പ്രദേശവാസികള്‍ക്ക് തീരാദുരിതം; കിളിമാനൂര്‍ തോപ്പില്‍ എകെആര്‍ ക്വാറി പ്രവര്‍ത്തനം തടയണമെന്ന് വസ്തുതാന്വേഷണ സമിതി

'ബ്രാഹ്മണ്യ ഹിന്ദുത്വ ഫാഷിസ്റ്റ് വിരുദ്ധ മുന്നണി'യുടെ നേതൃത്വത്തിലാണ് കോളനിയില്‍ വസ്തുതാന്വേഷണം നടത്തിയത്

Update: 2022-08-05 11:12 GMT

തിരുവനന്തപുരം: കിളിമാനൂര്‍ തോപ്പില്‍ കോളനിയിലെയും പരിസരത്തേയും ജനങ്ങളുടെ പരാതിക്ക് പരിഹാരമുണ്ടാകുന്നത് വരെ തോപ്പില്‍ എകെആര്‍ ക്വാറിയുടെയും ക്രഷറിന്റെയും പ്രവര്‍ത്തനങ്ങള്‍ക്ക് ഉടന്‍ സ്‌റ്റോപ് മെമ്മോ നല്‍കണമെന്ന് വസ്തുതാന്വേഷണ സമിതി റിപോര്‍ട്ട്. 'ബ്രാഹ്മണ്യ ഹിന്ദുത്വ ഫാസിസ്റ്റ് വിരുദ്ധ മുന്നണി'യുടെ നേതൃത്വത്തിലാണ് വസ്തുതാന്വേഷണം നടത്തിയത്.

പ്രദേശവാസികളെ ദുരിതത്തിലാക്കുന്ന കിളിമാനൂര്‍ പഞ്ചായത്തിലെ എ.കെ.ആര്‍ ക്വാറിയക്കെതിരേ വര്‍ഷങ്ങളായി നാട്ടുകാര്‍ സമരത്തിലാണ്. കോളനിയിലേയും പരിസരപ്രദേശത്തേയും ജനങ്ങള്‍ ചേര്‍ന്ന് 'ജനകീയ മുന്നേറ്റ സമിതി'യുടെ നേതൃത്വത്തിലാണ് സമരം ചെയ്യുന്നത്.

സമിതിയുടെ ആവശ്യപ്രകാരം 18/04ന് തോപ്പില്‍ കോളനിയില്‍ 'ബ്രാഹ്മണ്യ ഹിന്ദുത്വ ഫാഷിസ്റ്റ് വിരുദ്ധ മുന്നണി'യുടെ നേതൃത്വത്തില്‍ വസ്തുതാന്വേഷണവും പ്രതിഷേധ സംഗമവും സംഘടിപ്പിച്ചു. വസ്തുതാന്വേഷണത്തിനായി മനുഷ്യാവകാശ സാംസ്‌കാരിക പരിസ്ഥിതി രംഗത്തെ പ്രമുഖരും സാമൂഹിക രാഷ്ട്രീയ പ്രവര്‍ത്തകരും ചേര്‍ന്ന് വിദഗ്ധ സമിതി രൂപീകരിച്ചു.

സമിതി, ക്വാറി പരിസരവും കോളനിയിലെ താമസക്കാരെയും ബന്ധപ്പെട്ട അധികാരികളെയും ആരോഗ്യപ്രവര്‍ത്തകരെയും ഫോണ്‍ വഴി ബന്ധപ്പെട്ടും, ജനകീയ മുന്നേറ്റ സമിതി നേതാക്കള്‍ സമര്‍പ്പിച്ച വിവിധ രേഖകള്‍ പരിശോധിച്ചുമാണ് വസ്തുതാന്വേഷണ സമിതി റിപോര്‍ട്ട് തയ്യാറാക്കിയത്. വീടുകള്‍ക്ക് മുകളിലേക്ക് കൂറ്റന്‍ പാറയാണ് പതിയ്ക്കുന്നത്. കുടിവെള്ള ക്ഷാമം നേരിടുന്ന പ്രദേശത്താണ് വര്‍ഷങ്ങളായ ക്വാറി പ്രവര്‍ത്തനം നടത്തുന്നത്. ഇതിന് പുറമെ പാറപൊട്ടിക്കുന്ന ഭീകരശബ്ദം മൂലം കുട്ടികളുടെ പഠനം പോലും അവതാളത്തിലാവുകയാണ്. 

വസ്തുതാന്വേഷണ സമിതി സര്‍ക്കാരിന് മുന്നില്‍ വെയ്ക്കുന്ന നിര്‍ദ്ദേശങ്ങളും കണ്ടെത്തലുകളും

കേരള ഹൈക്കോടതിയുടെ 25-05-2022ലെ, ചീഫ് ജസ്റ്റിസ് എസ് മണികുമാര്‍ അധ്യക്ഷനായിട്ടുള്ള ബെഞ്ചിന്റെ WP(c)No.11249 of 2010 ഉള്‍പ്പെടെ 33 കേസുകളിലായി പുറപ്പെടുവിച്ച വിധിയിലെ നിര്‍ദ്ദേശങ്ങള്‍ നടപ്പിലാക്കുന്നതിന്റെ ഭാഗമായി, കിളിമാനൂര്‍ തോപ്പില്‍ കോളനിയിലെയും ക്വാറി പരിസരത്തേയും ജനങ്ങളുടെ പരാതിക്ക് ശാശ്വത പരിഹാരമുണ്ടാകുന്നത് വരെ ക്വാറിയുടെയും ക്രഷറിന്റെയും പ്രവര്‍ത്തനങ്ങള്‍ക്ക് ഉടന്‍ STOP MEMO നല്‍കുക.

കോളനിയിലെയും പരിസരത്തെയും ജനങ്ങള്‍ക്ക് ആരോഗ്യം, പഠനസഹായം, കുടിവെളളം, സുരക്ഷിതത്വം, ഗതാഗത സൗകര്യം, കാര്‍ഷിക വിളകള്‍ക്ക് സംരക്ഷണം എന്നിവ ഉറപ്പുവരുത്തുക.

തോപ്പില്‍ ദലിത് കോളനിയോട് പുലര്‍ത്തുന്ന ജാതീയ അധിക്ഷേപങ്ങള്‍, വംശീയ വിദ്വേഷം എന്നിവയ്‌ക്കെതിരെ നടപടി സ്വീകരിക്കുക.

ക്വാറി പരിസരത്തെ ജനങ്ങള്‍ക്കിടയില്‍ വിശദവും സമഗ്രവുമായ ആരോഗ്യ സര്‍വ്വേ നടത്തുക.

ക്വാറിയുടെയും മാനേജ്‌മെന്റുകളുടെയും നിയമലംഘനങ്ങള്‍ അന്വേഷിച്ച് നടപടി സ്വീകരിക്കുന്നതിന് ഒരു അന്വേഷണ കമ്മീഷനെ നിയോഗിക്കുക.

ജനകീയ മുന്നേറ്റ സമിതി നേതാവ് സേതുവിനെയും വൃദ്ധനായ ഗോപാലന്‍ ചേട്ടനേയും ക്വാറിക്കാര്‍ക്ക് വേണ്ടി മര്‍ദ്ദിച്ച് അവശരാക്കിയവര്‍ക്ക് എതിരെ ക്രിമിനല്‍ കേസെടുത്തു നടപടി സ്വീകരിക്കുക.

ദലിതരില്‍ തന്നെ താരതമ്യേ സാമ്പത്തികമായി ശരാശരിയിലും ഉയര്‍ന്നു നില്‍ക്കുന്നവരും ദരിദ്രരും തമ്മിലും വിവേചനം നിലനില്‍ക്കുന്നു. ഇത് ക്വാറി ഉയര്‍ത്തുന്ന പരിസ്ഥിതിക സാമൂഹിക പ്രശ്‌നങ്ങള്‍ക്കെതിരെ രൂപപ്പെട്ടു വരുന്ന ഒരു ഐക്യനിരയ്ക്കും യോജിച്ച പ്രവര്‍ത്തനങ്ങള്‍ക്കും തടസം നില്‍ക്കുന്നു.

മദ്യവും മറ്റു ലഹരിയും നല്‍കി സ്വാധീനിക്കാന്‍ പറ്റുന്നത്ര പുരുഷന്മാരെ സ്വാധീനിച്ചാണ് നാട്ടിലെ ഐക്യനിരയ്ക്ക് തുരങ്കം വെയ്ക്കുന്നത്.

അതുകൊണ്ടു തന്നെ ക്വാറി പരിസരത്തെ സ്ത്രീകളുടെ ജീവിതം ഇരട്ടി ദുസ്സഹമാണ്.

ക്വാറി പരിസരത്തെ കുട്ടികളും സ്ത്രീകളും നേരിടുന്ന സവിശേഷ ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുക.

നികുതി, ലൈസന്‍സ് ഫീസ് തുടങ്ങിയ ഇനത്തില്‍ അടക്കേണ്ടിയിരുന്ന തുകയുടെ പകുതി മാത്രം അടച്ച് പലമടങ്ങിലധികം ഖനനം നടത്തിയിരിക്കുന്നു. ഇത് തിരിച്ചുപിടിക്കാന്‍ നടപടി സ്വീകരിക്കുക.

മുഖ്യധാര രാഷ്ട്രീയ പാര്‍ട്ടികളുടെ പ്രാദേശിക നേതൃത്വവും ജനപ്രതിനിധികളും എ.കെ.ആര്‍ ക്വാറിയുടെ നിയമലംഘനങ്ങള്‍ക്ക് നേരെ കണ്ണടയ്ക്കുന്നു.

ജനങ്ങള്‍ക്കിടയില്‍ ഐക്യവും ആത്മവിശ്വാസവും ഉയര്‍ത്തുന്ന തരത്തില്‍ ജനകീയ മുന്നേറ്റ സമിതിയെ കൂടി മുഖവിലക്കെടുത്തു കൊണ്ടു തോപ്പില്‍ കോളനി പ്രദേശത്ത് പ്രാദേശിക ഗവണ്‍മെന്റ് സമഗ്രമായ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് രൂപം നല്‍കുക.

സാങ്കേതിക നൂലാമാലകള്‍ തടസ്സമാവാതെ അടിയന്തര പ്രാധാന്യത്തോടെ ക്വാറി എന്നെന്നേയ്ക്കുമായി അടച്ചുപൂട്ടുക.

നഷ്ടമായ പാരിസ്ഥിക സന്തുതിലാവസ്ഥ തിരിച്ചുപിടിക്കുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കുക.

ഇതിനാവശ്യമായ തുക പിഴയായി ക്വാറി ഉടമകളില്‍ നിന്നും, കൂട്ടുനിന്ന ഉദ്യോഗസ്ഥരില്‍ നിന്നും ഈടാക്കാന്‍ നടപടി സ്വീകരിക്കുക.

നാടിന്റെയും ഭാവി തലമുറയുടെയും സുരക്ഷയെ കരുതി ജാതി മത രാഷ്ട്രീയ വിയോജിപ്പുകള്‍ മാറ്റി നിര്‍ത്തി, ഒരു ഐക്യനിര രൂപപ്പെടുത്തുന്നതിന് ജനകീയ മുന്നേറ്റ സമിതിയും സമര നേതൃത്വവും ജനകീയമായി മുന്‍കൈയെടുക്കുക.

കേസുകള്‍ അടക്കമുള്ള പ്രശ്‌നങ്ങളില്‍ ഫലപ്രദമായ പിന്തുണ നേടുന്നതിന് സംസ്ഥാന തലത്തില്‍ തന്നെ സമാന കാഴ്ചപ്പാടുള്ളവരുടെ സഹകരണം ഉറപ്പാക്കുക.

വസ്തുതാന്വേഷണ സമിതി അംഗങ്ങള്‍

അഡ്വ. പി.എ പൗരന്‍ (പി.യു.സി.എല്‍), സമിതി ചെയര്‍മാന്‍, ജി ഗോമതി (പെമ്പിള ഒരുമൈ), ഡോ. ഹരി പി ജി (ആരോഗ്യ ജാഗ്രത),കാര്‍ത്തികേയന്‍ (മനുഷ്യാവകാശ പ്രവര്‍ത്തകന്‍), മാരിയപ്പന്‍ (പ്ലാച്ചിമട സമരസമിതി), പ്രശാന്ത് സുബ്രഹ്മണ്യന്‍ (മാധ്യമപ്രവര്‍ത്തകന്‍), സി കെ ഗോപാലന്‍ (കര്‍ഷക സമരകേന്ദ്രം), ഹരിദാസ് കൊല്ലം (പി.യു.സി.എല്‍), സുനില്‍ (പി.യു.സി.എല്‍), റഷീദ് മട്ടാഞ്ചേരി (ഞാറ്റുവേല സാംസ്‌കാരിക സംഘം). 

Tags:    

Similar News