മഹാരാഷ്ട്ര ഉപതിരഞ്ഞെടുപ്പ്: ശിവസേന താക്കറെ വിഭാഗത്തിന് 'കത്തുന്ന തീപ്പന്തം'

Update: 2022-10-11 06:00 GMT

മുംബൈ: ശിവസേനയുടെ ഔദ്യോഗിക ചിഹ്നമായ അമ്പും വില്ലും തിരഞ്ഞെടുപ്പ് കമ്മീഷന്‍ താല്‍ക്കാലികമായി മരവിപ്പിച്ച സാഹചര്യത്തില്‍ ഉദ്ധവ് താക്കറെ വിഭാഗത്തിന് കത്തുന്ന തീപ്പന്തം ലഭിക്കും. അന്ധേരി ഈസ്റ്റിലെ ഉപതിരഞ്ഞെടുപ്പിലാണ് താക്കറെ വിഭാഗം കത്തുന്ന തീപ്പന്തം ചിഹ്നത്തില്‍ മല്‍സരിക്കുക.

കത്തുന്ന തീപ്പന്തവുമായി ശിവസേനയ്ക്ക് വലിയ ആത്മബന്ധമുണ്ടെന്നാണ് രാഷ്ട്രീയവൃത്തങ്ങള്‍ നല്‍കുന്ന സൂചന. ഈ ബന്ധമാണ് ഈ ചിഹ്നം തിരഞ്ഞെടുത്തതിനുപിന്നിലും.

1985ല്‍ മുതിര്‍ന്ന രാഷ്ട്രീയനേതാവ് ഛഗന്‍ ഭുജ്ബല്‍ ഈ ചിഹ്നത്തിലാണ് മുംബൈ മസ്ഗാവോണ്‍ സീറ്റില്‍ മല്‍സരിച്ചത്. അന്നദ്ദേഹം ജയിച്ച് മഹാരാഷ്ട്ര നിയമസഭയില്‍ അംഗമായി.

ഈ മണ്ഡലത്തിലെ തിരഞ്ഞെടുപ്പില്‍ ശിവസേന നേതാവ് ബാലസാഹേബ് താക്കറെ ഭുജ്ബലിനുവേണ്ടി വലിയ പ്രചാരണപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുകയും ചെയ്തിരുന്നു.

വിപ്ലവത്തിന്റെ ചിഹ്നമെന്ന നിലയിലാണ് കത്തുന്ന തീപ്പന്തം തിരഞ്ഞെടുത്തതെന്ന് അന്ന് നിയമസഭയിലെത്തിയ ഭുജ്ബല്‍ പറഞ്ഞു. ആ തിരഞ്ഞെടുപ്പില്‍ ശിവസേനയില്‍നിന്ന് ജയിച്ച ഏക സ്ഥാനാര്‍ത്ഥിയും ഭുജ്ബലായിരുന്നു.

അതിനുശേഷം ഭുജ്ബല്‍ മുനിസിപ്പല്‍ കോര്‍പറേഷനില്‍നിന്ന് മല്‍സരിച്ച് ജയിച്ചു.

ചരിത്രം ആവര്‍ത്തിക്കുകയാണെന്ന് ഭുജ്ബല്‍ പറഞ്ഞു. ചിഹ്നം തിരഞ്ഞെടുത്തശേഷം ഭുജ്ബലുമായി ഉദ്ധവ് സംസാരിച്ചിരുന്നു.

1991 തിരഞ്ഞെടുപ്പില്‍ ഭുജ്ബല്‍ കോണ്‍ഗ്രസ്സില്‍ ചേര്‍ന്നു. അന്ന് ശരത് പവാറായിരുന്നു കോണ്‍ഗ്രസ് നേതാവ്. 1991ല്‍ എന്‍സിപി രൂപീകരിച്ചപ്പോള്‍ ഭുജ്ബല്‍ അവിടെയെത്തി. തുടര്‍ന്ന് ഉപമുഖ്യമന്ത്രി വരെയായി.

ഇപ്പോള്‍ 74 വയസ്സുള്ള ഭുജ്ബല്‍ മഹാ വികാസ് അഘാഡിയുടെ ഭാഗമായ അഖില്‍ ഭാരതീയ മഹാത്മാ ഫൂലെ സമാന്ത പരിഷത്തിന്റെ നേതാവാണ്.

ശിവസേനയുടെ അമ്പും വില്ലും ചിഹ്നം കഴിഞ്ഞ ആഴ്ചയാണ് കമ്മിഷന്‍ മരവിപ്പിച്ചത്. ചിഹ്നത്തില്‍ അവകാശവാദം ഉന്നയിച്ച് ഉദ്ധവ് താക്കറെ വിഭാഗവും മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്‌നാഥ് ഷിന്ദേ വിഭാഗവും നേരത്തെ തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചിരുന്നു.

ഇരുകൂട്ടരോടും പുതിയ പേര് തിരഞ്ഞെടുക്കാനും തിരഞ്ഞെടുപ്പ് കമ്മീഷന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. തങ്ങളെ യഥാര്‍ഥ ശിവസേനയായി അംഗീകരിക്കണമെന്നാണ് മുഖ്യമന്ത്രി ഏക്‌നാഥ് ഷിന്ദേയുടെ നേതൃത്വത്തിലുള്ള സംഘം തിരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെട്ടിരിക്കുന്നത്. ഔദ്യോഗിക ചിഹ്നം തങ്ങളുടേതാണെന്നായിരുന്നു ഉദ്ധവ് താക്കറെ വിഭാഗത്തിന്റെ വാദം.

Tags:    

Similar News