ക് ഇങ്ങനെ: ശ്രീലങ്ക 44, നൈജീരിയ 10, മൊസാംബിക്ക് 9, മൊറോക്കോ 2, നേപ്പാള്‍ 2. ഇറാന്‍ 15, ഫലസ്തീന്‍ 3, ഐവറി കോസ്റ്റ് 12, ഘാന 1, ഫ്രാന്‍സ് 5, ഗാംബിയ 2, എത്യോപ്യ 8, ജിബൂട്ടി 10, മാലി 1, ചൈന 4, യുകെ 4 , കോംഗോ 1, യുഎസ്എ 2, വിയറ്റ്‌നാം 12, ട്രിനിഡാഡ് ആന്‍ഡ് ടൊബാഗോ 2, ടാന്‍സാനിയ 12, ടുണീഷ്യ 1, ബ്രൂണൈ 3, ബെല്‍ജിയം 1, തായ്‌ലന്‍ഡ് 6, ഓസ്‌ട്രേലിയ 2, അള്‍ജീരിയ 7, ഫിജി 15, സെനഗല്‍ 1, അഫ്ഗാനിസ്ഥാന്‍ 4.
വിദേശത്തുനിന്നെത്തിയവരില്‍ 739 പേര്‍ ജനതാ കര്‍ഫ്യൂ പ്രഖ്യാപിക്കപ്പെട്ടതിനെ തുടര്‍ന്ന് ഡല്‍ഹിയില്‍ കുടുങ്ങി. ബാക്കിയുള്ളവര്‍ ഇന്ത്യയുടെ മറ്റ് ഭാഗങ്ങളിലും കുടുങ്ങി.
തബ്‌ലീഗ് ജമാഅത്ത് അംഗങ്ങള്‍ കൊവിഡ് 19ന്റെ വാഹകരാണെന്ന ആരോപണം സ്ഥിതിവിതരണക്കണക്കുകള്‍ വച്ച് തെറ്റാണെന്ന് തെളിയിക്കാനാവുമെന്ന് അദ്ദേഹം പറഞ്ഞു. പക്ഷേ, അത് ചെയ്യാതെ ഒരു വിഭാഗം മാധ്യമങ്ങള്‍ രാജ്യത്ത് മുസ്‌ലിംവിരുദ്ധ തരംഗം സൃഷ്ടിക്കാന്‍ശ്രമിച്ചു. അതിന്റെ ഫലമായി രാജ്യത്തെ പല സ്ഥലങ്ങളിലും തങ്ങളുടെ പ്രവര്‍ത്തകര്‍ ബഹിഷ്‌കരണം നേരിട്ടുവെന്ന് അദ്ദേഹം പറഞ്ഞു. ഇത് മുസ്‌ലിംകള്‍ക്ക് വ്യാപകമായ നഷ്ടങ്ങളാണ് ഉണ്ടാക്കിയത്. മുസ്‌ലിംകള്‍ക്കെതിരായ ആക്രമണങ്ങള്‍ രൂക്ഷമായി, മുസ്‌ലിംകളായ പച്ചക്കറി, പഴം വില്‍പ്പനക്കാരെ ബഹിഷ്‌കരിച്ചു. എന്നാല്‍ എത്ര ശക്തമായ നിയമം ഉണ്ടെങ്കിലും വിദ്വേഷ പ്രചാരണം നടത്തുന്നവര്‍ക്കെതിരേ ഒരു നടപടിയും ഉണ്ടായില്ല. മാധ്യമങ്ങള്‍ മാത്രമല്ല, ചില സംസ്ഥാന സര്‍ക്കാരുകളില്‍ നിന്നുള്ള ഏതാനും മന്ത്രിമാരും കൊവിഡ് 19 ന്റെ പ്രസരണത്തിന് തബ്‌ലീഗ് ജമാഅത്തിനെ കുറ്റപ്പെടുത്തി. മുസ്‌ലിം സമുദായത്തെ അപകീര്‍ത്തിപ്പെടുത്താനുള്ള അവസരമായും പലരും ഇത് ഉപയോഗിച്ചു.
രാജ്യത്താകമാനം 1 ലക്ഷം കൊവിഡ് 19 കേസുകള്‍ സര്‍ക്കാര്‍ റിപോര്‍ട്ട് ചെയ്തിട്ടുണ്ട്. രോഗബാധയ്ക്ക് ജമാഅത്ത് അംഗങ്ങളെ കുറ്റപ്പെടുത്തുന്ന സര്‍ക്കാര്‍ എന്തുകൊണ്ടാണ് രോഗികളുടെ മതം അടിസ്ഥാനപ്പെടുത്തിയ കണക്കുകള്‍ പുറത്തുവിടാത്തതെന്ന് അദ്ദേഹം ചോദിച്ചു. സമുദായിക അടിസ്ഥാനത്തില്‍ രോഗത്തെ വിശദീകരിക്കുന്നതിനെതിരേ ലോകാരോഗ്യ സംഘടന മുന്നറിയിപ്പു നല്‍കുന്നത് തുടര്‍ന്നെങ്കിലും ഇത്തരം പ്രചാരണങ്ങള്‍ക്ക് ഇന്ത്യയില്‍ കുറവുണ്ടായിരുന്നില്ല. കേന്ദ്ര സര്‍ക്കാര്‍ അവരുടെ ദൈനംദിന ആരോഗ്യ ബുള്ളറ്റിനുകളില്‍ തബ്‌ലീഗിനെ കുറിച്ചുള്ള വിവരങ്ങള്‍ പ്രത്യേകം ഉള്‍പ്പെടുത്തുന്നത് നിര്‍ത്തിയില്ല. സര്‍ക്കാര്‍ പുറത്തുവിട്ട തബ്‌ലീഗുമായി ബന്ധപ്പെട്ട പല കണക്കുകളും തെറ്റായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.