അന്തര്‍ സംസ്ഥാന ബസ്സുകളില്‍ നിന്ന് കേരളത്തിന് നികുതി പിരിക്കാം: ഹൈക്കോടതി

Update: 2022-11-08 07:14 GMT

കൊച്ചി: അന്തര്‍ സംസ്ഥാനങ്ങളില്‍ രജിസ്റ്റര്‍ ചെയ്ത ബസ്സുകളില്‍നിന്ന് കേരളത്തിന് നികുതി പിരിക്കാമെന്ന് ഹൈക്കോടതി. അന്തര്‍ സംസ്ഥാന ബസ്സുടമകളുടെ ഹരജി തള്ളിയാണ് കോടതി ഉത്തരവ്. നവംബര്‍ ഒന്ന് മുതല്‍ കേരളത്തിലേയ്ക്ക് വരുന്ന അന്തര്‍ സംസ്ഥാന ബസ്സുകളില്‍നിന്ന് നികുതി ഈടാക്കാമെന്ന് മോട്ടോര്‍ വാഹനവകുപ്പ് ഉത്തരവിറക്കിയിരുന്നു. ഇത് ചോദ്യം ചെയ്തുകൊണ്ടാണ് ബസ്സുടമകള്‍ ഹൈക്കോടതിയെ സമീപിച്ചത്.

ഇന്ത്യ മുഴുവന്‍ സര്‍വീസ് നടത്താന്‍ പെര്‍മിറ്റുള്ളതിനാല്‍ സംസ്ഥാനത്തിന് മാത്രമായി നികുതി നല്‍കാനാവില്ലെന്നു ചൂണ്ടിക്കാണിച്ചായിരുന്നു ഹരജി. നികുതി ഈടക്കാനുള്ള സംസ്ഥാനത്തിന്റെ നീക്കം തടയണമെന്നും ഹരജിയില്‍ ആവശ്യപ്പെട്ടു. എന്നാല്‍, സംസ്ഥാനം പ്രത്യേകമായി നികുതി പിരിക്കുന്നതില്‍ സാങ്കേതികമായി തടസ്സമില്ലെന്ന് കോടതി പറഞ്ഞു. ഇത്തരത്തില്‍ നികുതി പിരിക്കാനുള്ള അവകാശം സംസ്ഥാനത്തിന്റെ അധികാരപരിധിയിലുള്ളതായതിനാല്‍ ഇത് തടയാനാവില്ലെന്നും കോടതി വ്യക്തമാക്കി. കേന്ദ്രനിയമത്തിന്റെ അഭാവത്തില്‍ ഓള്‍ ഇന്ത്യ പെര്‍മിറ്റ് എടുത്ത ബസ്സുകളില്‍ നിന്ന് സംസ്ഥാനത്തിന് നികുതി പിരിക്കാം. ഇക്കാര്യത്തില്‍ സംസ്ഥാനത്തിന് നിയമപരമായ അധികാരമുണ്ടെന്നും ഹൈക്കോടതി നിരീക്ഷിച്ചു.

മറ്റ് സംസ്ഥാനങ്ങളില്‍ രജിസ്റ്റര്‍ ചെയ്ത ശേഷം കേരളത്തില്‍ സര്‍വീസ് നടത്തുന്ന ടൂറിസ്റ്റ് വാഹനങ്ങള്‍ക്ക് നവംബര്‍ ഒന്നിനകം കേരളത്തിലേക്ക് രജിസ്‌ട്രേഷന്‍ മാറ്റിയില്ലെങ്കില്‍ കേരള മോട്ടര്‍ വാഹന ടാക്‌സേഷന്‍ നിയമപ്രകാരം നികുതി ഈടാക്കുമെന്നാണ് ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ ഉത്തരവില്‍ വ്യക്തമാക്കിയിരുന്നത്. കേരളത്തില്‍ രജിസ്റ്റര്‍ ചെയ്യേണ്ട വാഹനങ്ങള്‍ 2021ലെ ഓള്‍ ഇന്ത്യ പെര്‍മിറ്റ് ആന്റ് ഓതറൈസേഷന്‍ ചട്ടങ്ങള്‍ പ്രകാരം നാഗാലാന്‍ഡ്, ഒഡിഷ, അരുണാചല്‍ പ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളില്‍ രജിസ്റ്റര്‍ ചെയ്ത ശേഷം കേരളത്തില്‍ സര്‍വീസ് നടത്തുന്നത് ശ്രദ്ധയില്‍പ്പെട്ട സാഹചര്യത്തിലാണു മോട്ടോര്‍ വാഹന വകുപ്പിന്റെ നടപടി.

Tags:    

Similar News