ന്യൂഡല്‍ഹി: കേരളത്തിന് പുതിയ റെയില്‍വേ സോണ്‍ ഇല്ലെന്ന് കേന്ദ്ര റെയില്‍വേ മന്ത്രി അശ്വനി വൈഷ്ണവ്. ലോകസഭില്‍ കൊടിക്കുന്നില്‍ സുരേഷ് എം പിയുടെ ചോദ്യത്തിന് മറുപടിയായി അറിയിച്ചതാണ് ഇക്കാര്യം
വരുമാനം ഉള്‍പ്പെടെ നിരവധി വിഷയങ്ങള്‍ പരിഗണിച്ചാണ് പുതിയ സോണ്‍ അനുവദിക്കുന്നത്. കേരളത്തിന്റെ അപേക്ഷ പരിശോധിച്ചുവെങ്കിലും പ്രായോഗികമല്ലെന്ന് വ്യക്തമായി. തിരുവനന്തപുരം, മധുര ഡിവിഷനുകള്‍ ലയിപ്പിക്കാന്‍ നീക്കമില്ലെന്നും മന്ത്രി അറിയിച്ചു.
കേരളത്തിന്റെ റെയില്‍വേ വികസനം വേഗത്തിലാക്കുന്നതിന് പാലക്കാട്, തിരുവനന്തപുരം ഡിവിഷനുകള്‍ ചേര്‍ത്ത് എറണാകുളം ആസ്ഥാനമാക്കി പുതിയ സോണ്‍ രൂപീകരിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉള്‍പ്പെടെ ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടി മുഖ്യമന്ത്രി അന്നത്തെ റെയില്‍വേ മന്ത്രി സുരേഷ് പ്രഭുവിനും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും കത്തയയ്ക്കുകയും ചെയ്തിരുന്നു. എന്നാല്‍ കേരളത്തിന്റെ നീണ്ടകാലത്തെ ആവശ്യം കേന്ദ്ര റെയില്‍വേ മന്ത്രാലയം അംഗീകരിക്കാന്‍ തയ്യാറായിട്ടില്ല.