മുംബൈ: മുംബൈയില്‍ മര്‍ദ്ദനത്തില്‍ പരിക്കേറ്റ് ചികില്‍സയിലായിരുന്ന കാസര്‍കോട് കുമ്പള സ്വദേശി മരിച്ചു. ആരിക്കാടി കുന്നില്‍ ഖിളരിയ മസ്ജിദിന് സമീപം താമസിക്കുന്ന നാട്ടക്കല്‍ അബ്ദുര്‍റഹ്മാന്റെ മകന്‍ മുഹമ്മദ് ഹനീഫ് (48) ആണ് മരിച്ചത്. മുംബൈ സ്വദേശി നൂറുല്‍ ഇസ്‌ലാം ഷെയ്ക്ക് എന്നയാളുടെ മുംബൈ ഡോംഗ്രിയിലുള്ള ഗസ്റ്റ് ഹൗസ് നടത്തിവരികയായിരുന്നു ഹനീഫ്. നേരത്തെ ഇയാളുടെ തന്നെ മറ്റൊരു ഗസ്റ്റ് ഹൗസില്‍ നിന്ന് ഹനീഫയെ ഒഴിവാക്കിയിരുന്നതായി പറയപ്പെടുന്നു. ഈ ഇടപാടില്‍ 40 ലക്ഷം രൂപ മുഹമ്മദ് ഹനീഫയ്ക്ക് നൂറുല്‍ ഇസ്‌ലാം നല്‍കാനുണ്ടായിരുന്നതായാണ് വിവരം.
പലതവണ ഈ തുക ആവശ്യപ്പെട്ടിട്ടും നല്‍കാത്തതിനെത്തുടര്‍ന്ന് മുഹമ്മദ് ഹനീഫ, ഷെയ്ക്കിനെതിരേ പോലിസില്‍ പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് പരാതി പിന്‍വലിക്കാനാവശ്യപ്പെട്ട് ഷെയ്ക്ക് ഭീഷണിപ്പെടുത്തിയിരുന്നതായി പറയപ്പെടുന്നു. വഴങ്ങാത്തതിനാല്‍ രണ്ടാഴ്ച മുമ്പ് ഇയാളുടെ നേതൃത്വത്തില്‍ മാരകായുധങ്ങളുമായെത്തിയ ഗുണ്ടാസംഘം മുഹമ്മദ് ഹനീഫയെ വധിക്കാന്‍ ശ്രമിച്ചിരുന്നു. മാരകമായി പരിക്കേറ്റ് രണ്ടാഴ്ച ചികില്‍സയിലായിരുന്ന ഇയാള്‍ ശനിയാഴ്ച റൂമിലെത്തിയ ശേഷമാണ് മരിച്ചത്.
വധശ്രമത്തിനുശേഷം നൂറുല്‍ ഇസ്‌ലാം ഷെയ്ക്കിനും ഗുണ്ടകള്‍ക്കുമെതിരേ പരാതി നല്‍കിയിട്ടും പോലിസ് കേസെടുക്കാത്തത് വിവാദമായിരുന്നു. പ്രതികള്‍ക്കൊപ്പം നിന്ന് എംആര്‍ഐ മാര്‍ഗ് പോലിസ് കേസ് ഒതുക്കിയെന്ന് മുംബൈയിലെ ഹനീഫയുടെ സുഹൃത്തുക്കള്‍ ആരോപിക്കുന്നു. മുംബൈയിലെ മലയാളി സംഘടനയായ കേരള മുസ്‌ലിം ജമാഅത്ത് നേതാക്കള്‍ കേസില്‍ ഇടപെട്ട് സഹായങ്ങള്‍ ചെയ്തിരുന്നു. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി ജെജെ ആശുപത്രിയിലെത്തിച്ചു.