മലയാളി വിചാരണത്തടവുകാരുടെ മോചന സമിതി രൂപീകരിച്ചു; ബിആര്‍പി ഭാസ്‌കര്‍ ചെയര്‍പേഴ്‌സന്‍, ശ്രീജ നെയ്യാറ്റിന്‍കര കണ്‍വീനര്‍
തിരുവനന്തപുരം: വിവിധ സംസ്ഥാനങ്ങളില്‍ വിചാരണത്തടവുകാരായി കഴിയുന്ന മലയാളികളുടെ മോചനത്തിനായി സംസ്ഥാനതലത്തില്‍ സമിതി രൂപീകരിച്ചു. മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ ബി ആര്‍ പി ഭാസ്‌കര്‍ ചെയര്‍പേഴ്‌സനും സാമൂഹിക പ്രവര്‍ത്തക ശ്രീജ നെയ്യാറ്റിന്‍കര കണ്‍വീനറായുമാണ് സമിതി രൂപീകരിച്ചത്. കെ കെ ബാബുരാജ്, അംബിക, അഡ്വ.തുഷാര്‍ നിര്‍മല്‍ സാരഥി, അഡ്വ. എസ് ഷാനവാസ്, എസ് നിസാര്‍, നജ്ദ റൈഹാന്‍, ടി പി മുഹമ്മദ്, റെനി ഐലിന്‍, പി എം മുഹമ്മദ് റിഫ എന്നിവരാണ് എക്‌സിക്യൂട്ടീവ് അംഗങ്ങള്‍.
സംഘ്പരിവാറിനെതിരേ നിലപാടെടുത്തിന്റെ പേരില്‍ കേരളത്തെ തീവ്രവാദികളുടെ കേന്ദ്രമായാണ് കേന്ദ്ര ഭരണണകൂടവും സംഘ്പരിവാര്‍ മാധ്യമങ്ങളും കരുതുന്നത്. കേരളീയരായ പൊതുപ്രവര്‍ത്തകരെ കസ്റ്റഡിയിലെടുക്കുന്നത് കേന്ദ്ര ആഭ്യന്തര മന്ത്രാലയവും ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളും പതിവാക്കിയിരിക്കുകയാണ്. റോണാ വില്‍സണ്‍, ഹാനി ബാബു, അനൂപ് മാത്യു ജോര്‍ജ്, സിദ്ദിഖ് കാപ്പന്‍, റഊഫ് ഷെരീഫ്, അർഷാദ് ബദറുദ്ദീൻ, ഫിറോസ് ഖാന്‍, സക്കരിയ, അബ്ദുല്‍ നാസര്‍ മഅദനി തുടങ്ങി കേരളത്തിന് പുറത്ത് തടവില്‍ കഴിയുന്ന ഒമ്പത് തടവുകാരുടെ മോചനം ലക്ഷ്യം വച്ചാണ് സമിതി രൂപീകരിച്ചത്.
''ഫാഷിസ്റ്റ് ഇന്‍ഡ്യയില്‍ കേരളത്തെ അടയാളപ്പെടുത്തുന്നത് സംഘപരിവാര്‍ വിരുദ്ധപ്രദേശം എന്ന നിലയിലാണ്. അതുകൊണ്ടുതന്നെ കേന്ദ്ര ഭരണകര്‍ത്താക്കളുടെ കണ്ണില്‍ മലയാളികളായ വിവിധ മേഖലയിലെ പൊതു പ്രവര്‍ത്തകര്‍ ഭീകരവാദികള്‍ ആകുന്നത് സ്വാഭാവികവുമാണ്. കഴിഞ്ഞ കുറെ വര്‍ഷങ്ങളായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് കേരളീയരായ പൊതുപ്രവര്‍ത്തകരെ തീവ്രവാദികളാണെന്ന് മുദ്രകുത്തി അറസ്റ്റ് ചെയ്യുന്നത് സാധാരണമായിരിക്കുകയാണ്. അവര്‍ യുഎപിഎ ചുമത്തി വിചാരണയില്ലാതെ ദീര്‍ഘകാലം തടവുകാരായി കഴിയുകയാണ്. പലരും വിവിധ തരത്തില്‍ രോഗബാധിതരായതിനാല്‍ ആരോഗ്യം തകര്‍ന്ന് ജീവന്‍ തന്നെ ഭീഷണിയിലായിരിക്കുകയാണ്. ഇതിനു പുറമേയാണ് ജയിലിലെ മറ്റ് പീഡനങ്ങള്‍. ഭരണഘടനാപരമായ നീതിയെക്കുറിച്ചു സംസാരിച്ചതിനും രാജ്യത്തെ അനീതിയെ ചോദ്യം ചെയ്തതിനുമാണ് അവരെ തടങ്കലിലാക്കിയത്. കേരളത്തെ ഭീകരരുടെ താവളമാക്കി ചിത്രീകരിക്കുന്നതിനും മലയാളി പൊതുപ്രവര്‍ത്തകരെ തീവ്രവാദ മുദ്ര ചാര്‍ത്തുന്നതിനും ഗോദി മീഡിയകള്‍ ഇന്ന് മത്സരിക്കുകയാണ്'' സമിതി പുറത്തിറക്കിയ പൊതുപ്രസ്താവനയില്‍ പറയുന്നു.