മുംബൈ: മഹാരാഷ്ട്ര നിയമസഭ തിരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് നാളെ രാവിലെ ഏഴ് മണിയ്ക്ക് ആരംഭിക്കും. 288 സീറ്റുകളുള്ള രാജ്യത്തെ വലിയ നിയമസഭകളിലൊന്നായ മഹാരാഷ്ട്രയില്‍ തുടര്‍ ഭരണമെന്ന ലക്ഷ്യത്തിലാണ് ബിജെപി-ശിവസേന സഖ്യം. അട്ടിമറികളില്‍ വിശ്വസിക്കുന്ന എന്‍സിപി-കോണ്‍ഗ്രസ് സഖ്യം ശുഭപ്രതീക്ഷയിലുമാണ്. ദേവേന്ദ്ര ഫഡ്‌നാവിസിന്റെ നേതൃത്വത്തിലുള്ള ബിജെപി- ശിവസേന സഖ്യ സര്‍ക്കാര്‍ ഭരണം നിലനിർത്തുമെന്നാണ് എക്‌സിറ്റ്‌പോള്‍ സര്‍വേകള്‍ ചൂണ്ടികാട്ടുന്നത്. അതേസമയം, ഭരണവിരുദ്ധ വികാരം തങ്ങൾക്കനുകൂലമാകുമെന്ന ശുഭപ്രതീക്ഷയിലാണ് കോണ്ഗ്രസ്-എന്‍സിപി സഖ്യം. 2014ല്‍ തിരഞ്ഞെടുപ്പിന് ശേഷമാണ് ശിവസേന-ബിജെപി സഖ്യം നിലവില്‍ വന്നതെങ്കിലും ഇത്തവണ തിരഞ്ഞെടുപ്പിന് മുമ്പ് തന്നെ സീറ്റ് വിഭജനം പൂര്‍ത്തിയാക്കാന്‍ ഇരു പാര്‍ട്ടികള്‍ക്കും കഴിഞ്ഞു. ബിജെപി 150 സീറ്റിലും ശിവസേന 124 സീറ്റിലും മൽസരിക്കുന്നുണ്ട്. 123 സീറ്റ് വീതമാണ് കോണ്‍ഗ്രസും എന്‍സിപിയും മൽസരിക്കുന്നത്. പ്രചാരണം അവസാനിക്കുമ്പോഴും കോണ്‍ഗ്രസ് പക്ഷത്ത് കാര്യമായി പ്രചാരണം ഉണ്ടായില്ലെന്ന് പരാതി എന്‍സിപിക്കുണ്ട്.1,16,495 സര്‍വീസ് വോട്ടടക്കം 8,95,62,706 വോട്ടര്‍മാരാണ് ഇത്തവണ മഹാരാഷ്ട്രയുടെ വിധിയെഴുതുക. ഒക്ടോബർ 24നാണ് തിരഞ്ഞെടുപ്പ് ഫലം പുറത്തുവരുന്നത്.